ഒന്നാമതാകാന്‍ കേരള ബാങ്ക്

moonamvazhi

2020 ഫെബ്രുവരി ലക്കം

ഒരു സംസ്ഥാനം പ്രവര്‍ത്തന പരിധിയായുള്ള, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറും കേരള ബാങ്ക്. മൂന്നു ലക്ഷം വര്‍ഷം കൊണ്ട് മൂന്നു കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇത് നേടാനായാല്‍ നിക്ഷേപത്തിന്റെ കാര്യത്തിലും കേരള ബാങ്ക് എസ്.ബി.ഐ.യെ പിന്നിലാക്കും.

കേരളത്തിന്റെ സഹകരണ മേഖലയെ ഒന്നാകെ ചേര്‍ത്തുവെച്ച് കേരള ബാങ്കിന് പുതുരൂപം പിറന്നു. കേരള ബാങ്ക് ഒന്നാമതാണെന്ന ബോധം സഹകാരികള്‍ക്കും സഹകരണ മേഖലയെ നെഞ്ചോടു ചേര്‍ത്തുവെച്ച പൊതുസമൂഹത്തിനും സന്ദേശമായി നല്‍കുന്ന ലോഗോ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാന്‍ഡ് നെയ്മായി കേരള ബാങ്ക് എന്ന ചുരുക്കപ്പേര് ലയനശേഷം നടന്ന ആദ്യ പൊതുയോഗം അംഗീകരിച്ചു. പേരും അടയാളവും കിട്ടിയതോടെ കേരള ബാങ്കിന് ഇനി ഒന്നാമതെത്താനുള്ള പ്രവര്‍ത്തനക്കുതിപ്പാണ് വേണ്ടത്.

അടിത്തറ ശക്തം

കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് എന്ന പേരെടുക്കാനുള്ള ലക്ഷ്യമാണ് കേരള ബാങ്കിനുള്ളത്. അതിന്റെ ലോഗോയില്‍പ്പോലും ആ ലക്ഷ്യം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സംസ്ഥാനത്തെ വലിയ ബാങ്ക്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമാണ് എസ്.ബി.ഐ.ക്കുള്ളത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളാണ് കേരള ബാങ്കിന്റെ ഭാഗമായിട്ടുള്ളത്. എന്നാല്‍, മലപ്പുറത്തെക്കൂടി ഭാഗമാക്കിയാണ് സര്‍ക്കാര്‍ കേരള ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സമീപഭാവിയില്‍ മലപ്പുറം ജില്ലാബാങ്കും കേരള ബാങ്കിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍. ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. മലപ്പുറം ഉള്‍പ്പെടെ കണക്കാക്കിയാല്‍ കേരള ബാങ്കിന് ആദ്യഘട്ടത്തില്‍ 825 ശാഖകളാണുണ്ടാവുക. 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഈ കണക്കിലാണ് എസ്.ബി.ഐ.യെ കേരളത്തിലെ വലിയ ബാങ്കിങ് ശൃംഖല എന്ന് വിലയിരുത്തുന്നത്. എന്നാല്‍, എസ്.ബി.ഐ.ക്ക് ഇല്ലാത്ത ശക്തിയാണ് കേരളബാങ്കിനുള്ളത്. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയുടെ ശക്തമായ അടിത്തറ പ്രാഥമിക സഹകരണ ബാങ്കുകളാണ്. 1625 പ്രാഥമിക ബാങ്കുകളാണ് കേരളത്തിലുള്ളത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമിക സഹകരണ ബാങ്കിന്റെ ഒന്നോ അതിലധികമോ ശാഖകളുണ്ട്. ഈ ബാങ്കുകളാണ് കേരള ബാങ്കിലെ അംഗങ്ങള്‍. ഇതിനുപുറമെ, നഗരമേഖലകളിലെ അര്‍ബന്‍ സഹകരണ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാണ്. 60 അര്‍ബന്‍ ബാങ്കുകളാണ് കേരളത്തിലുള്ളത്.

കേരള ബാങ്കിന്റെ സേവനം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും തമ്മില്‍ ബന്ധിപ്പിക്കും. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാകെ നാലായിരത്തിലധികം ശാഖകളുണ്ട്. ഇവയുള്‍പ്പെടുന്ന ഒരു ബാങ്കിങ് ശൃംഖല കേരള ബാങ്കിനുണ്ടാക്കാനായാല്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ബാങ്കിങ് സംവിധാനം കേരളത്തിലുണ്ടാകും. ഒരു സംസ്ഥാനത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ ഇത്രയധികം ശാഖാശൃംഖലകളുള്ള മറ്റൊരു ബാങ്കും ഇന്ത്യയിലുണ്ടാവില്ല. അതോടെ, ഒരു സംസ്ഥാനത്തെ വലിയ ബാങ്ക് എന്ന നിലയില്‍ മാത്രമല്ല, ഒരു സംസ്ഥാനം പ്രവര്‍ത്തനപരിധിയായുള്ള , ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സഹകരണ ബാങ്കായി കേരള ബാങ്ക് മാറും.

മൂന്നു വര്‍ഷം, മൂന്നു ലക്ഷം കോടി

മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്. ഇത് നേടാനായാല്‍ നിക്ഷേപത്തിന്റെ കാര്യത്തിലും കേരള ബാങ്കിന് എസ്.ബി.ഐ.യെ പിന്നിലാക്കാനാവും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോഴേക്കും 5000 കോടി രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ഇതിനായി എല്ലാ ജില്ലകളിലെയും പ്രാഥമിക സഹകരണ ബാങ്കുകളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. കാര്‍ഷിക വായ്പ നല്‍കുന്നതിന്റെ തോത് കൂട്ടുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. കേരള ബാങ്ക് ഇതിനകം തന്നെ ജനങ്ങളുടെ മനസ്സില്‍ പ്രതീക്ഷ നല്‍കിക്കഴിഞ്ഞു. ഇനിയങ്ങോട്ട് വിശ്വാസ്യത വര്‍ധിപ്പിച്ച് ആ പ്രതീക്ഷയ്ക്കുതകുംവിധം പ്രവര്‍ത്തിക്കാനുമാവണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉപദേശം. ഇതുവരെ ജില്ലാ ബാങ്കുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും കേരള ബാങ്ക് ഉറപ്പാക്കുമെന്നാണ് സഹകരണ മന്ത്രി അറിയിച്ചത്. സേവനം കൊണ്ടുമാത്രമല്ല ഒന്നാമതാകേണ്ടത്. പെരുമാറ്റത്തില്‍, ആധുനിക സാങ്കേതിക മികവില്‍, സുതാര്യതയില്‍, കൃത്യതയില്‍, വിശ്വാസ്യതയില്‍, മനുഷ്യവിഭവശേഷിയില്‍, വളര്‍ച്ചയില്‍ എല്ലാം ഒന്നാമതെത്തണം. ഇതാണ് സഹകരണ മന്ത്രിയുടെ നിര്‍ദേശം.

കേരള ബാങ്കിന്റെ ആദ്യ പൊതുയോഗം ബൈലോ ഭേദഗതി ഏകകണ്ഠമായി അംഗീകരിച്ചു. മലപ്പുറത്തെ പ്രാഥമിക സഹകരണ ബാങ്കുകളെയും കേരള ബാങ്കിലെ അംഗമാക്കിയുള്ളതാണ് ബൈലോ. ബാങ്കിന്റെ ദര്‍ശനരേഖയ്ക്കും അടുത്ത മൂന്നു വര്‍ഷത്തെ ബിസിനസ് പ്ലാനിനും പൊതുയോഗം അംഗീകാരം നല്‍കി. 987 പ്രതിനിധികളാണ് ആദ്യ പൊതുയോഗത്തില്‍ പങ്കെടുത്തത്. യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചതിനാല്‍ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ പ്രതിനിധികള്‍ ഭൂരിഭാഗവും എത്തിയില്ല. ചിലര്‍ ബഹിഷ്‌കരണാഹ്വാനം തള്ളി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കേരള ബാങ്കിന്റെ ലോഗോ രൂപകല്‍പന ചെയ്ത സ്ഥാപനമായ ബി.ആര്‍. ആന്റ് ഐ. യ്ക്ക് വേണ്ടി ബെന്നിച്ചന്‍ മാനുവല്‍ മുഖ്യമന്ത്രിയില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ജോയ് എം.എല്‍.എ, ധനകാര്യ എക്്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗള്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി.കെ. ജയശ്രീ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. റാണി ജോര്‍ജ് എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

സഹകരണ ബദലാണ് കേരള ബാങ്ക്- മുഖ്യമന്ത്രി

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്. കേരളത്തിന്റെയാകെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരള ബാങ്ക് ശൃംഖല. കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരള ബാങ്കിന് അധികകാലം വേണ്ടിവരില്ല. കേരള ബാങ്കിന് സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാര്‍ഥ്യമാക്കുക എന്നത് അതിരു കവിഞ്ഞ സ്വപ്‌നമല്ല. കാര്‍ഷിക വായ്പ പടിപടിയായി ഉയര്‍ത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്. നാടിന്റെ സമ്പത്ത് നാട്ടില്‍ത്തന്നെ വിനിയോഗിക്കുന്നു എന്നത് സഹകരണ ബാങ്കിങ് മേഖലയുടെ പ്രത്യേകതയാണ്. പ്രാദേശിക വികസനത്തെ സഹായിക്കുന്ന സഹകരണ പ്രസ്ഥാനം കര്‍ഷകരുടെയും സാധാരണക്കാരുടെയും ആശ്രയമാണ്.

വിവിധ പ്രതിസന്ധികളില്‍ സഹകരണ മേഖല നടത്തിയ ഉദാത്ത ഇടപെടലുകള്‍ നാടാകെ അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ജനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. ദൗര്‍ബല്യങ്ങള്‍ ഉണ്ടായാല്‍ അത് കണ്ടെത്തി പരിഹരിച്ച് കൂടുതല്‍ മുന്നോട്ടുപോയതാണ് ചരിത്രം. കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിംഗ് സൗകര്യമൊരുക്കുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം. നാടിന്റെ നന്‍മയ്ക്കുതകുന്ന ഏതുതരം സമീപനവും സ്വീകരിക്കാനാവണം. കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ ക്രെഡിറ്റ് മേഖലയുടെ സഹകരണ സ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണച്ചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാല്‍ സഹകണ സ്വഭാവം കൂടുതല്‍ ശക്തമാകും. സംസ്ഥാന സഹകരണ ബാങ്കിനുള്‍പ്പെടെ നിലവില്‍ ആര്‍.ബി.ഐ. നിയന്ത്രണമുള്ളതിനാല്‍ കേരള ബാങ്കിനുള്ള ആര്‍.ബി.ഐ. നിയന്ത്രണത്തെ പ്രശ്‌നമായി കാണേണ്ടതില്ല. എന്തെങ്കിലും തരത്തിലുള്ള വഴിവിട്ട ഇടപെടല്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം എന്നു കേള്‍ക്കുമ്പോള്‍ പ്രശ്‌നമുണ്ടാകേണ്ടത്. അത് സാധാരണഗതിയില്‍ സഹകരണ മേഖലയിലുണ്ടാകേണ്ടതുമല്ല. വഴിവിട്ട ഒരു നീക്കത്തിനും ഇടവരില്ല എന്നതിനാല്‍ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് സഹായമാകും. കേരള ബാങ്കെന്ന ആശയം പുതുതായി തോന്നിയ ഒന്നല്ല. ദീര്‍ഘകാലമായി പല സഹകാരികളിലും ത്രിതല സംവിധാനം ദ്വിതലമായി മാറുന്നത് കൂടുതല്‍ കരുത്തുപകരുമെന്ന ആശയം ചര്‍ച്ചയായിരുന്നു. അതു ഗുണകരമാകുമെന്ന് മനസ്സിലാക്കിയാണ് കേരള ബാങ്കിലേക്ക് എത്തിയത്.

ഓരോ ഗ്രാമത്തിലും വിപുലമായ തോതില്‍ ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെടുത്തുന്നതില്‍ സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. ദേശീയപ്രസ്ഥാന കാലഘട്ടം മുതല്‍ സഹകരണ മേഖല ശക്തമായിരുന്നു. ജനസേവനത്തിന്റേതായ മാര്‍ഗം എന്ന നിലയില്‍ സഹകരണ മേഖല പ്രവര്‍ത്തിച്ചതാണ് ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാന്‍ സഹായകമായത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിടാനായതാണ് അതിജീവനത്തിന് കാരണം.

എതിര്‍ക്കുന്നവര്‍ക്ക് സങ്കുചിത രാഷ്ട്രീയം- കടകംപള്ളി

കേരള ബാങ്കിനെ എതിര്‍ക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യംവെച്ചാണ്. പ്രധാനമായും മലപ്പുറം ജില്ലാ ബാങ്കിന്റെ കാര്യത്തിലാണ് എതിര്‍പ്പുള്ളത്. കേരള ബാങ്ക് രൂപവത്കരണം വൈകിപ്പിക്കാനാണ് കേസ് നല്‍കുന്നത്. ലക്ഷങ്ങളുടെ പിരിവാണ് ഇതിനായി നടത്തുന്നത്. മലപ്പുറം ജില്ലാബാങ്കിലെ ജീവനക്കാരെല്ലാം കേരള ബാങ്കിന്റെ ഭാഗമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കണമെന്ന് കാണിച്ച് അംഗ സംഘങ്ങളായ 31 പ്രാഥമിക സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി 238 ജീവനക്കാരും കോടതിയില്‍ പോയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കിയത്.

കേരള ബാങ്കിന്റെ ബ്രാന്റ് മൂല്യം ഉയര്‍ത്താനും ജനങ്ങള്‍ക്കത് അനുഭവവേദ്യമാകാനും കഴിയണം. എല്ലാ കാര്യങ്ങളിലും നാം ഒന്നാം സ്ഥാനത്തെത്തണം. ജില്ലാ ബാങ്കുകളില്‍ നിന്ന് ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. പ്രവാസി നിക്ഷേപവും കൂടുതല്‍ ആകര്‍ഷിക്കാനാകണം. വായ്പ കൊടുക്കുമ്പോള്‍ പലിശ കുറച്ചുകൊടുക്കാനാകുമെന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

പൊതുയോഗം ക്രമവിരുദ്ധം-കരകുളം

സംസ്ഥാന സഹകരണ ബാങ്കിന്റെ പൊതുയോഗം നടത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള ആരോപിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്കുകളുടെയും യോഗമാണ് ചേര്‍ന്നത്. ഇവ നിലവില്‍ സംസ്ഥാന സഹകരണ ബാങ്കിലെ അംഗങ്ങളല്ല. ഇവരെ അംഗമാക്കാനുള്ള തീരുമാനമാണ് ആദ്യം സംസ്ഥാന സഹകരണ ബാങ്ക് എടുക്കേണ്ടത്. അങ്ങനെയൊരു തീരുമാനമെടുക്കാതെ പൊതുയോഗം വിളിച്ചുചേര്‍ത്തത് അനധികൃതവും സഹകരണ നിയമത്തെ അവഹേളിക്കുന്നതുമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!