വിദ്യാര്‍ഥികള്‍ക്കു രാപാര്‍ക്കാന്‍ സഹകരണ ഭവനങ്ങള്‍

moonamvazhi
വി.എന്‍. പ്രസന്നന്‍

 

വി.എന്‍. പ്രസന്നന്‍

ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ വലിയ പേടിസ്വപ്‌നമാണു
വിദേശ രാജ്യങ്ങളിലെ താമസച്ചെലവ്. എന്നാല്‍, സഹകരണ
മേഖലയ്ക്കു ഇതിനും പരിഹാരമുണ്ട്. അതാണു വിദ്യാര്‍ഥി
ഭവന സഹകരണ സംഘങ്ങള്‍. മിതമായ നിരക്കില്‍ ഇവിടെ
താമസിച്ച് പഠനം പൂര്‍ത്തിയാക്കാം. നമ്മുടെ നാട്ടിലും സഹകരണ
മേഖലയില്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ്.

 

വിദ്യാഭ്യാസച്ചെലവ് പഠനത്തെ പേടിസ്വപ്‌നമാക്കുന്ന കാലമാണ്. പ്രത്യേകിച്ചു സ്വകാര്യമേഖലയിലെ പഠനം. താമസച്ചെലവിനും ഇതില്‍ വലിയ പങ്കുണ്ട്. ഉപരിപഠനത്തിനും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും വീട്ടില്‍നിന്ന് അകലെയുള്ള സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. മെരിറ്റില്‍ മിതമായ ഫീസോടെ പ്രവേശനം നേടുന്നവരുടെപോലും കീശ ചോര്‍ത്തുന്നതാണു ഹോസ്റ്റല്‍ ഫീസ്. ഈ പ്രശ്‌നത്തിനു സഹകരണ പ്രസ്ഥാനത്തില്‍ പരിഹാരമുണ്ട്. നമ്മുടെ നാട്ടില്‍ ഈ പരിഹാരമാര്‍ഗം സ്വീകരിച്ചുതുടങ്ങിയിട്ടില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനു വേരോട്ടമുണ്ട്; അതും സ്വകാര്യ മേഖല അരങ്ങു വാഴുന്ന വന്‍രാജ്യങ്ങളില്‍. അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലുമൊക്കെ വിദ്യാര്‍ഥികളുടെ സഹകരണ പ്രസ്ഥാനങ്ങള്‍ പഠനകാലത്തെ താമസച്ചെലവു കുറയ്ക്കാന്‍ താമസ സൗകര്യമൊരുക്കുന്നു. അവയാണു വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവ. നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ വിദ്യാര്‍ഥി ഭവന സഹകരണ പ്രസ്ഥാനത്തിന്.

കൂട്ടായ സമ്പാദ്യം
കൂട്ടായ ജീവിതം

പേരു വ്യക്തമാക്കുംപോലെ വിദ്യാര്‍ഥികളായ അംഗങ്ങള്‍ക്കായുള്ള ഭവന സഹകരണ സംഘങ്ങളാണിവ. അതതു കാലത്തു താമസക്കാരായ വിദ്യാര്‍ഥികള്‍ സംഘത്തിന്റെ പാര്‍പ്പിട ഉടമകളായി ഭവനങ്ങള്‍ കൈവശംവച്ചു കൈകാര്യം ചെയ്യും. പഠിച്ചു വളരാന്‍ ചെലവു കുറഞ്ഞ താമസ സൗകര്യവും കൂട്ടായ്മയുടെ അന്തരീക്ഷവുമാണു ലക്ഷ്യം. ലാഭേച്ഛയില്ലാത്ത ഈ ജനാധിപത്യ സ്വയംഭരണക്കൂട്ടായ്മകളില്‍ വിദ്യാര്‍ഥികള്‍ സമ്പാദ്യം കൂട്ടായി ഉപയോഗിച്ചു കൂട്ടായി ജീവിക്കാന്‍ സ്വയം സൗകര്യമൊരുക്കുന്നു. പരസ്പര നേട്ടത്തിനായി കൂട്ടായി അധ്വാനിക്കുന്നു; വിഭവങ്ങള്‍ കൂട്ടായി ഉപയോഗിക്കുന്നു. ഇവയിലേറെയും റോച്ച്‌ഡേല്‍ മാതൃകയിലാണ്. ഇവയ്ക്കു രാജ്യാന്തര ഫെഡറേഷനുകള്‍ വരെയുണ്ട്. യു.എസ്സിലെയും കാനഡയിലെയും വിദ്യാര്‍ഥി സഹകരണ സംഘങ്ങള്‍ വടക്കേ അമേരിക്കന്‍ വിദ്യാര്‍ഥി സഹകരണ പ്രസ്ഥാനത്തില്‍ (North American Students of Co-operation – NASCO) അംഗങ്ങളാണ്. യു.കെ.യിലുള്ളവ ‘സ്റ്റുഡന്റ് കോ-ഓപ്പ് ഹോംസ്’ എന്ന സംഘടനയിലും. ഇവ രണ്ടും സഹകരണ ഭവനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സ്ഥാപനത്തിന്റെ ( Co-operative Housing International ) ഭാഗമാണ്. ഇതുമൂലം ആഗോള സ്ഥാപനങ്ങളുമായി സഹകരിക്കാനും വിവരങ്ങള്‍ വിനിമയം ചെയ്യാനും ബോധവത്കരണം നടത്താനും ഇവയ്ക്കു കഴിയുന്നു.

വിദ്യാര്‍ഥി സഹകരണ സംഘങ്ങളില്‍ അംഗങ്ങള്‍ വോട്ടു ചെയ്താണു ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതും വാടക, ഭാവി അംഗത്വം, പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും. ജീവിതച്ചെലവു കുറയ്ക്കാന്‍ സ്ഥാപനത്തിലെ പല ജോലിയും അംഗങ്ങള്‍തന്നെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചെയ്യും. പാചകവും വീട്ടുവേലകളുമൊക്കെ അങ്ങനെ നടക്കും. ഈ ജോലികള്‍ വീതിച്ചു നല്‍കും. ചില സംഘങ്ങള്‍ ജോലികള്‍ക്കു പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും അംഗം നിശ്ചിത പോയിന്റിനുള്ള ജോലി ചെയ്തിരിക്കണം. വരിസംഖ്യയുടെയോ വാടകയുടെയോ അടിസ്ഥാനത്തിലാണു വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങളില്‍ വീടിന്റെ കൈവശാവകാശം. ഓഹരി മൂലധനയിതര സഹകരണമാതൃകയാണിത്. ഓഹരി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയുമുണ്ട്.

നൂറ്റാണ്ടിന്റെ പഴക്കം

യു.എസ്സിലെ വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ക്കു 1915 വരെ പഴക്കമുണ്ട്. അക്കാലത്തു നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലും വെല്ലസ്ലി കോളേജിലുമൊക്കെ വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ തുടങ്ങി. താമസച്ചെലവു താങ്ങാന്‍ നിവൃത്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യമൊരുക്കാനാണിവ സ്ഥാപിച്ചത്. 1928 ല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഹാരിയറ്റ് റിച്ചാര്‍ഡ്‌സ് ഹൗസ് ഇതിനുദാഹരണമാണ്. യു.എസ്സിലെ ആദ്യത്തെ സഹകരണ ഡോര്‍മിറ്ററികളിലൊന്നാണിത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വനിതകളുടെ ആദ്യഡീന്‍ ആയിരുന്ന ലൂസി ജെങ്കിന്‍സ് ഫ്രാങ്ക്‌ളിനാണ് ഇതു സ്ഥാപിച്ചത്. 1920 കളുടെ ആദ്യം ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ക്ക് ഈ ആശയം ലഭിച്ചത്. അവരുടെ സുഹൃത്ത് ഹാരിയെറ്റ് എലിസ റിച്ചാര്‍ഡ് പ്രാരംഭ പ്രവര്‍ത്തനത്തിനു 100 ഡോളര്‍ നല്‍കി. അതും വിദ്യാര്‍ഥികളില്‍നിന്നു സമാഹരിച്ച തുകയും സര്‍വകലാശാലയെ ഏല്‍പ്പിച്ചു. സര്‍വകലാശാല 328 ബേ സ്‌റ്റേറ്റ് റോഡില്‍ ഹോളാന്റര്‍ മാന്‍ഷന്‍ എന്ന കെട്ടിടം വാങ്ങി. അങ്ങനെ ഹാരിയറ്റ് ഇ റിച്ചാര്‍ഡ്‌സ് സഹകരണഭവനം തുടങ്ങി. സര്‍വകലാശാല അതിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചു. 1940 ല്‍ ഭവനം 191 ബേ സ്‌റ്റേറ്റ് റോഡിലെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. വിദ്യാര്‍ഥിനികള്‍ക്കുവേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇപ്പോഴും വിദ്യാര്‍ഥിനികള്‍ക്കാണു പ്രവേശനം. 1897 ല്‍ കെട്ടിട നിര്‍മാണ സ്ഥാപനമായ ലിറ്റില്‍ ആന്റ് ബ്രൗണ്‍ നിര്‍മിച്ച ഈ പൈതൃക മന്ദിരത്തില്‍ ഇപ്പോള്‍ 24 വിദ്യാര്‍ഥിനികള്‍ പാര്‍ക്കുന്നു. സാമ്പത്തികബുദ്ധിമുട്ടുള്ളവരാണ് ഇവരെല്ലാം. പാചകവും ശുചീകരണവുമൊക്കെ ഇവര്‍ തന്നെ. ഇവിടം വിട്ടാലും ഇവര്‍ സഹകരണ ജീവിതശൈലി വിടുന്നില്ല. 2006ല്‍ കത്രീന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ ഇവിടത്തെ മുന്‍അന്തേവാസി എമിലി ടോര്‍ഗ്രിംസണും കൂട്ടുകാരികളും ഇവിടെ സമൂഹ ഭക്ഷണ സംവിധാനമൊരുക്കി ദുരിതാശ്വാസനിധി സ്വരൂപിച്ചു. ഇതു സിയാറ്റിലും മിനിയാപോളിസിലും ശാഖകളുള്ള ‘സമത്വത്തിനായി ഭക്ഷണം’ ( Eat for Equity) എന്ന ലാഭരഹിതസംഘടനയായി വളര്‍ന്നു.

ലോകസാമ്പത്തികമാന്ദ്യകാലത്തു തുടങ്ങിയ ഇത്തരം മറ്റൊരു സംരംഭമാണ് ബെര്‍ക്ക്‌ലി വിദ്യാര്‍ഥി സഹകരണ സംഘം. ബെര്‍ക്ക്‌ലി സര്‍വകലാശാലാ കോളേജിലെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണു സ്ഥാപിച്ചതെങ്കിലും സെക്കണ്ടറി വിദ്യാഭ്യാസാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന ഏതു പൂര്‍ണസമയ വിദ്യാര്‍ഥിക്കും ഇവിടെ ചേരാം. 1933 ല്‍ ബെര്‍ക്ക്‌ലി വൈ.എം.സി.എ. ഡയരക്ടര്‍ ഹാരി ലീസ് കിംഗ്മാനാണ് ഇതു തുടങ്ങാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. ബേസ്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം മതപ്രചാരകനുമായിരുന്നു. വംശ, വര്‍ണ, ദേശീയതാ വ്യത്യാസങ്ങളില്ലാതെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ വാടകയ്ക്കു താമസസൗകര്യം എന്നതായിരുന്നു ഇതു തുടങ്ങുമ്പോഴുള്ള ലക്ഷ്യം. പത്തു വിദ്യാര്‍ഥികളോടെയായിരുന്നു തുടക്കം. അന്നു സര്‍വകലാശാലാ വിദ്യാര്‍ഥി സഹകരണ അസോസിയേഷന്‍ എന്നായിരുന്നു പേര്. പിന്നെ കാലിഫോര്‍ണിയ വിദ്യാര്‍ഥി സഹകരണ അസോസിയേഷനായി. 2007 ലാണു ബെര്‍ക്ക്‌ലി വിദ്യാര്‍ഥി സഹകരണ സംഘം എന്ന പേരു സ്വീകരിച്ചത്. വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. 17 വീടുകളിലും മൂന്ന് അപ്പാര്‍ട്ട്‌മെന്റുകളിലുമായി 1300 ല്‍പരം വിദ്യാര്‍ഥികള്‍ താമസിക്കുന്നു. ഓരോ അന്തേവാസിയും ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍ ഇവിടത്തെ ജോലികള്‍ ചെയ്യണം. ഇതിനു ഷിഫ്റ്റുണ്ട്. സഹകരണ സംഘാംഗങ്ങളായ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന ഡയരക്ടര്‍ ബോര്‍ഡാണു ഭരണം. ഇരുപതോളം സ്ഥിരം ജീവനക്കാര്‍ സംഘത്തിനുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും സ്ഥലം മാറിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിനു മുന്‍ഗണന നല്‍കുന്നു.

സോഷ്യലിസ്റ്റ് ഭവനം

1931 ല്‍ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ ഫ്‌ളോറിഡ ഗെയിന്‍സ് വില്ലെയില്‍ സഹകരണ താമസ സ്ഥാപനം ആരംഭിച്ചു. ഫ്‌ളോറിഡ സര്‍വകലാശാലയിലെയും സാന്റ ഫെ കോളേജിലെയും 80 വിദ്യാര്‍ഥികളാണ് ഇവിടെ താമസിക്കുന്നത്. 1932 ല്‍ മിഷിഗണ്‍ സര്‍വകലാശാലയോടു ചേര്‍ന്ന് ആന്‍ആര്‍ബറില്‍ മിഷിഗണ്‍ സോഷ്യലിസ്റ്റ് ഭവനം തുടങ്ങി. സര്‍വകലാശാലയിലെ സോഷ്യലിസ്റ്റ് ക്ലബ്ബ് കെട്ടിപ്പടുത്തതാണിത്. ഓരോ ആഴ്ചയും അംഗങ്ങള്‍ രണ്ടു ഡോളര്‍ വീതം സംഭാവന നല്‍കുകയും നാലോ അഞ്ചോ മണിക്കൂര്‍ വീതം സ്ഥാപനത്തിനായി ജോലി ചെയ്യുകയും ചെയ്തു. 18 അംഗങ്ങളായിരുന്നു തുടക്കത്തില്‍. ഇതിന്റെ വിജയം സോഷ്യലിസ്റ്റ് ക്ലബ്ബിനെ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചു. അവയില്‍ ഏറ്റവും പ്രധാനം മിഷിഗണ്‍ കോ-ഓപ്പറേറ്റീവ് ബോര്‍ഡിങ് ഹൗസാണ്. പേര് കുറെക്കഴിഞ്ഞ് മിഷിഗണ്‍ വോള്‍വെറൈന്‍ ഈറ്റിങ് കോ-ഓപ്പ് എന്നു മാറ്റി. പിന്നീട് മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ഭവന സഹകരണ സംഘം രൂപവത്കരിക്കപ്പെട്ടു. 1971 ല്‍ ഇതു സ്പാര്‍ട്ടന്‍ ഭവന സഹകരണ സംഘമായി വികസിപ്പിച്ചു. ഇതൊരു ശൃംഖലയാണ്. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, തദ്ദേശവാസികളായ അംഗങ്ങള്‍ക്കും ഇവിടെ താമസിക്കാം. 17 വീടുകളിലായി 250 അംഗങ്ങള്‍ താമസിക്കുന്നു. സര്‍വകലാശാലയില്‍നിന്നു സ്വതന്ത്രമായാണ് ഇതിന്റെ പ്രവര്‍ത്തനം.

1937 ല്‍ മിഷിഗണ്‍ സോഷ്യലിസ്റ്റ് ഹൗസ്, മിഷിഗണ്‍ വോള്‍വെറൈന്‍ ഈറ്റിങ് കോ-ഓപ്പ്, റോച്ച്‌ഡേല്‍ കോ-ഓപ്പറേറ്റീവ് ഹൗസ്, വിദ്യാര്‍ഥിനികള്‍ക്കായുള്ള പേരിട്ടിട്ടില്ലാതിരുന്ന ഒരു സഹകരണഭവനം എന്നിവ ചേര്‍ന്നു കാമ്പസ് സഹകരണ കൗണ്‍സില്‍ രൂപവത്കരിച്ചു. പിന്നീട് ഇതിന്റെ പേര് അന്തര്‍ സഹകരണ കൗണ്‍സില്‍ ( Inter Co-operative Council – ICC) എന്നു മാറ്റി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.സി.സി.യില്‍ 12 വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങളുണ്ടായിരുന്നു. 1978 ല്‍ ഇവര്‍ നോര്‍ത്ത് കാമ്പസ് കോ-ഓപ്‌സ് നിര്‍മിച്ചു. നിലവില്‍ ഐ.സി.സി.ക്കു 19 സഹകരണ ഭവനങ്ങളുണ്ട്. മിഷിഗണ്‍ സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആന്റ് ലോസ്ആഞ്ചലസിലെയും വിദ്യാര്‍ഥികള്‍ക്കു സംയുക്തമായുള്ള സര്‍വകലാശാലാ ഭവന സഹകരണ അസോസിയേഷന്‍ നാനൂറില്‍പരം വിദ്യാര്‍ഥികള്‍ക്കു താമസസൗകര്യമൊരുക്കുന്നു. ഇതുപോലെ സസ്യാഹാരികളുടെയും പരിസ്ഥിതിവാദികളുടെയും അവഗണന നേരിടുന്ന വംശീയ വിഭാഗങ്ങളുടെയുമൊക്കെ വിദ്യാര്‍ഥി സഹകരണ ഭവനസ്ഥാപനങ്ങളുണ്ട്.

മിക്ക വിദ്യാര്‍ഥി സഹകരണ സംഘങ്ങളും പച്ചപിടിച്ചു. തകര്‍ന്നവയുമുണ്ട്. കടംകയറി പാപ്പരായപ്പോള്‍ ഇവ കൂട്ടായ്മകള്‍ രൂപവത്കരിച്ചു. റിവര്‍ടണ്‍ സമൂഹ ഭവനരീതി (Riverton Community Housing) അത്തരമൊന്നാണ്. മിനസോട്ട സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റലൊരുക്കാനാണു ഇതു തുടങ്ങിയത്. പിന്നീടിതു സമൂഹാധിഷ്ഠിതവും ജനാധിപത്യപരവുമായ കൂട്ടായ്മയായി മാറി. ആറു കെട്ടിടങ്ങളിലായി 480 ഭവനയൂണിറ്റുകള്‍ ഇതിനുണ്ട്. വിവിധ വിദ്യാര്‍ഥി സഹകരണ സംഘങ്ങള്‍ ചേര്‍ന്നതാണ് ഈ സമൂഹം. വിദ്യാര്‍ഥി സഹകരണ സംഘങ്ങളെ കോര്‍ത്തിണക്കാനും വിദ്യാഭ്യാസം നല്‍കി മെച്ചപ്പെടുത്താനും 1968 ല്‍ വടക്കേ അമേരിക്കന്‍ വിദ്യാര്‍ഥി സഹകരണ പ്രസ്ഥാനം ( NASCO ) എന്ന ഫെഡറേഷന്‍ സ്ഥാപിച്ചു. 2014 ലെ കണക്കുപ്രകാരം നാസ്‌കോയില്‍ എണ്ണായിരത്തില്‍പരം അംഗങ്ങളുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കലാകാരന്‍മാരുടെയും വിദ്യാര്‍ഥികളുടെയും സമൂഹജീവിതം ഇഷ്ടപ്പെടുന്നവരുടെയും സഹകരണ സംഘങ്ങളുണ്ട്. പലതും ‘നാസ്‌കോ’യില്‍ അംഗങ്ങളുമാണ്. നാസ്‌കോ എട്ടു ഭവന സഹകരണസ്ഥാപനങ്ങളും നടത്തുന്നു. മിച്ചം വരുന്ന തുക സഹകരണ വിദ്യാഭ്യാസത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണു ചെലവഴിക്കുന്നത്.

ബ്ലൂമിങ്ടണ്‍ കോ-ഓപ്പറേറ്റീവ് ലിവിങ് , ബ്രൗണ്‍ അസോസിയേഷന്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് , കോളേജ് ഹൗസസ് ( വിവിധ സ്ഥലങ്ങളില്‍ ), ഇന്റര്‍ കോ-ഓപ്പറേറ്റീവ് കൗണ്‍സില്‍ ( ടെക്‌സസ് സര്‍വകലാശാല ), ഡഡ്‌ലി കോ-ഓപ്പ് ( ഹാര്‍വാര്‍ഡ് സര്‍വകലാശാല ), ഗെന്നെസീ വാലി കോ-ഓപ്പറേറ്റീവ് ( ന്യൂയോര്‍ക്ക് ), കലമാസൂ കളക്ടീവ് ഹൗസിങ് ( കലമാസൂ, മിഷിഗണ്‍ ), ദി യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സാസ് സ്റ്റുഡന്റ് ഹൗസിങ് അസോസിയേഷന്‍ (ലോറന്‍സ്, കാന്‍സാസ്), കോ-ഓപ്പറേറ്റീവ് ഹൗസിങ് ( കോളേജ് പാര്‍ക്ക്, മേരിലാന്റ്് ) യൂണിവേഴ്‌സിറ്റി ഓഫ് മിനെസോട്ട സ്റ്റുഡന്റ്‌സ് കോ-ഓപ് ( മിനിയാപോളിസ്, മിനെസോട്ട ), മിനെസോട്ട സ്റ്റുഡന്റ്‌സ് കോ-ഓപ്പറേറ്റീവ് ( സെന്റ് പോള്‍, എംഎന്‍ ), സ്റ്റുഡന്റസ്് കോ-ഓപ്പ് ( മിനെസോട്ട സര്‍വകലാശാല ), ദി ഒബെര്‍ളിന്‍ സ്റ്റുഡന്റ് കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ ( ഒബെര്‍ളിന്‍ കോളേജ് ), പെന്‍ ഹാവെന്‍ ഹൗസിങ് കോ-ഓപ്പറേറ്റീവ് ( പെന്‍സില്‍വാനിയ സര്‍വകലാശാല ), കോ-ഓപ്പറേറ്റീവ് ഹൗസിങ് ( പര്‍ഡ്യൂ സര്‍വകലാശാല ), ക്യുംബ്യ ( ഷിക്കാഗോ ), സാന്താ ബാര്‍ബറ സ്റ്റുഡന്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് ( സാന്താബാര്‍ബറ, കാലിഫോര്‍ണിയ), സാന്താക്രൂസ് സ്റ്റുഡന്റ് ഹൗസിങ് കോ-ഓപ്‌സ് ( സാന്താക്രൂസ്, കാലിഫോര്‍ണിയ ), കോ-ഓപ്പറേറ്റീവ് ഹൗസസ് ( സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല), സ്റ്റീവാര്‍ട്ട് ലിറ്റില്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് ( ഇത്താക്ക, ന്യൂയോര്‍ക്ക് ), ദി ട്രികോ-ഓപ്‌സ്, ബാഗിന്‍സ് എന്‍ഡ്/ഡോംസ് ( ഡാവിസ്, കാലിഫോര്‍ണിയ ), ടു ഡിക്കിന്‍സണ്‍ സ്ട്രീറ്റ് കോ-ഓപ്പ് ( പ്രിന്‍സ്റ്റണ്‍, ന്യൂജേഴ്‌സി ), കമൂണിറ്റി ഓഫ് ഉര്‍ബാന ഷാംപെയ്ന്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് ( ഉര്‍ബാന,ഇല്ലിനോയി ), സ്റ്റുഡന്റ്‌സ് കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ ( യൂജിന്‍, ഓറിഗോണ്‍ ) തുടങ്ങിയവയും അമേരിക്കയിലെ വിദ്യാര്‍ഥി ഭവന സഹകരണ സ്ഥാപനങ്ങളാണ്.

കാനഡയില്‍

കാനഡയിലെ വിദ്യാര്‍ഥി സഹകരണ പ്രസ്ഥാനത്തെപ്പറ്റി ‘മൂന്നാംവഴി’ 2021 ആഗസ്ത് ലക്കത്തിലെ ‘അന്യരാജ്യങ്ങളെയും സഹായിച്ചു മുന്നേറുന്ന സഹകരണ പ്രസ്ഥാനം’ എന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അത് ഇപ്രകാരമാണ്: ”ടൊറന്റോ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇതിനു മുന്‍കൈയെടുത്തത്. ക്വീന്‍സ്, വാട്ടര്‍ലൂ, ഒട്ടാവ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. കോളേജുകളുടെയും സര്‍വകലാശാലകളുടെയും സമീപത്തായിരിക്കും ഇത്തരം വിദ്യാര്‍ഥി സഹകരണ സംഘങ്ങള്‍. ഇവയിലേറെയും കാനഡയിലെ സഹകരണ ഭവന ഫെഡറേഷനില്‍ അംഗങ്ങളാണ്.”

കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാര്‍ഥി ഭവന സഹകരണ സംഘം ഒണ്ടാറിയോയിലെ വാട്ടര്‍ലൂവിലുള്ള വാട്ടര്‍ലൂ കോ-ഓപ്പറേറ്റീവ് റെസിഡന്റ്‌സ് ഇന്‍ക് ആണ്. 800 വിദ്യാര്‍ഥികള്‍ ഇവിടെ താമസിക്കുന്നു. ഈസ്റ്റ്‌കോസ്റ്റില്‍ ന്യൂബ്രണ്‍സ്‌വിക്ക് റെസിഡന്റ്‌സ് കോ-ഓപ്പറേറ്റീവ് ഉണ്ട്. മധ്യകാനഡയിലെ ക്യുബെക്കിലെ മോണ്‍ട്രിയലില്‍ വിദ്യാര്‍ഥി സമൂഹ ജീവന പരിസ്ഥിതി ( Educational Community Living Environment – ECOLE), കോ – ഓപ്പറേറ്റീവ് ഡിഹാബിറ്റേഷന്‍ എറ്റിയൂഡിയന്റ് ട്രയാംഗിള്‍ റോസ് , ഒണ്ടാറിയോയിലെ ടൊറന്റോയില്‍ കാമ്പസ് കോ-ഓപ്പറേറ്റീവ് റെസിഡന്റ്‌സ് ഇന്‍ക്, ഗുയെല്‍ഫില്‍ ഗുയെല്‍ഫ് കാമ്പസ് കോ-ഓപ്പറേറ്റീവ് , കിങ്സ്റ്റണില്‍ സയന്‍സ് 44 എന്നീ വിദ്യാര്‍ഥി സഹകരണ ഭവന സ്ഥാപനങ്ങളുണ്ട്. വെസ്റ്റ്‌കോസ്റ്റിലാവട്ടെ മാനിട്ടോബയിലെ വിന്നിപ്പെഗില്‍ കോളേജ് ഹൗസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്, കോമണ്‍ഗ്രൗണ്ട് കോ-ഓപ്പറേറ്റീവ്, ആല്‍ബര്‍ട്ടയിലെ എഡ്‌മോണ്ടണില്‍ അസിനിബോയ കമ്യൂണിറ്റി ഹൗസിങ് കോ-ഓപ്പറേറ്റീവ് , ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂവെസ്റ്റ് മിനിസ്റ്ററില്‍ കാമ്പസ് കോ-ഓപ്പറേറ്റീവ് റെസിഡന്‍സ് അസോസിയേഷന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടനില്‍

എഡിന്‍ബറോ വിദ്യാര്‍ഥി ഭവന സഹകരണ സംഘം, ബെര്‍മിങ്ഹാം വിദ്യാര്‍ഥി ഭവന സഹകരണ സംഘം, ഷെഫീല്‍ഡ് വിദ്യാര്‍ഥി ഭവന സഹകരണ സംഘം എന്നിവയാണു ഇംഗ്ലണ്ടിലെ പ്രധാന വിദ്യാര്‍ഥി ഭവന സഹകരണ സ്ഥാപനങ്ങള്‍. 2014 ലാണ് എഡിന്‍ബറോയിലെ വിദ്യാര്‍ഥി ഭവന സഹകരണ സംഘം സ്ഥാപിച്ചത്. വീടുകളില്‍ ശുചീകരണവും പാചകവും അറ്റുകുറ്റപ്പണികളുമൊക്കെ വിദ്യാര്‍ഥികള്‍ തന്നെയാണു ചെയ്യുന്നത്. ഓരോ അംഗവും ആഴ്ചയില്‍ മൂന്നൂ മുതല്‍ ആറു വരെ മണിക്കൂര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. രണ്ടിടത്തായി 24 ഫ്‌ളാറ്റുകള്‍ ഇവര്‍ക്കുണ്ട്. നൂറില്‍പരം അംഗങ്ങളും. 170 പൗണ്ട് ആണ് ഒരംഗം നല്‍കേണ്ട മാസവാടക. ബെര്‍മിങ്ഹാമിലെ ഭവന സഹകരണ സംഘവും 2014 ലാണു സ്ഥാപിച്ചത്. കൂടുതല്‍ മുറികള്‍ ഏര്‍പ്പെടുത്താനും പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനുമാണു ലാഭം ഉപയോഗിക്കുന്നത്. 33 പൗണ്ടാണ് ഒരംഗത്തിന്റെ മാസവാടക.

ബ്രിട്ടനിലെ വിദ്യാര്‍ഥി സഹകരണ സംഘങ്ങളുടെ ഫെഡറേഷനായ ‘സഹകരണത്തിനായി വിദ്യാര്‍ഥികള്‍’ (Students for Co-operation) വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങളെപ്പറ്റി നടത്തിയ പഠനത്തില്‍ മേല്‍പറഞ്ഞ മൂന്നു സംഘങ്ങളും വന്‍വിജയമാണെന്നു വ്യക്തമായി. ഇവിടങ്ങളില്‍ സ്വകാര്യപാര്‍പ്പിട കേന്ദ്രങ്ങളെക്കാളും സര്‍വകലാശാലകള്‍ ഒരുക്കുന്ന താമസ സൗകര്യങ്ങളെക്കാളും ചെലവു കുറവാണെന്നും കണ്ടെത്തി. 1200 ല്‍പരം വിദ്യാര്‍ഥികള്‍ മൂന്നിലുമായുണ്ട്. സീസാള്‍ട്ട് ഭവന സഹകരണ സംഘം തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ആദ്യ വിദ്യാര്‍ഥി സഹകരണ സംഘമാണ്. സസക്‌സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇതു സ്ഥാപിച്ചത്. വീടു വാടകയ്ക്കു കിട്ടാന്‍ ഇവിടെ വിദ്യാര്‍ഥികള്‍ ഡെപ്പോസിറ്റ് കെട്ടിവെക്കേണ്ട. ആരെങ്കിലും ഗാരണ്ടിയും നില്‍ക്കേണ്ടതില്ല. ബിരുദം നേടിയശേഷവും ഈ വീടുകളില്‍ വിദ്യാര്‍ഥികള്‍ക്കു ഒരു വര്‍ഷംകൂടി താമസിക്കാം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റണ്‍ ആന്റ് ഹോവ് കമ്മൂണിറ്റി ലാന്റ് ട്രസ്റ്റാണ് ഈ സംഘത്തിനു ഗ്രാന്റും പരിശീലനവും നല്‍കിയത്.

ഭൂവുടമകള്‍ വേണ്ടേ വേണ്ട

‘സ്റ്റുഡന്റ് കോ-ഓപ്പ് ഹോംസ്’ വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങളും അവയെ പിന്താങ്ങുന്ന നിക്ഷേപകരും നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമാണ്. 2019 ലാണ് ഇതു സ്ഥാപിച്ചത്. ‘ഭൂവുടമകള്‍ വേണ്ടേവേണ്ട’ എന്നതാണു മുദ്രാവാക്യം. വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും സഹായിക്കുക എന്നതാണു ലക്ഷ്യം. അംഗസ്ഥാപനങ്ങളെ സ്വത്തുക്കള്‍ വാങ്ങാനും ഭവനങ്ങള്‍ ലഭ്യമാക്കാനും ഇവര്‍ സഹായിക്കുന്നു. പുതിയ വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ക്കു പരിശീലനവും ഉപദേശനിര്‍ദേശങ്ങളും നല്‍കുകയും ചെയ്യും.

2019 ല്‍ ബ്രിട്ടനില്‍ നടത്തിയ ദേശീയ വിദ്യാര്‍ഥി താമസസൗകര്യ സര്‍വേയില്‍ വെളിപ്പെട്ടത് 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും പാര്‍പ്പിട പ്രശ്‌നങ്ങളുണ്ടെന്നാണ്. 50 ശതമാനം വിദ്യാര്‍ഥികളും വാടക കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. 65 ശതമാനം പേര്‍ക്കും താമസച്ചെലവു വഹിക്കാന്‍ വായ്പയെടുക്കേണ്ടിവരുന്നു. താമസച്ചെലവു മാനസികാരോഗ്യത്തെപ്പോലും ബാധിക്കുന്നുവെന്നു 63 ശതമാനം പേര്‍ പറഞ്ഞു. വാടകനിരക്കിനു പരിധി നിശ്ചയിക്കണമെന്നു 83 ശതമാനം പേരും ആവശ്യപ്പെട്ടു.

കടുത്ത മത്സരമാണു പാര്‍പ്പിട വിപണിയില്‍. ലഭ്യമാകുന്ന വീടുകള്‍ വേഗംതന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തമാക്കി ഒറ്റപ്പെട്ട വിദ്യാര്‍ഥി ഭവനസഹകരണ സംഘങ്ങളെ പിന്തള്ളും. ഇതിനു തടയിടാനാണു ‘സ്റ്റുഡന്റ് കോ-ഓപ്പ് ഹോംസ്’ രംഗത്തു വന്നത്. നിക്ഷേപങ്ങളുടെയും അംഗങ്ങളുടെ വാടകവരുമാനത്തിന്റെയും മിശ്രണത്തിലൂടെ സാമ്പത്തികശക്തിയാര്‍ജിച്ചു സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ വിദ്യാര്‍ഥി സഹകരണസംഘങ്ങളെ ‘സ്റ്റുഡന്റ് കോ-ഒാപ്പ് ഹോംസ്’ പ്രാപ്തമാക്കുന്നു. ബെര്‍മിങ്ഹാം, എഡിന്‍ബറോ, ഷെഫീല്‍ഡ്, ഗ്ലാസ്‌ഗോ, നോട്ടിങ്ഹാം, സീസാള്‍ട്ട്, ലീഡ്‌സ് വിദ്യാര്‍ഥി സഹകരണ സംഘങ്ങള്‍ ‘സ്റ്റുഡന്റ് കോ-ഓപ്പ് ഹോംസി’ല്‍ അംഗങ്ങളാണ്. 160 ല്‍പരം പേര്‍ ഓഹരി നിക്ഷേപങ്ങളുമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. കോ-ഓപ്പറേറ്റീവ്‌സ് യുകെ, ദി മിഡ് കൗണ്ടീസ് കോ-ഓപ്പറേറ്റീവ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് കോ-ഒാപ്പറേറ്റീവ്, റീച്ച് ഫണ്ട്, സ്റ്റുഡന്റ്‌സ് ഫോര്‍ കോ-ഓപ്പറേഷന്‍ എന്നിവയുടെ സഹകരണവും ഇതിനുണ്ട്.

ആസ്‌ത്രേലിയയില്‍

1980 കള്‍ക്കുശേഷം ആസ്‌ത്രേലിയയില്‍ വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കപ്പെട്ടു. 1982 ല്‍ ന്യൂടൗണില്‍ സ്ഥാപിച്ച സ്റ്റക്കോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്, 2010ല്‍ സ്ഥാപിച്ച കാന്‍ബറ വിദ്യാര്‍ഥി സഹകരണ സംഘം, 2014 ല്‍ മെല്‍ബണില്‍ സ്ഥാപിച്ച ബെയര്‍പോര്‍ട്ട് എന്നിവയാണവ.

വിദ്യാര്‍ഥി ഭവന സഹകരണ സംഘങ്ങള്‍ക്കു കൂടുതല്‍ പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ മറ്റുതരം സംരംഭങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം വേണമെന്നാണു ‘നാസ്‌കോ’യുടെ വിലയിരുത്തല്‍. ഇതിനായി കൂടുതല്‍ വിദ്യാര്‍ഥി ഭവന കേന്ദ്രങ്ങള്‍ വാങ്ങാനും നിര്‍മിക്കാനും സര്‍വകലാശാലകളെയും സര്‍ക്കാരുകളെയും സാമൂഹിക സംഘടനകളെയും പ്രേരിപ്പിച്ചുവരികയാണു ‘നാസ്‌കോ’.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!