സഹകരണമേഖലയിലെ പ്രശ്നങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ യു.ഡി.എഫ് സഹകാരികളുടെ യോഗത്തിൽ തീരുമാനം.

adminmoonam

ആർബിഐയുടെ നിയന്ത്രണം വരുംകാലങ്ങളിൽ സഹകരണമേഖലയിലാകമാനം ഉണ്ടാകുമെന്ന് യുഡിഎഫ് സഹകാരികളുടെ യോഗം വിലയിരുത്തി. ഇതിനെതിരെ സഹകാരികൾ കരുതിയിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സഹകരണമേഖലയുടെ വിനാശ കാലത്തിലേക്കാണ് എൽഡിഎഫ് സർക്കാർ എത്തിച്ചിരിക്കുന്നത്. ഇൻകം ടാക്സ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചോട്ടമാണ് നടത്തുന്നത്. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനോ സുപ്രീം കോടതിയിൽ ആവശ്യമായ നിയമപോരാട്ടത്തിനോ സർക്കാർ തയ്യാറാകുന്നില്ല. സഹകരണ മേഖലയിലെ സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ പാലക്കാട്, മലപ്പുറം ജില്ലകളിൽ നടന്ന യോഗങ്ങൾ തീരുമാനിച്ചു.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിലനിൽക്കാനും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഉണ്ടാക്കാൻ വേണ്ടിയും ശക്തമായ നിയമ പോരാട്ടം തുടരാൻ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ അജയ് മോഹൻ, യുഡിഎഫ് കൺവീനറും മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ അഡ്വക്കറ്റ് യു.എ. ലത്തീഫ്, അബൂബക്കർ ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സഹകരണ മേഖലയിലെ ഇന്നത്തെ ഗൗരവകരമായ പ്രശ്നങ്ങൾ സഹകാരികളെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മാസത്തിനകം വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സഹകാരികൾക്കായി സെമിനാർ സംഘടിപ്പിക്കാൻ സഹകാരികളുടെ പാലക്കാട് യോഗം തീരുമാനിച്ചു. സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ കോൺഗ്രസ് നേതാവ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിദ്ദിഖ്, കോൺഗ്രസ് നേതാവ് കെ.എ ചന്ദ്രൻ, തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.