മലപ്പുറത്തിന്റെ ലയനം ബില്ല് പാസായി; സമഗ്ര സഹകരണ നിയമഭേദഗതി അടുത്ത സമ്മേളനത്തില്‍

[email protected]

സംസ്ഥാന സഹകരണ നിയമത്തിൽ സമഗ്ര ഭേദഗതി നിർദ്ദേശിക്കുന്ന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഒക്ടോബറിലാണ് ഇനി സഭ സമ്മേളനത്തിന് സാധ്യതയുള്ളത്. മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി ഒരുവർഷം കൂടി നീട്ടുന്ന ഭേദഗതി ബിൽ തിങ്കളാഴ്ച നിയമസഭ പാസാക്കി. ഇതിന്റെ ചർച്ചയിൽ മറുപടി പറയുന്നതിനിടെയാണ് സമഗ്ര നിയമഭേദഗതി ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.

ഈ സഭാ സമ്മേളനത്തിൽ സമയം ലഭിക്കുകയാണെങ്കിൽ ബിൽ അവതരിപ്പിക്കാൻ പാകത്തിൽ കരട് ബില്ലിന് സഹകരണ വകുപ്പ് രൂപം നൽകിയിരുന്നു. 15 ഭാഗങ്ങളിലായി 57 വകുപ്പുകളിൽ ഭേദഗതി വരുത്തുന്നു. 1969-ലെ സഹകരണ നിയമത്തിൽ നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടുതവണ സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ക്ഷീരസംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർമാർക്ക് വോട്ടവകാശം മാറ്റം നൽകുന്നതും, മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതും വ്യവസ്ഥകളിൽ വരുത്തുന്നതുമാണ്.

പക്ഷേ, വരാനിരിക്കുന്ന ഭേദഗതിയോളം സമഗ്രമായ ഒരു അഴിച്ചുപണി സഹകരണ നിയമത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സംഘങ്ങളിലെ ഭരണനിയന്ത്രണം, ഓഡിറ്റ്, ഇസ്‌പെക്ഷൻ, ക്രമക്കേടുകൾ തടയുന്നതിനുള്ള വ്യവസ്ഥകൾ, നിയമനം എന്നിവയിലാണ് പ്രധാനമായും മാറ്റം വരുന്നത്. സർക്കാരിന് സഹകരണ സംഘങ്ങളിൽ ഇടപെടാനുള്ള അധികാരം വിപുലപ്പെടുത്തുന്നുണ്ട്.

സഹകരണ സ്ഥാപനങ്ങളിലെ ജനാധിപത്യം നിഷേധിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. മലപ്പുറം ജില്ലാബാങ്കിന് നിർബന്ധിത ലയനം വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കുന്ന നടപടി പൂർത്തിയാക്കുമെന്ന് മന്ത്രി മറുപടി പറഞ്ഞു. പി.അബ്ദുൾ ഹമീദ്, പി. ഉബൈദുള്ള, സജീവ് ജോസഫ്, കെ.കെ.രാമചന്ദ്രൻ, പി.കെ.ബഷീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബിൽ ശബ്ദവോട്ടോടെ നിയമസഭ പാസാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!