ക്ഷീര സംഘങ്ങളില്ലാത്തിടത്തെ പ്രാഥമികസംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റാൻ നിർദ്ദേശം

moonamvazhi
  • ഗുജറാത്തിനെ കുളമ്പരോഗമുക്ത മേഖലയാക്കാന്‍ കേരളത്തിലെ പ്രോജക്ട് മാതൃകയാക്കും
  • താപനസൂചകാടിസ്ഥാനത്തിലുള്ള ഇന്‍ഷുറന്‍സ് രാജ്യമാകെ നടപ്പാക്കാമെന്നു മലബാര്‍ മില്‍മ എം.ഡി. ജെയിംസ്

ക്ഷീര സഹകരണസംഘങ്ങള്‍ക്കായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നു നിര്‍ദേശമുയര്‍ന്നു. ദേശീയക്ഷീരവികസനബോര്‍ഡ് അടുത്തിടെ ഗുജറാത്തിലെ ആനന്ദില്‍ ക്ഷീരസഹകരണപ്രസ്ഥാനങ്ങളിലെ ഉന്നതരെ പങ്കെടുപ്പിച്ചു നടത്തിയ ഇന്ത്യന്‍ ക്ഷീരമേഖലയുടെ ഭാവിപഥം എന്ന സമ്മേളനത്തിലെ മൂല്യവര്‍ധിതപാലും പാലുല്‍പന്നങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉരുത്തിരിഞ്ഞത്. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വിദേശങ്ങളില്‍ ഉല്‍പാദനശാലകള്‍ തുടങ്ങണമെന്നാണു മറ്റൊരു നിര്‍ദേശം. മില്‍മ നടപ്പാക്കിയ താപനസൂചിക അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സിനെപ്പറ്റി മില്‍മ മലബാര്‍ മേഖലായൂണിയന്‍ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ് ഒരു പ്രബന്ധത്തില്‍ വിശദീകരിച്ചു.

പാലിലെ ഘടകങ്ങളായ ഇമ്മ്യൂണോഗ്ലോബുലിനുകള്‍, ലാക്ടോഫെറിന്‍, പെപ്‌റ്റൈഡുകള്‍ തുടങ്ങിയവയുടെ ആരോഗ്യപോഷണഗുണങ്ങള്‍ മനസ്സിലാക്കാന്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി കൂടുതല്‍ ലബോറട്ടറികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം മൂല്യവര്‍ധിത പാലുല്‍പന്നങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയിലുണ്ടായി.

ക്ഷീരസഹകരണസംഘങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ക്ഷീരസംഘങ്ങള്‍ ഇതുവരെ കടന്നുചെല്ലാത്ത മേഖലകളിലേക്കു കടക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പ്രത്യേകസഹായം നല്‍കേണ്ടതാണെന്ന അഭിപ്രായം ഉയര്‍ന്നു. ക്ഷീരസഹകരണസംഘങ്ങളില്ലാത്ത പ്രദേശങ്ങളില്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ ക്ഷീരസംഭരണവും സംസ്‌കരണവും കൂടി ഉള്‍പ്പെടുത്തി അവയെ വിവിധോദ്ദേശ്യസംഘങ്ങളാക്കി മാറ്റണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. സഹകരണസ്ഥാപനങ്ങളുടെ നേതൃത്വമികവും പ്രൊഫഷണലിസവും വര്‍ധിപ്പിക്കണം, ക്ഷീരസഹകരണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തോടെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ മാര്‍ഗങ്ങള്‍ ആരായണം, സഹകരിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഞ്ചു വര്‍ഷത്തിനകം ക്ഷീരോല്‍പാദനം 50 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയണം എന്നീ നിര്‍ദേശങ്ങളും ഇതിലുണ്ടായി.

ഇന്ത്യയെ ലോകത്തിന്റെ ഡെയറിയാക്കി ഉയര്‍ത്തുന്നതിനായി ക്ഷീരോല്‍പന്നക്കയറ്റുമതി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ സാധാരണസാധനങ്ങളും കയറ്റുമതിക്കായി ബ്രാന്റു ചെയ്യപ്പെട്ട ഉല്‍പന്നങ്ങളും തമ്മില്‍ കൃത്യമായി വേര്‍തിരിക്കുകയും അന്താരാഷ്ട്രവിപണനത്തിനും ബ്രാന്റിങ്ങിനും ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും വേണമെന്ന നിര്‍ദേശം ഉന്നയിക്കപ്പെട്ടു. കയറ്റുമതിസാധ്യതയുള്ള ഉല്‍പന്നങ്ങള്‍ മത്സരക്ഷമതയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായി തിരഞ്ഞെടുക്കണം, വിദേശങ്ങളില്‍ ഉല്‍പാദനശാലകള്‍ തുടങ്ങുന്നകാര്യവും ആലോചിക്കണം, കുളമ്പുരോഗമുക്തമേഖലകള്‍ സ്ഥാപിക്കണം, താരിഫിതരതടസ്സങ്ങള്‍ നീക്കാന്‍ ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തണം, ക്ഷീരോല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ദേശീയസഹകരണകയറ്റുമതിസ്ഥാപനത്തിനു പ്രധാന പങ്കു വഹിക്കാന്‍ കഴിയണം എന്നീ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു. സുസ്ഥിരഡെയറിയിങ്ങിനെപ്പറ്റിയുള്ള ചര്‍ച്ച പാലിന്റെയും പാലുല്‍പന്നങ്ങളുടെയും കാര്‍ബണ്‍പാദമുദ്രയും ഊര്‍ജപാദമുദ്രയും ജലപാദമുദ്രയും കണക്കാക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി. ക്ലൈമറ്റ് സ്മാര്‍ട്ട് ഡെയറിയിങ്ങിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടപ്പെട്ടു. സമഗ്രമായ ക്ഷീരസുസ്ഥിരതാ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും സുസ്ഥിരഡെയറിയിങ് രീതികള്‍ നടപ്പാക്കാന്‍ ഇന്‍സന്റീവുകള്‍ ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശകളുണ്ടായി.

ഗുജറാത്തില്‍ കുളമ്പുരോഗമുക്തമേഖല യാഥാര്‍ഥ്യമാക്കുന്നതുസംബന്ധിച്ചു ചര്‍ച്ച നടന്നു. കുളമ്പുരോഗമുക്തമേഖല സൃഷ്ടിക്കുന്നതില്‍ കേരളത്തില്‍ നടപ്പാക്കിയ പൈലറ്റ്് പ്രോജക്ടിന്റെ വിജയം ഗുജറാത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസമേകുന്നുണ്ടെന്ന് എന്‍.ഡി.ഡി.ബി. ചെയര്‍മാന്‍ ഡോ. മനീഷ് സി. ഷാ പറഞ്ഞു. കുളമ്പുരോഗത്തിന്റെ കാര്യത്തില്‍ ചെലവു കുറഞ്ഞ വാക്‌സിനുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനം എന്‍.ഡി.ഡി.ബി.യുടെ ഉപസ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡ് തുടരണമെന്നും നിര്‍ദേശമുയര്‍ന്നു.

കന്നുകാലിആരോഗ്യപരിപാലനത്തെപറ്റി നടന്ന ചര്‍ച്ചയിലാണു മില്‍മ മലബാര്‍ മേഖലായൂണിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ.സി. ജെയിംസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്യം അവതരിപ്പിച്ചത്. താപനസൂചകാടിസ്ഥാനത്തിലുള്ള ഇന്‍ഷുറന്‍സ് സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ രാജ്യമാകെ നടപ്പാക്കാവുന്നതാണെന്നു പ്രബന്ധത്തില്‍ പറഞ്ഞു. കാലിത്തീറ്റയെസംബന്ധിച്ചുള്ള ചര്‍ച്ചയില്‍ മേഖലാതലത്തില്‍ കാലിത്തീറ്റബാങ്കുകളും സംഭരണശാലകളും സ്ഥാപിച്ച് ക്ഷാമം ഒഴിവാക്കാനും അടിയന്തരസാഹചര്യങ്ങള്‍ നേരിടാനും നടപടിയെടുക്കണമെന്ന നിര്‍ദേശമുണ്ടായി. കാലിത്തീറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ബെര്‍സീംപോലുള്ളവ ആഭ്യന്തരമായി ലഭ്യമാക്കി ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാം. കാലാവസ്ഥാമാറ്റങ്ങളെ ചെറുക്കാന്‍ കഴിവുള്ളതും പോഷകമൂല്യം കൂടിയതുമായ കാലിത്തീറ്റപ്പുല്ലുകളും മറ്റും വികസിപ്പിച്ചെടുക്കണം. കാലിത്തീറ്റ മിച്ചമുള്ളിടങ്ങളില്‍നിന്നു കുറവുള്ളിടങ്ങളിലേക്ക് എത്തിക്കാന്‍ വാഹനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. പ്രിസിഷന്‍ ഫീഡിങ് രീതികളും റെഡി-ടു-ഈറ്റ് ടി.എം.ആറുകളും വികസിപ്പിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കണം. കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകോല്‍പാദകക്കമ്പനികളെ പ്രോല്‍സാഹിപ്പിക്കണം. ദേശീയതലത്തിലോ മേഖലാതലത്തിലോ ഓണ്‍ലൈന്‍കാലിത്തീറ്റ പ്ലാറ്റ്‌ഫോം നടപ്പാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു.

കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ഡെയറിയിങ് സെക്രട്ടറി അല്‍ക ഉപാധ്യായയാണു സമ്മേളനം ഉദ്ഘാടനം ചെയ്തത്. എന്‍.ഡി.ഡി.ബി. ചെയര്‍മാന്‍ ഡോ. മനീഷ് സി. ഷാ, മധ്യപ്രദേശിയലെ സാഞ്ചി ഡെയറി മാനേജിങ് ഡയറക്ടര്‍ സതീഷ്‌കുമാര്‍ എസ്, കേന്ദ്രസഹകരണമന്ത്രാലയം ഡയറക്ടര്‍ ഡി.കെ. വര്‍മ, ജാര്‍ഖണ്ഡ് ക്ഷീരഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ സുധീര്‍കുമാര്‍സിങ്, എന്‍.ഡി.ഡി.ബി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിഗ്‌നേഷ് ഷാ, അമുല്‍ എം.ഡി. ജയന്‍ മേത്ത, കര്‍ണാടകത്തിലെ നന്ദിനി സഹകരണഫെഡറേഷന്റെ എം.ഡി. ജഗ്ദീഷ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ രാകേഷ് മോഹന്‍, കാര്‍ഷിക-സംസ്‌കരിത ഭക്ഷ്യോല്‍പന്നക്കയറ്റുമതി അതോറിട്ടി സെക്രട്ടറി ഡോ. സുധാന്‍ശു, എന്‍.ഡി.ഡി.ബി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. രഘുപതി, ബനസ് ഡയറി എം.ഡി. സംഗ്രാം ചൗധരി, മാരുതി സുസുക്കി ഡയറക്ടര്‍ കെനിച്ചിറോ ടോയോഫുക്കു, ഊര്‍ജ-വിഭവ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോ ഐ.വി. റാവു, എന്‍.ഡി.ഡി.ബി. ഡെയറി സര്‍വീസസ് എം.ഡി. ഡോ. സി.പി. ദേവാനന്ദ് തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകളില്‍ സംസാരിച്ചു.