അടുത്ത വ്യവസായവിപ്ലവം മാനവികതയിലൂന്നുന്ന സഹകരണ സമ്പദ്‌വ്യവസ്ഥയുടേതാകണം

moonamvazhi

അടുത്ത വ്യവസായവിപ്ലവം മാനവികതയില്‍ ഊന്നുന്ന സഹകരണസമ്പദ്‌വ്യവസ്ഥയുടെതാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിച്ച നാലുദിവസത്തെ അന്താരാഷ്ട്രസഹകരണസമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐ.സി.എ) ഏഷ്യാ-പസഫിക് മേഖലയുടെ 18-ാം ഗവേഷണസമ്മേളനത്തിനു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ (ഐ.ഐ.എം-കെ) സഹകരണത്തോടെ യു.എല്‍.സി.സി.എസ്. ആതിഥേയത്വം വഹിച്ചു. സമ്മേളനത്തിന്റെ പ്രഖ്യാപനത്തിന് യു.എല്‍.സി.സി.എസിനോടുള്ള ആദരമായി യു.എല്‍.സി.സി.എസ്. ശതാബ്ദിപ്രഖ്യാപനം എന്നു നാമകരണം ചെയ്തു. ചാണക്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. യശവന്ത ഗോംഗ്രെ, നെതര്‍ലാന്റ്‌സിലെ കാര്‍ഷികവിദഗ്ധന്‍ റീസ് വാന്‍ റിജ്, മൊണ്ട്രഗോണ്‍ സഹകരണകോര്‍പറേഷന്‍ മുന്‍ഡയറക്ടര്‍ മീക്കെല്‍ ലെസാമിസ്, യു.എല്‍.സി.സി.എസ.് ചെയര്‍മാന്‍ രമേശന്‍ പാലേരി, ഐ.ഐ.എം-കെ ഡീന്‍ പ്രൊഫ. ആനന്ദക്കുട്ടന്‍ ബി. ഉണ്ണിത്താന്‍, ഐ.സി.എ. ഏഷ്യാ-പസഫിക് ഡയറക്ടര്‍ ബാലസുബ്രഹ്‌മണ്യയ്യര്‍ എന്നിവര്‍ ചേര്‍ന്നു പ്രഖ്യാപനം പ്രകാശനം ചെയ്തു.

സമാപനസമ്മേളനം കേരള ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഗവേഷണപ്രബന്ധങ്ങളുടെ സംഗ്രഹം സമാഹരിച്ച പുസ്തകം അവര്‍ പ്രകാശനം ചെയ്തു. പ്രബന്ധാവതരണങ്ങളിലെ വിജയികള്‍ക്കുള്ള മൗറിസ് ബോണോ പുരസ്‌കാരങ്ങളും നൂതനാശയങ്ങള്‍ക്കായുള്ള മത്സരമായ കോ-ഓപ്പ് പിച്ചില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും അവര്‍ നല്‍കി. ഐ.സി.എ ഏഷ്യാ-പസഫിക് സംരംഭകത്വവികസനവിഭാഗം ലീഡ് ഗണേഷ് ഗോപാല്‍ റിപ്പോര്‍ട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. ഐ.സി.എ. സഹകരണഗവേഷണവിഭാഗം വൈസ് ചെയര്‍മാന്‍ സിഡ്‌സെല്‍ ഗ്രിംസ്റ്റാഡ് മൗറിസ് ബോണോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. ആനന്ദക്കുട്ടന്‍ ബി ഉണ്ണിത്താന്‍ സംസാരിച്ചു. യു.എല്‍.സി.സി.എസിനും ഐ.ഐ.എമ്മിനും ഐ.സി.എ. ഉപഹാരങ്ങള്‍ നല്‍കി. രമേശന്‍ പാലേരി ഉപഹാരം ഏറ്റുവാങ്ങി.

ഒക്ടോബര്‍ 15നു യു.എല്‍. സൈബര്‍ പാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര,സഹകരണസെമിനാറും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഐ.ഐ.എം- കെ.യുടെ പങ്കാളിത്തത്തോടെ ഐ.ഐ.എമ്മില്‍ നടന്ന ഐ.സി.എ-എ.പി.യുടെ ഗവേഷണസമ്മേളനവുമായിരുന്നു അന്താരാഷ്ട്രസഹകരണസമ്മളനത്തിലെ മുഖ്യപരിപാടികള്‍. ഏഷ്യാ-പസഫിക് മേഖലയിലെയും യൂറോപ്പിലെയും 20 രാജ്യങ്ങളിലെ സഹകാരികളും വിദഗ്ധരും ഗവേഷകരും പണ്ഡിതരും പങ്കെടുത്തു. 84 ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോ-ഓപ്പറേറ്റീവ് പിച്ച് മത്സരം, യുവപണ്ഡിതരും തൊഴില്‍ഗവേഷകരും സംഗമിച്ച ശില്‍പശാല എന്നിവയും ഉണ്ടായിരുന്നു.

യു.എല്‍.സി.സി.എസ.് തങ്ങളുടെ അംഗമായിരിക്കുന്നതില്‍ ഐ.സി.എ. അഭിമാനിക്കുന്നതായി ബാലസുബ്രഹ്‌മണ്യയ്യര്‍ സമാപനസമ്മേളനത്തില്‍ പറഞ്ഞു. ഐ.സി.എ.യില്‍ അംഗത്വമുള്ള ഏക പ്രാഥമികസഹകരണസംഘമാണ് യു.എല്‍.സി.സി.എസ്. ലോകത്തെ 300 മുന്‍നിരസഹകരണസ്ഥാപനങ്ങളില്‍ ഏഷ്യാ-പസഫിക് മേഖലയില്‍നിന്നുള്ള ഏക തൊഴിലാളിസംഘം യു.എല്‍.സി.സി.എസ്. ആണെന്നും അദ്ദേഹം പറഞ്ഞു. പൊതുവില്‍ കേരളത്തിന്റെ, പ്രത്യേകിച്ചു സഹകരണമേഖലയുടെ, ഭാവിസാധ്യതകള്‍ വിലയിരുത്താന്‍ ലോകമെങ്ങുമുള്ള വിദഗ്ധരുടെ അനുഭവപാഠങ്ങളും ഉപദേശങ്ങളും തേടുക എന്ന ലക്ഷ്യത്തോടെയാണ് യു.എല്‍.സി.സി.എസ്. സമ്മേളനം സംഘടിപ്പിച്ചത്.