ഐ.സി.എ.യുടെ വിദേശസംഭാവനാ ലൈസന്‍സ് റദ്ദാക്കി

moonamvazhi

അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ (ഐ.സി.എ) വിദേശസംഭാവനാലൈസന്‍സ് (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്ട്-എഫ്.സി.ആര്‍.എ-ലൈസന്‍സ്) കേന്ദ്രആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചട്ടംലംഘനം ആരോപിച്ചാണിതെന്നു പറയപ്പെടുന്നു. ലോകമെങ്ങുമുള്ള സഹകരണസ്ഥാപനങ്ങളുടെ അപ്പെക്‌സ് സ്ഥാപനമാണ് ഐ.സി.എ. സഹകരണവിജ്ഞാനവും വൈദഗ്ധ്യവും പകരലും സഹകരണപ്രസ്ഥാനങ്ങളുടെ ഏകോപനവുമാണു പ്രധാനപ്രവര്‍ത്തനം. 1895ല്‍ സ്ഥാപിച്ച ഇത് ലോകത്തെ ഏറ്റവും പഴയ സര്‍ക്കാരിതരസന്നദ്ധസംഘടനകളിലൊന്നാണ്. നൂറു കോടിയില്‍പരം അംഗങ്ങളുമുണ്ട്.

നവംബറില്‍ ഐ.സി.എ. ഡല്‍ഹിയില്‍ അന്താരാഷ്ട്രസമ്മേളനം ചേരാനിരിക്കെയാണ് അപ്രതീക്ഷിതനടപടി. ഐ.സി.എ. ന്യൂഡല്‍ഹി ഓഫീസില്‍നിന്നു സംഭവത്തോടു പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു. ലോകമെമ്പാടുമുള്ള സഹകരണസ്ഥാപനങ്ങള്‍ ഒത്തുകൂടി സമൂഹാഭിവൃദ്ധിക്കുവേണ്ടി കൂട്ടായും സമാധാനപരമായും പ്രവര്‍ത്തിക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ ആരായുക എന്ന ലക്ഷ്യം ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന സമ്മേളനത്തിനുണ്ട്. 100 രാജ്യങ്ങളില്‍നിന്നായി 1500ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ലൈസന്‍സ് റദ്ദാക്കാനുള്ള കാരണത്തെപ്പറ്റി കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുകയോ അതിന്റെ കാലാവധി കഴിയുകയോ ചെയ്ത ഒരു സംഘടനയും സര്‍ട്ടിഫിക്കറ്റ് പുതുക്കുംവരെ വിദേശസംഭാവന സ്വീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് എഫ്.സി.ആര്‍.എ. വ്യവസ്ഥ. 2016ലാണ് ഐ.സി.എ.യുടെ എഫ്.സി.ആര്‍.എ. ലൈസന്‍സ് പുതുക്കിയത്. ഐ.സി.എ. യുടെയ എഷ്യാ-പസിഫിക് മേഖലാഓഫീസ് ഡല്‍ഹിയിലാണ്. ഇന്ത്യക്കാരനായ ഡോ. ചന്ദ്രപാല്‍സിങ് യാദവ് ആണ് ഐ.സി.എ. എ-പി.യുടെ അധ്യക്ഷന്‍ എന്നതും ശ്രദ്ധേയം. ചരിത്രത്തിലാദ്യമായണ് ഒരു ഇന്ത്യക്കാരന്‍ ഐ.സി.എ. എ-പിയുടെ അധ്യക്ഷസ്ഥാനത്തുവരുന്നത്.

കേന്ദ്രസഹകരണമന്ത്രികൂടിയായ ആഭ്യന്തരമന്ത്രി അമിത്ഷാ അന്താരാഷ്ട്രസമ്മേളനത്തിന്റെ സംഘാടനത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ഉദ്ഘാടകനായി ലഭിക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവരികയാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് എഫ്.സി.ആര്‍.എ.ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. ഇതിനുപിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന സംശയവുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ബി.ജെ.പി നിയന്ത്രണത്തിലാണെങ്കിലും ഐ.സി.എ. ഏഷ്യാ-പസഫിക് പ്രസിഡന്റായ ഡോ. ചന്ദ്രപാല്‍സിങ് യാദവ് പ്രതിപക്ഷകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ നേതാവാണ്. സഹകരണഭീമനായ കൃഷക്ഭാരതി കോ-ഓപ്പറേറ്റീവിന്റെ (ക്രിബ്‌കോ) ചെയര്‍മാനായ അദ്ദേഹം ഉത്തര്‍പ്രദേശില്‍നിന്നു രാജ്യസഭാംഗവും ലോക്‌സഭാംഗവുമായിരുന്നിട്ടുണ്ട്. ജപ്പാനിലെ ചിറ്റോസെ അരായിയെ 83നെതിരെ 185വോട്ടു തോല്‍പിച്ചാണ് അദ്ദേഹം ഐ.സി.എ-എ.പി.യുടെ പ്രസിഡന്റായത്.

നിരവധി എന്‍.ജി.ഒ.കളുടെ എഫ്.സി.ആര്‍.എ. ലൈസന്‍സ് റദ്ദാക്കിയ കൂട്ടത്തിലാണ് ഐ.സി.എ.യുടെതും റദ്ദാക്കപ്പെട്ടത്. നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചു, പൗരത്വഭേദഗതിനിയമത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ സാമ്പത്തികസഹായം നല്‍കി തുടങ്ങിയവയാണു പലതിന്റെയും ലൈസന്‍സ് റദ്ദാക്കാന്‍ കാരണമായി ആരോപിക്കപ്പെടുന്നത്. എന്നാല്‍, സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.യുടെ ലൈസന്‍സ് ഇക്കൂട്ടത്തില്‍ റദ്ദാക്കപ്പെട്ടതു ദുരൂഹമാണ്. എല്ലാ എന്‍.ജി.ഒ.കളെയും സംശയത്തോടെ കാണുന്ന ചില ഉദ്യോഗസ്ഥമേധാവികളുടെ വിവേചനബുദ്ധിയില്ലായ്മയാണ് ഐ.സി.എ.യുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിലേക്കു നയിച്ചതെന്നു ചിലര്‍ കരുതുന്നുണ്ട്. 1985 മുതല്‍ ഐ.സി.എ.ക്ക് എഫ്.സി.ആര്‍.എ. ലൈസന്‍സുണ്ട്. ലൈസന്‍സ് പുനസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ ഐ.സി.എ. എ-പി ഓഫീസ് ചൈനയിലേക്കോ ജപ്പാനിലേക്കോ ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്തേക്കോ മാറ്റിയേക്കാനിടയുണ്ടെന്ന് ഇന്ത്യന്‍ കോ-ഓപ്പറേറ്റര്‍ റിപ്പോര്‍ട്ടു ചെയ്തു.
ഐ.സി.എ. ഡയറക്ടര്‍ ജനറല്‍ ജോറോണ്‍ ഡഗ്ലസ് സെപ്റ്റംബര്‍ ആദ്യം ഡല്‍ഹിയിലെത്തി ആഗോളസമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കേന്ദ്രസഹകരണമന്ത്രാലയത്തിലെയും ഇഫ്‌കോയിലെയും പ്രമുഖരുമായി സംസാരിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.