ഹോമിയോ സഹകരണ ഫാര്‍മസി ലിമിറ്റഡില്‍ (ഹോംകോ) ഒഴിവുകള്‍

moonamvazhi

കേരളസംസ്ഥാന ഹോമിയോപ്പതിക് സഹകരണഫാര്‍മസി ലിമിറ്റഡില്‍ (ഹോംകോ) മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെയും കവര്‍ലെറ്ററും ഒക്ടോബര്‍ 25നോ അതിനുമുമ്പോ [email protected]ല്‍ (മേല്‍വിലാസം: മാനേജിങ് ഡയറക്ടര്‍, ഹോംകോ, പാതിരപ്പള്ളി, ആലപ്പുഴ – 688521) സമര്‍പ്പിക്കണം. ഏകദേശം ആറു മാസത്തേക്കാണു (179 ദിവസം) നിയമനം. മികവിന്റെയും പ്രോജക്ടുകളുടെ ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ നിയമനം കൂടുതല്‍ കാലത്തേക്കു പുതുക്കി ലഭിച്ചേക്കാം. മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്തികയുടെ പ്രായപരിധി 55 വയസ്സും ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളുടെത് 45 വയസ്സുമാണ്.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ തസ്തികയുടെ ശമ്പളം 27,000 രൂപയാണ്. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം (ഇത് ഫാര്‍മസ്യൂട്ടിക്കല്‍, മാനുഫാക്ചറിങ്, ആരോഗ്യപരിചരണ വ്യവസായങ്ങളിലാണെങ്കില്‍ കൂടുതല്‍ നന്ന്), ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലും സി.ജി.എം.പി ചട്ടങ്ങളിലും സുരക്ഷാമാനദണ്ഡങ്ങളിലും നല്ല പരിജ്ഞാനം, വന്‍ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ കമ്മീഷനിങ്ങിലും സങ്കീര്‍ണമായ തകരാറുകള്‍ പരിഹരിക്കുന്നതിലും പരിചയം, ഇലക്ട്രിക്കല്‍ ഡിസൈന്‍ സോഫ്റ്റ്‌വെയറിലും ടൂളുകളിലും പ്രാവീണ്യം, മികച്ച ആശയവിനിമയ-ടീംപ്രവര്‍ത്തനവൈദഗ്ധ്യം എന്നിവയാണു യോഗ്യതകള്‍. കേരളസംസ്ഥാന വൈദ്യുതിലൈസന്‍സിങ് ബോര്‍ഡില്‍നിന്നുള്ള കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, പ്രോജക്ട് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറില്‍ പരിചയം, പുനരുപയോഗഊര്‍ജസംവിധാനങ്ങളിലും ഊര്‍ജകാര്യക്ഷമതാപ്രയോഗരീതികളിലും അറിവ് എന്നിവ അഭികാമ്യയോഗ്യതകളാണ്.

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും പ്രതിഫലം. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങിലോ ബന്ധപ്പെട്ട മേഖലകളിലോ ഡിപ്ലോമ, ഇലക്ട്രിക്കല്‍ സൂപ്പര്‍വിഷനില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം (ഇത് ഫാര്‍മസ്യൂട്ടിക്കല്‍, സി.ജി.എം.പി. സംവിധാനങ്ങളിലാണെങ്കില്‍ കൂടുതല്‍ നന്ന്), ഇലക്ട്രിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ (കേരളസംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍നിന്നുള്ള കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ കൂടുതല്‍ അഭികാമ്യം), ഹൈവോള്‍ട്ടേജ്-ബാക്ക്അപ് ജനറേറ്ററുകള്‍ അടക്കമുള്ള വൈദ്യുതസംവിധാനങ്ങളെക്കുറിച്ച് നല്ല പരിജ്ഞാനം, തകരാറുകള്‍ പരിഹരിക്കാനും സൂക്ഷ്മാംശങ്ങള്‍വരെ ശ്രദ്ധിക്കാനുമുള്ള മികവ്, ഇലക്ട്രിക്കല്‍ ഡിസൈന്‍ സോഫ്റ്റ്‌വെയറിലും ടൂള്‍സിലും പ്രാവീണ്യം എന്നിവയാണു യോഗ്യതകള്‍.

മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയുടെ ശമ്പളം 40,000 രൂപയാണ്. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമോ ബന്ധപ്പെട്ട ഡിഗ്രിയോ, മെക്കാനിക്കല്‍ ഡിസൈനിലും പ്രോജക്ട് മാനേജ്‌മെന്റിലും 10 വര്‍ഷത്തെ പ്രവൃത്തിപരിചയം (ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യപരിചരണമേഖലകളിലാണെങ്കില്‍ കൂടുതല്‍ നന്ന്). മെക്കാനിക്കല്‍ സംവിധാനങ്ങളിലും മാനുഫാക്ചറിങ് പ്രക്രിയയയിലും വ്യവസായച്ചട്ടങ്ങളിലും നല്ല പരിജ്ഞാനം അഭികാമ്യയോഗ്യതയാണ്. എം.ബി.എ. ഉള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. മികച്ച വിശകലന-പ്രശ്‌നപരിഹാരശേഷി, മികച്ച ആശയവിനിമയ-വ്യക്തിബന്ധമിടുക്ക്, പ്രോജക്ട് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍- എഞ്ചിനിയറിങ് ഡിസൈന്‍ ടൂള്‍സ്-പ്രോജക്ട് മാനേജ്‌മെന്റ്് ടൂള്‍സ് എന്നിവയില്‍ പ്രാവീണ്യം, പ്രോജക്ടുകള്‍ സ്വതന്ത്രമായി മാനേജ് ചെയ്യാനുള്ള കഴിവ്, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയശേഷി, ഷെഡ്യൂളുകള്‍ തയ്യാറാക്കാനും പുരോഗതി വിലയിരുത്താനും ഒരേസമയം വിവിധ ചുമതലകള്‍ നിര്‍വഹിക്കാനുമുള്ള പാടവം, ഗുണനിലവാരമാനദണ്ഡങ്ങളെയും, സുരക്ഷാ-വ്യാവസായികച്ചട്ടങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

കൂടുതല്‍ വിശദവിവരങ്ങള്‍ www.homcokerala.comല്‍ ലഭിക്കും.