ലോകത്തെ ഏറ്റവും ശക്തമായ ഭക്ഷ്യ-ക്ഷീര ബ്രാന്റില്‍ അമുല്‍ മുന്നില്‍

moonamvazhi
  • അമേരിക്കന്‍ കമ്പനിയായ ഹെര്‍ഷെയ്‌സിനെ രണ്ടാം സ്ഥാനത്തേക്കു തള്ളി
  • അമുലിന്റെ ബ്രാന്റ്മൂല്യം 3.3 ശതകോടി ഡോളര്‍

ഇന്ത്യയിലെ ക്ഷീരസഹകരണഭീമന്‍ അമുല്‍ ലോകത്തെ ഏറ്റവും ശക്തമായ ഭക്ഷ്യ-ക്ഷീര ബ്രാന്റായി ഉയര്‍ന്നു. ബ്രാന്റ് ഫിനാന്‍സിന്റെ 2024ലെ ആഗോള ഭക്ഷ്യ-പാനീയ റിപ്പോര്‍ട്ടിലാണ് ഈ അംഗീകാരമെന്നു ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ബ്രാന്റ് ശക്തിസൂചികയില്‍ (ബി.എസ്.ഐ) 100ല്‍ 91 എന്ന സ്‌കോറും എ എ എ പ്ലസ് റേറ്റിങ്ങും 78 വര്‍ഷം പിന്നിട്ട അമുലിനുണ്ട്. 2023ലെക്കാള്‍ അമുലിന്റെ ബ്രാന്റ്മൂല്യം 11 ശതമാനം വര്‍ധിച്ചു. 2024ല്‍ 3.3 ശതകോടി ഡോളറാണ് അമുലിന്റെ മൂല്യം.

ബ്രാന്റ് ശക്തി എ എ എ പ്ലസ്സുള്ള മറ്റൊരു സ്ഥാപനം ഹെര്‍ഷെയ്‌സ് മാത്രമാണ്. എന്നാല്‍, ഏറ്റവും വലിയ ചോക്ലേറ്റ് നിര്‍മാണക്കമ്പനികളിലൊന്നായ ഈ അമേരിക്കന്‍ കമ്പനിയുടെ ബ്രാന്റ്മൂല്യം കുറയുകയാണു ചെയ്തിട്ടുള്ളത്. 0.5 ശതമാനമാണു കുറഞ്ഞത്. 3.9 ശതകോടി ഡോളറാണു ഹെര്‍ഷെയ്‌സിന്റെ മൂല്യം. കഴിഞ്ഞവര്‍ഷം ഹെര്‍ഷെയ്‌സ് ഒന്നാമതായിരുന്നു. ഇത്തവണ രണ്ടാമതായി. ഇന്ത്യയിലെ ക്ഷീരവിപണിയുടെ 75 ശതമാനവും അമുലിന്റെതാണ്. വെണ്ണവിപണിയില്‍ ഇത് 85 ശതമാനവും പാല്‍ക്കട്ടി വിപണിയില്‍ 66 ശതമാനവുമാണ്.

35 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ബ്രാന്റ് മൂല്യം കണക്കാക്കുന്നത്. പരസ്യങ്ങളുടെ ഫലക്ഷമത, ഉത്പന്നനിര, ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള മതിപ്പ്, സമൂഹമാധ്യമസാന്നിധ്യം, വെബ്ബിലെ സന്ദര്‍ശകത്തിരക്ക്, ശക്തമായി തുടരാന്‍ നടത്തുന്ന ശ്രമങ്ങള്‍, സാമൂഹികബന്ധങ്ങള്‍, ഭരണശൈലി, വരുമാനവും ലാഭവും ഉപഭോക്താക്കളോടുള്ള കൂറും വര്‍ധിപ്പിക്കാനുള്ള യത്‌നങ്ങള്‍ തുടങ്ങിയവ ഇതില്‍പെടുന്നു. 100ല്‍ 90നുമേലെ സ്‌കോര്‍ നേടുന്നവയെ ആഗോളതലത്തില്‍ അസാധാരണമികവുള്ളവയായി കണക്കാക്കും. ആക്‌സെഞ്ച്വറും ഫെറാറിയും താജ് ഹോട്ടല്‍സും ഹെര്‍ഷെയ്‌സും പോലെ ഏതാനും ചില സ്ഥാപനങ്ങള്‍ മാത്രമാണു 90നു മുകളില്‍ സ്‌കോര്‍ നേടിയത്. ബ്രാന്റ്ശക്തിയില്‍ അമുലാണു മുന്നിലെങ്കിലും ബ്രാന്റ്മൂല്യത്തില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള ഭക്ഷണബ്രാന്റായി നെസ്ലെ തുടരുകയാണ്. 20.8 ശതകോടി ഡോളറാണ് അതിന്റെ മൂല്യം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഏഴു ശതമാനം കുറവാണിത്. രണ്ടാം സ്ഥാനം ലേയ്‌സിനാണ്. 12 ശതകോടി ഡോളറാണ് ഇതിന്റെ മൂല്യം. ആള്‍ക്കഹോളിക് അല്ലാത്ത പാനീയങ്ങളുടെ വിപണിയില്‍ കൊക്കകോളയാണു മുന്നില്‍. പെപ്‌സിക്കാണു രണ്ടാംസ്ഥാനം.

ഭക്ഷ്യപാനീയ മേഖലയ്ക്ക് ഈ വര്‍ഷം ബ്രാന്റ്മൂല്യത്തില്‍ നാലു ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 268 ശതകോടി ഡോളറാണ് ഈ മേഖലയുടെ മൂല്യം. ഉപഭോക്താക്കള്‍ ചെറുകിട-സ്വകാര്യ ബ്രാന്റുകളിലേക്കു കൂടുതല്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ്. സ്ഥിരപ്രതിഷ്ഠമായ ബ്രാന്റുകളെക്കാള്‍ വ്യതിരിക്തവും വൈയക്തികാഭിരുചികളെ തൃപ്തിപ്പെടുത്തുന്നതുമായ ബ്രാന്റുകളാണ് അവര്‍ നോക്കുന്നത്. കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സൗകര്യപ്രദമായ ഭക്ഷണവസ്തുക്കളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് അവയുടെ ബ്രാന്റ്മൂല്യവും കൂടി. ഇതു സ്ഥാപിത ബ്രാന്റുകള്‍ക്കു ഭീഷണിയാണ്. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ മാറിയതിന്റെ നേട്ടം കൊയ്യുന്നതു പുതിയ ബ്രാന്റുകളാണ് എന്നും റിപ്പോര്‍ട്ടു പറയുന്നു.