തമിഴ്‌നാട്ടില്‍ ആവിനു മികച്ച വളര്‍ച്ച

moonamvazhi
തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ ഫെഡറേഷനായ ആവിന്‍ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും തമിഴ്‌നാട്ടിലെങ്ങും അതിനു വളര്‍ച്ചയുണ്ടെന്നും തമിഴ്‌നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജ് പറഞ്ഞു.
മധുരയില്‍ ആവിന്‍ യൂണിറ്റ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിന്‍ മാത്രമാണു സംസ്ഥാനത്തുടനീളം വില വര്‍ധിപ്പിക്കാതെ ഒരേവിലയക്കു പാല്‍ വില്‍ക്കുന്നത്. സ്വകാര്യമേഖലയ്ക്കു ലാഭംമാത്രമാണു ലക്ഷ്യം. ആവിന് ക്ഷീരോല്‍പാദകരുടെയും ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. ക്ഷീരസംഭരണവും വിതരണവും ക്രമാനുഗതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം 1.20 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചു. ഇപ്പോള്‍ 1.70ലക്ഷമായി. വൈകാതെ രണ്ടുലക്ഷം കവിയും.
ആവിന്‍ ക്ഷീരകര്‍ഷകര്‍ക്കു ലിറ്ററിനു മൂന്നുരൂപ ഇന്‍സന്റീവ് നല്‍കുന്നുണ്ട്. പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. കഴിഞ്ഞവര്‍ഷം മധുരയില്‍മാത്രം 90കോടിരൂപ ക്ഷീരകര്‍ഷകര്‍ക്കു വായ്പ നല്‍കി. പ്രാഥമികസഹകരണസംഘങ്ങളും ബാങ്കുകളുംവഴിയാണു നല്‍കിയത്. മറ്റുജില്ലകളിലും വായ്പ കൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കന്നുകാലിഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. കന്നുകാലികള്‍ക്കു രോഗങ്ങള്‍ വരികയോ ചാവുകയോ ചെയ്താല്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം കിട്ടാനാണിത്.
ആവിന്‍ 25000 കറവപ്പശുക്കളെ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. ക്ഷീരോത്പാദകയൂണിയനു പാല്‍ നല്‍കാത്ത കര്‍ഷകരോടും കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യണമെന്നു നിര്‍ദേശിക്കുന്നുണ്ട്.
മധുരയില്‍ ആവിന്‍ കഴിഞ്ഞവര്‍ഷം 4.5 കോടിരൂപ ലാഭമുണ്ടാക്കിയിരുന്നു. ഈവര്‍ഷം ജൂണ്‍വരെയുള്ള കണക്കുപ്രകാരം 3.9കോടിരൂപയാണു ലാഭം. പാലിന്റെ ഗുണനിലവാരവും ഉയര്‍ന്നു. മറ്റു ക്ഷീരസംരംഭകരുടെതിനെക്കാള്‍ ആവിന്റെ പാലിനു വില കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.