ഇ.പി.എഫിന് പുറത്ത്, സഹകരണ പെന്‍ഷന്‍പദ്ധതിയില്‍ അംഗമാകാനുമാകില്ല, ദുര്‍ഗതിയിലായി ഒരുവിഭാഗം സഹകരണ ജീവനക്കാര്‍

moonamvazhi

1995-ലാണ് കേരള സഹകരണ സംഘം ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി നിലവില്‍വന്നത്. 1993 ജൂണ്‍ മൂന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ പ്രാഥമിക, റീജിയണല്‍ സഹകരണ സംഘങ്ങളും, ജില്ലാ-അപ്പക്‌സ് സ്ഥാപനങ്ങളും ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാണ്. സഹകരണേതര വകുപ്പുകളായ കയര്‍, ക്ഷീരം, കൈത്തറി, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ഫിഷറീസ്, വ്യവസായ വകുപ്പുകളുടെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ക്കും ഈ പദ്ധതി ബാധകമാണ്.

സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി 1994-ല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി, റീജിയണല്‍, സെന്‍ട്രല്‍, അപ്പക്‌സ് സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഇതില്‍ ചേരുന്നതിന് ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ സംഘങ്ങള്‍ അതില്‍നിന്ന് വിടുതല്‍ വാങ്ങേണ്ടതുണ്ട്. ഇ.പി.എഫ്. പരിധിയില്‍നിന്ന് ഇളവ് ലഭിച്ചാല്‍ മാത്രമാണ് സംസ്ഥാന പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കഴിയുക.

സംസ്ഥാനത്തെ ഒരുവിഭാഗം സംഘങ്ങള്‍ ഇപ്പോഴും ഇ.പി.എഫില്‍ തുടരുന്നുണ്ട്. സംസ്ഥാനത്തെ പെന്‍ഷന്‍ പദ്ധതിയേക്കാള്‍ മികച്ചതാകും ഇ.പി.എഫ്. എന്ന തോന്നലാണ് സംഘങ്ങളെ പിന്മാറ്റത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. പക്ഷേ, 2014-ല്‍ സഹകരണ സംഘങ്ങളെ ഇ.പി.എഫില്‍ ചേര്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കി ഭേദഗതി കൊണ്ടുവന്നു. ഇതോടെയാണ് ഒരുവിഭാഗം സഹകരണ ജീവനക്കാര്‍ എല്ലാ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും പുറത്താകുന്നത്.

സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനായി ഇ.പി.എഫില്‍ ഉള്‍പ്പെട്ട പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്ക് അതില്‍നിന്ന് മാറണമെന്ന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് ശേഷവും നിരവധി സഹകരണ സംഘങ്ങള്‍ ഇപ്പോഴും ഇ.പി.എഫില്‍തന്നെ തുടരുകയാണ്. ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയില്‍ വന്ന ഭേദഗതി അനുസരിച്ച് ഈ സംഘങ്ങളില്‍ 2014 സപ്തംബറിന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഇ.പി.എഫില്‍ ചേരാനാകില്ല. ഇവര്‍ക്ക് സഹകരണ പെന്‍ഷന്‍ പദ്ധതിയിലും ചേരാനാകില്ല. സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ ഒരു സ്ഥാപനത്തെ മുഴുവന്‍ ജീവനക്കാരെയും ഒന്നായി മാത്രമെ ഉള്‍്‌പ്പെടുത്തുകയുള്ളൂ. ഇതോടെ, 2014ന് ശേഷം സര്‍വീസില്‍ ചേര്‍ന്ന ഒരുപാട് ജീവനക്കാര്‍ ഒരുപെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെടാത്ത സ്ഥിതിയാണ്.