സഹകരണപെന്‍ഷന്‍ മസ്റ്ററിങ് ജീവന്‍രേഖ വഴി നടത്താന്‍ അനുമതി

moonamvazhi

സാമൂഹ്യസുരക്ഷാപെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തുന്ന ജീവന്‍രേഖ സംവിധാനംവഴി സഹകരണപെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിയായി.  ഈ അനുമതി നല്‍കണമെന്ന പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറിയുടെ അപേക്ഷയുടെയും സഹകരണസംഘം രജിസ്ട്രാറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണു തീരുമാനം.

സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡില്‍ നടത്തേണ്ട മസ്റ്ററിങ്ങാണ് ജീവന്‍രേഖ സംവിധാനം വഴി നടത്താന്‍ ഉപാധികളോടെ അനുവദിക്കുന്നത്. ഇതിനായി ആദ്യം സേവന പോര്‍ട്ടലില്‍ സഹകരണപെന്‍ഷന്‍കാരുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനുള്ള യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ഐ.കെ.എം. നല്‍കും. അതിനുശേഷം പെന്‍ഷന്‍ ബോര്‍ഡിന് ഐ.കെ.എമ്മുമായി ചേര്‍ന്നു ഡാറ്റാ എന്‍ട്രി നടത്താം. ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ ധനവകുപ്പ് ആദ്യമസ്റ്ററിങ്ങിന്റെ സമയപരിധി നിശ്ചയിക്കും. സേവനയില്‍ മസ്റ്ററിങ്ങിനുവേണ്ട സാങ്കേതികക്രമീകരണം വരുത്താന്‍ എന്‍.ഐ.സി.യോടു നിര്‍ദേശിച്ചശേഷം അക്ഷയയെ അറിയിക്കും. പിന്നീടുള്ള മസ്റ്ററിങ്ങുകള്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിങ്ങിനൊപ്പം നടത്താം. തുടര്‍പ്രവര്‍ത്തനങ്ങള്‍ അക്ഷയയുമായി ചേര്‍ന്നു സഹകരണപെന്‍ഷന്‍ബോര്‍ഡ് നടത്തണം. മസ്റ്ററിങ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഐ.കെ.എം, അക്ഷയ എന്നിവയുമായി ചേര്‍ന്നു സഹകരണ പെന്‍ഷന്‍ബോര്‍ഡിനു ലഭ്യമാക്കാം. മസ്റ്ററിങ് അനുമതി ഒഴികെ സാമ്പത്തികബാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍്ക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.