സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ക്യാഷവാര്‍ഡ്: ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം

moonamvazhi

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലായീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണസംഘം ജീവനക്കാരുടേയും കമ്മീഷന്‍ ഏജന്റുമാരുടേയും മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-24 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കാഷവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 2024 ഓഗസ്റ്റ് 16 വരെ നീട്ടിയതായി ബോര്‍ഡ് അറിയിച്ചു. സ്‌കൂള്‍ / കോളേജ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം കണക്കിലെടുത്താണ് അപേക്ഷ നല്‍കാനുള്ള തീയതി നീട്ടിയത്. നേരത്തേ ജൂലായ് 31 ആയിരുന്നു അവസാനതീയതി.

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി.ആന്റ് ബി.എം, ജെ.ഡി.സി, സഹകരണം ഐച്ഛികവിഷയമായി പഠിച്ച ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി, ബി.ടെക്, എം.ടെക്, ബി.എസ്‌സി, നഴ്‌സിങ്, അവയുടെ ബിരുദാനന്തരബിരുദം, മറ്റെല്ലാ തരത്തിലുമുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കിട്ടിയവര്‍ക്കും സ്‌പോര്‍ട്‌സില്‍ സ്‌കൂള്‍വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും കോളേജ്തലത്തില്‍ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കും കാഷവാര്‍ഡിനായി അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് : www.kscewb.kerala.gov.in. ഫോണ്‍- 9995506280.