മില്‍മയുടെ ബ്രാന്റ് ദുരുപയോഗം: സ്വകാര്യഡയറിക്ക് ഒരുകോടി പിഴ
കേരള സഹകരണക്ഷീരവിപണനഫെഡറേഷന്റെ (മില്‍മ) പേരും രൂപകല്പനയും ദുരുപയോഗം ചെയ്ത കേസില്‍ സ്വകാര്യഡയറിക്ക് ഒരുകോടിരൂപ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമേഴ്സ്യല്‍ കോടതി പിഴ വിധിച്ചു. കൂടാതെ ആറുശതമാനം പിഴപ്പലിശയും 8,18,410രൂപ കോടതിച്ചെലവും അടക്കണം. കോട്ടയം പാലായിലെ മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണു വിധി. മില്‍മയുടെ പാലാണെന്നു തോന്നിക്കുംവിധം പേരും രൂപകല്പനയും അനുകരിച്ചതാണു കേസ്. മില്‍മ നല്കിയ പരാതിയിലാണു വിധി. മില്മയുടെതിനു സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ചു പാലും പാലുല്പന്നങ്ങളും വില്‍ക്കുന്നതിലും പരസ്യം ചെയ്യുന്നതിലുംനിന്നു കോടതി പാലായിലെ സ്ഥാപനത്തെ വിലക്കി.
തങ്ങളുടെ ബ്രാന്റ് ദുരുപയോഗം ചെയ്യുന്നതിനെതിരെ മറ്റൊരു സ്ഥാപനത്തിനെതിരെ 2022 മാര്‍ച്ചിലും മില്‍മ കോടതിവിധി സമ്പാദിച്ചിരുന്നു. അക്കാലത്തുതന്നെ പാലായിലെ മില്നയ്ക്കെതിരെ മില്‍മയുടെ പരാതിയില്‍ മില്മയ്ക്കനുകൂലമായി തിരുവനന്തപുരം കമേഴ്സ്യല്‍ കോടതി സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. പല സ്വകാര്യസ്ഥാപനവും തങ്ങളുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്യുന്നതിനെതിരെ 2020 നവംബറില്‍ അന്നത്തെ മില്‍മ ചെയര്മാന് പി.എ. ബാലന്‍മാസ്റ്റര്‍ പത്രപ്രസ്താവനയിലൂടെ മുന്നറിയിപ്പു നല്‍കിയിരുന്നു.