വനിതാ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു

moonamvazhi

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്, കെ.എസ്.ഐ.ഡി.സി മുഖേന വീ വിഷന്‍ പദ്ധതിയില്‍ അഞ്ച് ശതമാനം പലിശയ്ക്ക് നല്‍കിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയര്‍ത്തല്‍, കോഴിക്കോട്ടെ കെ.എസ്.ഐ.ഡി.സി ഇന്‍ക്യുബേഷന്‍ സെന്ററില്‍ വനിതാ സംരംഭകര്‍ക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കല്‍ എന്നിവയാണിത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വനിതാ സംരംഭകര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച് സംസാരിക്കവെ വ്യവസായ മന്ത്രി പി രാജീവാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.

സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളില്‍ 43,200 എണ്ണം വനിതകളുടേതായത് സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാന വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പങ്കെടുത്ത മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പി.എം.എഫ്.എം.ഇ പ്രമോ ഫിലിമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ വി.എം രുഗ്മിണി ദേവി, അപര്‍ണ മധു (കെ.എസ്.എസ്.ഐ.എ), ബിന്‍സി ബേബി (സി.ഐ.ഐ-ഐ.ഡബ്ല്യു.എന്‍ കേരള), രശ്മി മാക്സിം (ഫിക്കി), സപ്നു ജോര്‍ജ് (ടൈ കേരള), എം.വി ലൗലി, സിമി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News