ആദായനികുതി വകുപ്പിന്റെ അപ്പീല്‍സുപ്രീംകോടതി തള്ളി; തര്‍ക്കം ബാക്കി

[email protected]

സഹകരണ ബാങ്കുകളില്‍നിന്ന് ആദായനികുതി ഈടാക്കുന്നതിനുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീംകോടതിയില്‍ വകുപ്പ് നല്‍കിയ അപ്പീല്‍ തള്ളി. പക്ഷേ, ഇതേ കേസ് ഹൈക്കോടതിയില്‍ ഫുള്‍ബെഞ്ച് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന കാരണത്താല്‍ പിഴയീടാക്കുന്ന നടപടി ആദായനികുതി വകുപ്പ് തുടരുകയാണ്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ആദായനകുതി വകുപ്പ് 80(പി) അനുസരിച്ച് നികുതി ഇളവിന് അര്‍ഹതയുണ്ട്. ഇത് സംഘങ്ങളുടെ പ്രവര്‍ത്തനം നോക്കിമാത്രമാണ് അനുവദിക്കാനാകുകയെന്ന നിലപാടാണ് ആദായനികുതി വകുപ്പിന്റേത്. ഈ പേരിലാണ് നിയമയുദ്ധം തുടരുന്നതും. ആദായനികുതി വകുപ്പിന്റെ അപ്പീല്‍ തള്ളിയത് സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയാണ് നിലനില്‍ക്കുന്നക് എന്നതിനാല്‍ ആശ്വസിക്കാം. അതേസമയം, തര്‍ക്കവിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് അന്തിമവിധിയുണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാതെയുമാക്കി.

ഒരുകോടിക്ക് മുകളില്‍ പിഴയീടാക്കിയ കേസുകളാണ് സുപ്രീംകോടതിയുടെ പരിഗണയില്‍ വരുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. കേരളത്തില്‍നിന്ന് എട്ട് സംഘങ്ങളാണ് ഇതില്‍ കക്ഷിയായിരുന്നത്. ഉഡുപ്പിയിലെ 16 സംഘങ്ങളടക്കം 33 സഹകരണ സ്ഥാപനങ്ങളും കക്ഷിയായിരുന്നു. ഇവരുടെ കേസെല്ലാം ഒന്നായാണ് പരിഗണിച്ചത്. ഇതെല്ലാം തള്ളി. മുംബൈയിലെ സാഗര്‍ ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസുമാത്രമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇത് ഒരുകോടിക്ക് മുകളിലുള്ളതാണ്. അത് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റുകയും ചെയ്തു.

ഒരുസംഘം കാര്‍ഷികവായ്പാ സഹകരണ സംഘമാണോയെന്ന് നിര്‍ണയിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിന് വേണമെന്നതാണ് അപ്പീല്‍ ഹരജിയിലെ ആവശ്യം. രജിസ്‌ട്രേഷന്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളാണെന്ന കാരണത്താല്‍ മാത്രം അവയെ അങ്ങനെ കണക്കാക്കാനാവില്ലെന്നാണ് റവന്യൂവിഭാഗത്തിന്റെ വാദം. കാര്‍ഷിക വായ്പ നല്‍കുന്നതിന്റെ തോത് കൂടി പരിഗണിച്ചുവേണം ഇങ്ങനെ നിര്‍ണയിക്കാമെന്നാണ് ഇവരുടെ വാദം. കേരള ഹൈക്കോടതിയുടെ പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് സുപ്രീംകോടതിയെ സമീപ്പിക്കാന്‍ കാരണമായത്. പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ കേസില്‍ രജിസ്‌ട്രേഷന്‍ മാത്രമല്ല, പ്രവര്‍ത്തനം കൂടി പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിച്ചിരുന്നു. ഇക്കാര്യം ആദായനികുതി വകുപ്പിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതിന് ശേഷം ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ കേസില്‍ സംഘത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ആദായനികുതി വകുപ്പല്ലെന്ന മറ്റൊരുവിധിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതായി വന്നു. കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഒരു സംഘത്തിന്റെ കാറ്റഗറി ഏതെന്ന് നിര്‍ണയിക്കുന്നത് അതിന്റെ രജിസ്‌ട്രേഷന്‍ തന്നെയാണെന്നും കോടതി വ്യക്തമാക്കി. ഇതാണ് തര്‍ക്കവിഷയമായി നിലനില്‍ക്കുന്നത്.

പെരിന്തല്‍മണ്ണ ബാങ്കിന്റെ വിധിക്ക് ശേഷം സഹകരണ ബാങ്കുകള്‍ക്ക് വന്‍നികുതിയും പിഴയും ചുമത്തുന്ന നടപടിയാണ് ആദായനികുതി വകുപ്പ് സ്വീകരിച്ചത്. കരളകുളം സര്‍വീസ് സഹകരണ ബാങ്കിന് 18.5ലക്ഷം രൂപ പിഴയിട്ടപ്പോഴാണ് തര്‍ക്കമായത്. ചിറക്കല്‍ ബാങ്കിന്റെ വിധി നിലനില്‍ക്കേതന്നെ നികുതിയിളവ് കരകുളത്തിന് നല്‍കിയില്ല. ഇത് ചോദ്യം ചെയ്തപ്പോഴാണ് റവന്യൂവിഭാഗം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പെരിന്തല്‍മണ്ണ കേസിലെ കേരള ഹൈക്കോടതി വിധി നിലനിര്‍ത്തണമെന്നാണ് ആദായനികുതി വിഭാഗത്തിന്റെ ആവശ്യം.

അന്തിമമായി നിലനില്‍ക്കുന്നത് ചിറക്കലിന്റെ വിധിയാണെങ്കിലും അത് മറികടന്ന് പിഴ ഈടാക്കുന്ന നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്. ഇത്രയും കാലം സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ടെന്ന കാരണം പറഞ്ഞായിരുന്നു പിഴയീടാക്കല്‍ തുടര്‍ന്നത്. ഇപ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വാദമാണ് ആദായനികുതി വകുപ്പ് ഉയര്‍ത്തുന്നത്. ഇതോടെ തര്‍ക്കം തുടരുമെന്ന് ഉറപ്പായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!