കേരള സഹകരണമാതൃക പുരോഗതിക്ക് ഉചിതം – ജാര്‍ഖണ്ഡ് സംഘം

moonamvazhi
കേരളമാതൃകയില്‍ സഹകരണമേഖല ശക്തിപ്പെടുത്തിയാലേ ജാര്‍ഖണ്ഡിലെ പിന്നാക്കക്കാര്‍ക്കു പുരോഗതിയുണ്ടാവൂ എന്നു കേരളം സന്ദര്‍ശിക്കുന്ന ജാര്‍ഖണ്ഡ് സഹകരണേഖലയുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോട്ടയത്തെ  സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് സന്ദര്‍ശിക്കവെ ചൊവ്വാഴ്ച ജാര്‍ഖണ്ഡ് ലോക് സഹകാര്‍ മഹാസംഘ് ചെയര്‍മാന്‍, ജയേന്ദ്രകുമാര്‍, ജനറല്‍ സെക്രട്ടറി അമല്‍പാണ്ഡേ, ജോയിന്റ് സെക്രട്ടറി സുധാംശു ശേഖര്‍ എന്നിവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍. വിജയകുമാര്‍, കോട്ടയം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു. കെ.എം. രാധാകൃഷ്ണന്‍ സഹകരണവകുപ്പിന്റെ ഉപഹാരം സമ്മാനിച്ചു.
കേരളത്തിലെ സഹകരണരംഗത്തെക്കുറിച്ചു പഠിക്കാനും ആശയവിനിമയം നടത്താനും മെയ് 22 മുതല്‍ വിവിധജില്ലകളിലെ പ്രമുഖ സഹകരണസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച സംഘം മെയ് 30നു മടങ്ങും.
തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സഹകരണസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷം ചൊവ്വാഴ്ച കോട്ടയത്തെത്തിയ സംഘം അവിടെ നാട്ടകം മറിയപ്പള്ളിയിലെ അക്ഷരമ്യൂസിയം, സാഹിത്യപ്രവര്‍ത്തകസഹകരണസംഘംഓഫീസ്, കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക്, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ്, കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച എറണാകുളംജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലായിരുന്നു സന്ദര്‍ശനം.