കേന്ദ്രസഹകരണ മന്ത്രാലയം നിലവില്‍ വന്നതുകൊണ്ട് കേരളത്തിന് എന്താണ് ദോഷമുണ്ടായത് 

moonamvazhi
കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നത് അടിസ്ഥാനമാക്കി കേരള സഹകരണ ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സഹകാരികള്‍, ജീവനക്കാര്‍, മാധ്യമപ്രതിനിധി എന്നിവരെല്ലാം പങ്കെടുത്ത ഓപ്പണ്‍ഫോറം, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടതിലൂടെയാണ് ശ്രദ്ധേയമായത്. സഹകരണ രംഗത്ത് സമീപകാലത്തുണ്ടായ ചര്‍ച്ചകളില്‍, വിഷയത്തിന്റെ പ്രധാന്യം കൊണ്ടും ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൊണ്ടും ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടി മികച്ചുനിന്നു.
മാധ്യമപ്രവര്‍ത്തകനായ ബിജു പരവത്താണ് വിഷയാവതരണം നടത്തിയത്. നാലാകാര്യങ്ങളിലൂന്നിയായിരുന്നു അവതരണം. സഹകരണ മന്ത്രാലയം രൂപീകരിച്ചത് കേരളത്തിനെ ബാധിക്കുന്നതാണോ, മന്ത്രാലയം നിലവില്‍വന്നതിന് ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്, പുതിയസാഹചര്യത്തില്‍ കേരളം സ്വീകരിക്കുന്ന സമീപനം, സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങളും അതിന് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളും എന്നിങ്ങനെയായിരുന്നു വിഷയാവതാകരന്‍ ഊന്നല്‍ നല്‍കിയ നാലുകാര്യങ്ങള്‍.
സംസ്ഥാന വിഷയമായ സഹകരണത്തില്‍ കേന്ദ്രം പുതിയ മന്ത്രാലയം രൂപീകരിച്ചതിലാണ് കേരളത്തിലെ സഹകാരികള്‍ ആശങ്ക ഉന്നയിക്കുന്നത്. സംസ്ഥാന വിഷയത്തിലുള്ള കൃഷി അടക്കമുള്ള വകുപ്പുകളില്‍ കേന്ദ്രത്തില്‍ മന്ത്രാലയം ഉള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സഹകരണത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിയുന്നത് ആശങ്കയ്ക്ക് കാരണമാകും. അത്തരം കാര്യം രാഷ്ട്രീയമായി പരിശോധിക്കേണ്ടതാണെന്നായിരുന്നു വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടിയത്. സഹകരണ മന്ത്രാലയം വന്നതോടെ, കേരളം കാലങ്ങളായി ഉന്നയിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. പൂര്‍ണ അധികാരത്തിലുള്ള കേന്ദ്ര രജിസ്ട്രാര്‍ ഓഫീസ് നിലവില്‍വന്നു, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. ഓഡിറ്റ്, പരിശോധന, തിരഞ്ഞെടുപ്പ്, ബൈലോ അനുസരിച്ചുള്ള പ്രവര്‍ത്തനം എന്നിവയ്‌ക്കെല്ലാം വ്യവസ്ഥകളും സംവിധാനവും ഉണ്ടാക്കി. ഇതൊന്നും ഇല്ലാതെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയുടെ വിശ്വാസം തകര്‍ക്കുമെന്നായിരുന്നു കേരളം ഉന്നയിച്ച പരാതി. ഇതിന് പരിഹാരമുണ്ടായെന്ന് വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രാലയം നിലവില്‍വന്നതിന് ശേഷം 53 പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുള്ള മോഡല്‍ ബൈലോ, കോമണ്‍ സോഫ്റ്റ് വെയര്‍ എന്നിവയാണ് പ്രധാനം. ഇതില്‍നിന്ന് കേരളം മാറിനില്‍ക്കുന്ന സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും, ഭാവിയില്‍ കേരളത്തിനെ കേന്ദ്ര പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക അടിത്തറ ദുര്‍ബലപ്പെട്ടുവരികയാണെന്ന് പുതിയ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇത് മറികടക്കാന്‍ വായ്‌പേതര പദ്ധതികളൂടെ വരുമാനം നേടാനാകണം. ഇതിന് കേന്ദ്രപദ്ധതികളെ സംഘങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകണമെന്നും വിഷയാവതരണത്തില്‍ പറഞ്ഞു.
കുടിശ്ശിക കൂടുന്നതും, സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത് വൈകുന്നതുമാണ് കേരളത്തിലെ പ്രതിസന്ധിയെന്ന് കാരശ്ശേരി ബാങ്ക് പ്രസിഡന്റ് എന്‍.കെ.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കാലത്തിനനുസരിച്ച് മാറാനും, പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെക്കാനും സഹകാരികള്‍ക്ക് കഴിയണം. അതിന് സഹകരണ വകുപ്പ് പാകപ്പെടുന്നില്ലെന്ന് തന്റെ പ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍ വിവരിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് രാഷ്ട്രീയലക്ഷ്യമുണ്ടെന്നും, അത് കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപം ഉന്നമിട്ടുള്ളതാണെന്നും കുരുവട്ടൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.സുബ്രഹ്‌മണ്യന്‍ പറഞ്ഞു.  പെരുമണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജേഷ്, ദിനേഷ് പെരുമണ്ണ, സിറ്റി ബാങ്ക് ജനറല്‍മാനേജര്‍, സാജു ജെയിംസ്, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.വി.ജയേഷ്, വൈസ് പ്രസിഡന്റ് കെ.ലത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന നടന്ന യാത്രയയപ്പ് സമ്മേളനവും നേതൃത്വ പരിശീലന ശില്‍പശാലയും കെ.കെ.രമ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.