കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ബോംബേ ഹൈക്കോടതി തള്ളി

Moonamvazhi

വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകള്‍ ഭരണഘടനാലംഘനമാണെന്ന് കാണിച്ച് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

വായ്പകള്‍ മുടങ്ങിയെന്ന കാരണത്താല്‍ വ്യക്തികള്‍ക്കെതിരെ ലുട്ട് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊതുമേഖല ബാങ്ക് മേധാവികള്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മെമ്മോറാണ്ടങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍ക്കെതിരെ തിരിച്ചില്‍ നോട്ടീസ് ഇറക്കാന്‍ 2018-ലെ ബാങ്കിങ് നിയന്ത്രണ ഭേദഗതിയിലൂടെ പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇതിനെതിരെ നിരവധി ഹരജികളാണ് ബോംബെ ഹൈക്കോടതിയുടെ മുന്നിലെത്തിയത്. രാജ്യത്തിന്റെ ധനകാര്യ മേഖലയുടെ നിലനില്‍പിന് ഈ ഭേദഗതി അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇത്തരത്തില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ലഭിച്ചവരെ വിദേശയാത്രയില്‍നിന്ന് തടയുന്നതാണ് വ്യവസ്ഥ. ബാങ്കുകളുടെ ധനകാര്യ താല്‍പര്യം രാജ്യത്തിന്റെ താല്‍പര്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാന്‍ വാദിച്ചു. ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi