2022-23 ല്‍ ഇഫ്‌കോയ്ക്ക് റെക്കോഡ് വിറ്റുവരവ്

moonamvazhi

ലോകത്തു സഹകരണമേഖലയിലെ ഏറ്റവും വലിയ രാസവളം ഉല്‍പ്പാദകരായ ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) മുന്‍കാല റെക്കോഡുകള്‍ മറികടന്ന് 2022-23 സാമ്പത്തികവര്‍ഷം 60,324 കോടി രൂപയുടെ വിറ്റുവരവ് നേടി. 3,053 കോടി രൂപയാണ് ഇഫ്‌കോയുടെ അറ്റലാഭം.

നികുതിക്കുശേഷമുള്ള ലാഭത്തില്‍ ഇഫ്‌കോ 2022-23 സാമ്പത്തികവര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 61 ശതമാനം വര്‍ധന നേടി. 2021-22 ല്‍ നികുതിക്കുശേഷമുള്ള ലാഭം 1,884 കോടി രൂപയായിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ 3,053 കോടി രൂപയുടെ ലാഭം കൈവരിച്ചത്. നാനോ യൂറിയയുടെ രണ്ടു പ്ലാന്റുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ 2022-23 ല്‍ നാനോ യൂറിയയുടെ വില്‍പ്പന 2.15 കോടി കുപ്പിയില്‍ നിന്നു 3.27 കോടി കുപ്പിയായി വര്‍ധിച്ചിട്ടുണ്ട്. അസോസിയേറ്റ്‌സും സബ്‌സിഡറികളുമുള്‍പ്പെടെ ഇഫ്‌കോ ഗ്രൂപ്പിന്റെ മൂല്യം ഇപ്പോള്‍ 1.05 ലക്ഷം കോടി രൂപയാണ്.

4.8 കോടി നാനോ യൂറിയ കുപ്പികളിലൂടെ ഇഫ്‌കോ 21.6 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഉല്‍പ്പാദിപ്പിച്ചതായി മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അറിയിച്ചു. ഇഫ്‌കോയുടെ മൊത്തം രാസവളം ഉല്‍പ്പാദനം 95.62 ലക്ഷം മെട്രിക് ടണ്ണാണ്. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ( ഐ.സി.എ ) ലോക കോ-ഓപ്പറേറ്റീവ് മോണിട്ടറിന്റെ കണക്കനുസരിച്ച് ലോകത്തെ മുന്‍നിരയിലുള്ള 300 സഹകരണസ്ഥാപനങ്ങളില്‍ ഇഫ്‌കോ ഒന്നാം സ്ഥാനത്താണ്. ‘ സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘ എന്നതിന്റെ ഉത്തമോദാഹരണമാണ് ഇഫ്‌കോയുടെ ഈ നേട്ടമെന്നു ഡോ. അവസ്തി ട്വീറ്റ് ചെയ്തു.

1967 ല്‍ ന്യൂഡല്‍ഹി ആസ്ഥാനമായി സ്ഥാപിതമായ ഇഫ്‌കോ എന്ന ബഹുസംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് ) സഹകരണസ്ഥാപനം രാസവളംനിര്‍മാണം, വിപണനം എന്നിവയിലാണു പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!