സഹകരണ സംഭരണ ശാലകള്‍ നിര്‍മ്മിക്കാന്‍ ഭൂമി പാട്ടത്തിനായാലും അനുമതി നല്‍കും

moonamvazhi

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് സംഭരണ ശാലകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ ഭൂമിയുടെ വ്യവസ്ഥയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഒരേക്കര്‍ ഭൂമി സ്വന്തമായുള്ള സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. അതിലാണ് മാറ്റം വരുത്തിയത്. പാട്ടഭൂമിയായാലും കേന്ദ്രഫണ്ട് അനുവദിക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ദീര്‍ഘകാലത്തേക്കാണ് പാട്ടവ്യവസ്ഥ വേണ്ടത്. ദീര്‍ഘകാലം എന്നതുകൊണ്ട് എത്രകാലമാണ് കുറഞ്ഞത് വേണ്ടത് എന്ന കാര്യത്തില്‍ പ്രത്യേകം വ്യവസ്ഥയില്ല.

തമിഴ്‌നാട്ടിലെ ഒരു സഹകരണ സംഘം നല്‍കിയ അപേക്ഷയിലാണ് ഇത്തരമൊരു വ്യവസ്ഥ കൂടി പരിഗണിക്കാമെന്ന തീരുമാനം കേന്ദ്ര സഹകരണ മന്ത്രാലയം കൈക്കൊണ്ടത്. രണ്ട് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ സംയുക്ത ഉടമ്പടി അനുസരിച്ചാണ് ഇതിലൊരു സംഘം അപേക്ഷ നല്‍കിയത്. ഒരു സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി 30 വര്‍ഷത്തേക്ക് മറ്റൊരു സംഘം പാട്ടത്തിനെടുത്താണ് സംഭരണ ശാല പണിയാനുള്ള പദ്ധതിയില്‍ അപേക്ഷിച്ചത്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സഹകരണ സംഘം, സര്‍ക്കാര്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്തും സംഘങ്ങള്‍ സംഭരണ ശാല പണിയാമെന്നാണ് പുതിയ തീരുമാനം.

കേരളം അടക്കമുള്ള 20 സംസ്ഥാനങ്ങളിലാണ് പൈലറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംഭരണശാലകളുടെ ശൃംഖല സഹകരണ മേഖലയില്‍ സ്ഥാപിക്കാനാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ പകുതി പോലും സംഭരിക്കാനുള്ള ശേഷി രാജ്യത്തില്ല. 311 മില്യണ്‍ മെട്രിക് ടെണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, 145 മില്യണ്‍ മെട്രിക് ടെണ്‍ ധാന്യങ്ങള്‍ സംഭരിക്കാനുള്ള സംവിധാനമേ രാജ്യത്തുള്ളൂ. 166 മില്യണ്‍ മെട്രിക് ടെണ്‍ സംഭരണ ശേഷിയുടെ കുറവാണുള്ളത്. ഇതാണ് സഹകരണ പദ്ധതിയിലൂടെ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ തുടങ്ങുന്ന സംഭരണശാലകള്‍ മൂന്നുരീതിയില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സംഭരണ ശാലയായി ഇതിനെ ഉപയോഗിക്കും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍, റെയില്‍വേ, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെല്ലാമായിരിക്കും ഈ സൗകര്യം നല്‍കുക. സഹകരണ മേഖലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും വിപണന കേന്ദ്രം ഒരുക്കുകയും ചെയ്യുന്ന കേന്ദ്രമായി ഈ സംഭരണശാലകളെ മാറ്റുന്നതാണ് രണ്ടാമത്തെ രീതി. വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയ്ക്കും ഈ സംഭരണശാലകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍നിന്നുള്ള പണമാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ആറ് പദ്ധതികളെ ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കുക. 1,30,492 കോടിരൂപയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17,546 കോടിരൂപ സഹകരണ സംഘങ്ങള്‍ക്ക് സബ്‌സിഡിയായി അനുവദിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!