സഹകരണ മേഖല നിലനില്‍ക്കുന്നത് വിശ്വാസമാകുന്ന അടിത്തറയില്‍: കെ.സി.ഇ.എഫ്

moonamvazhi

നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖല ഇത്രമാത്രം വളര്‍ച്ച പ്രാപിച്ചത് അതിന്റെ അടിത്തറ ജനവിശ്വാസത്തില്‍ തീര്‍ത്തതു കൊണ്ടാണെന്നും ആ അടിത്തറ ഇളക്കുന്ന പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തു നിന്നുണ്ടായാലും ആശ്വാസ്യകരമല്ലെന്നും കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അഭിപ്രായപ്പെട്ടു.

സഹകരണ മേഖല തകര്‍ന്നാല്‍ തകരുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയും, നാട്ടിലെ സാധാരണ ജനങ്ങളുമാണ്. കേന്ദ്രം പുതിയ നയ-നിയമ രുപീകരണങളിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെയും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെയും കെടുകാര്യസ്ഥത കേന്ദ്രനയത്തിന് സഹായകമായിരിക്കുകയാണ്.

 

സഹകരണ രംഗം അഴിമതിക്കും അവിഹിത മാര്‍ഗ്ഗത്തിലൂടെ സമ്പാദ്യം ഉണ്ടാക്കാനുമുള്ള ഒരു മാര്‍ഗ്ഗമാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടവര്‍ ഇത്തരക്കാരെ ന്യായീകരിക്കുന്നത് ജനവിശ്വാസം തകര്‍ക്കാനേ ഉപകരിക്കൂ. കരുവന്നൂരിലെ ക്രമക്കേട് കണ്ടെത്തിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. പൊതുസമൂഹം ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.എന്നിട്ടും അഴിമതി നടത്തിയവരെ തള്ളി പറയാനോ ശിക്ഷിക്കാനോ ഭരണകൂടവും സി.പി.എമ്മും തയ്യാറായിട്ടില്ല.

ഇ.ഡി യുടെ ഇടപെടലിന് വഴി ഒരുക്കിയതും സംസ്ഥാന ഗവ: ന്റെ നയസമീപനങ്ങളാണ്. ഇന്ന് ഈ മേഖല നേരിടുന്ന പ്രതിസന്ധിക്കും കാരണം ഈ നിലപാടാണ്. നിയമസഭയില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ തെറ്റായ ഉത്തരമാണ് ഇപ്പോള്‍ സൂഹമാധ്യമങ്ങളും ചാനലുകളും ചര്‍ച്ച ചെയ്യന്നത്. പിന്നീട് മന്ത്രി തന്നെ അത് പിന്‍വലിച്ചിട്ടുള്ളതുമാണ്. 65 എന്‍ക്വയറിക്ക് നോട്ടീസ് കിട്ടിയ സംഘങ്ങളെ പോലും നിക്ഷേപം തിരിച്ച് കൊടുക്കാന്‍ പറ്റാത്ത സംഘങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. പലപ്പോഴും 65 എന്‍ക്വയറി എന്നത് രാഷ്ട്രീയ പ്രേരിതമാകുന്നു എന്നത് വാസ്തവമാണ്.

സംസ്ഥാന ഭരണം കൈയ്യാളുന്ന പാര്‍ട്ടി ഭരിക്കുന്ന സംഘങ്ങള്‍ക്ക് എന്തുമാകാമെന്നുതും മറ്റുള്ള സംഘങ്ങളില്‍ കാരണമുണ്ടാക്കിനോട്ടീസ് നല്‍കുന്ന പ്രവര്‍ത്തനം സഹകരണ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു എന്നതും ആപല്‍ക്കരമായ പ്രവണതയാണ്. സഹകരണ മേഖലക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുക്കാന്‍ അഴിമതിക്കാരെ തള്ളി പറയാനും, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാനും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ കൂട്ടായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കണം. കരുവന്നൂരിലെ ഉള്‍പ്പെടെ പ്രതിസന്ധി നേരിടുന്ന സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ച് നല്‍കാന്‍ ആവശ്യമായ ക്രിയാത്മക നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം – കെ.സി.ഇ.എഫ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കെ.സി ഇ എഫ് ആസ്ഥാനമായ സംഗമത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് വിനയകുമാര്‍ പി.കെ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു. എം രാജു, എം.ആര്‍. സാബു രാജന്‍,ടി.സി ലൂക്കോസ്, ടി.വി ഉണ്ണികൃഷ്ണന്‍ , സി.വി അജയന്‍, ബിനു കാവുങ്കല്‍ ബി.പ്രേംകുമാര്‍ സി.കെ.മുഹമ്മദ് മുസ്തഫ, ബി.ആര്‍ അനില്‍കുമാര്‍, സി.ശ്രീകല, പി.രാധാകൃഷ്ണന്‍ , അബ്രഹാം കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!