സഹകരണസംഘം ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസ്

moonamvazhi

എല്ലാ സഹകരണസംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാര്‍ക്കു 2022-23 വര്‍ഷത്തെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33 ശതമാനം, മാസവേതനം പരമാവധി 7000 രൂപ എന്ന തോതില്‍ കണക്കാക്കി, ബോണസ് നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു 2022-23 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനു സഹകരണവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറിലാണ് ( No. 30 / 2023 )  ഇക്കാര്യമുള്ളത്.

സഹകരണവകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള, ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടാത്ത സഹകരണസ്ഥാപനങ്ങളിലെ, ശമ്പളസ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, നീതി സ്റ്റോറിലും മെഡിക്കല്‍ സ്റ്റോറിലും റഗുലര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവര്‍ക്കു ബോണസിന് അര്‍ഹതയുണ്ടായിരിക്കും. നിക്ഷേപ /  വായ്പാ കളക്ഷന്‍ ജീവനക്കാര്‍ക്കും അപ്രൈസര്‍മാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി ബോണസ് അനുവദിക്കും.

2022-23 വര്‍ഷത്തെ കണക്കനുസരിച്ചു ബോണസ് നിയമത്തില്‍ നിര്‍ദേശിച്ചപ്രകാരം മതിയായ സംഖ്യ വിഭജിക്കാവുന്ന മിച്ചമുള്ള ( Allocable surplus ) സംഘങ്ങള്‍ക്കു 7000 രൂപവരെ മാസവേതനമുള്ള ജീവനക്കാര്‍ക്കു വാര്‍ഷികവേതനത്തിന്റെ 20 ശതമാനത്തില്‍ കൂടാത്ത സംഖ്യ ബോണസായി നല്‍കാവുന്നതാണെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിഭജിക്കാവുന്ന മിച്ചമുള്ള സംഘങ്ങള്‍ 7000 രൂപയ്ക്കുമേല്‍ മാസവേതനമുള്ള ജീവനക്കാര്‍ക്കു മാസവേതനം 7000 രൂപ എന്നു കണക്കാക്കി അതിന്റെ 20 ശതമാനത്തില്‍ കൂടാത്ത സംഖ്യയാണു ബോണസായി നല്‍കേണ്ടത്.

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപ /  വായ്പാ കളക്ഷന്‍ ജീവനക്കാര്‍ക്കു അവരുടെ കമ്മീഷനില്‍നിന്നു പ്രതിമാസശമ്പളപരിധിയായി 5000 രൂപ നിശ്ചയിച്ച് അതിനാനുപാതികമായി നിബന്ധനകള്‍ക്കു വിധേയമായി ബോണസ് അനുവദിക്കാം. കമ്മീഷന്‍ വ്യവസ്ഥയിലുള്ള അപ്രൈസര്‍മാര്‍ക്കും 5000 രൂപ പ്രതിമാസശമ്പളപരിധി നിശ്ചയിച്ച് അതിനാനുപാതികമായാണു ബോണസ് നല്‍കേണ്ടത്.

വിഭജിക്കാവുന്ന മിച്ചം കണക്കാക്കുന്നതെങ്ങനെയെന്നു സഹകരണസംഘം രജിസ്ട്രാറുടെ വെബ്‌സൈറ്റിലുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!