സഹകരണബാങ്കില്‍നിന്നുള്ള നിക്ഷേപപ്പലിശയ്ക്ക് സംഘങ്ങള്‍ ആദായനികുതി അടയ്‌ക്കേണ്ട- മദ്രാസ് ഹൈക്കോടതി

moonamvazhi

ഒരു സഹകരണബാങ്കില്‍ നിക്ഷേപിച്ച തുകയില്‍നിന്നു കിട്ടുന്ന പലിശയ്ക്കു സഹകരണസംഘങ്ങള്‍ക്ക് ആദായനികുതിയിളവിനു അര്‍ഹതയുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു സഹകരണസംഘത്തിനു കീഴിലുള്ള അര്‍ബന്‍ സഹകരണബാങ്ക് ഒരു സഹകരണസംഘം മാത്രമാണെന്നും അതിനാല്‍ത്തന്നെ സഹകരണബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശയ്ക്കു ആദായനികുതി ബാധകമല്ലെന്നുമാണു ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി ഉത്തരവിട്ടത്.

ആദായനികുതിനിയമത്തിലെ സെക്ഷന്‍ 2 ( 19 ) അനുസരിച്ച് ഒരു സഹകരണസംഘം എന്നാല്‍ 1912 ലെ സഹകരണസംഘംനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘമാണെന്നു നിര്‍വചനത്തില്‍ വ്യക്തമാണ്. അപ്പോള്‍, ബാങ്കിങ് ബിസിനസോ മറ്റെന്തെങ്കിലും ബിസിനസോ നടത്തിയാലും അല്ലെങ്കില്‍ സഹകരണബാങ്കായാലും നിര്‍വചനപ്രകാരം ഒരു സഹകരണസംഘം എന്നതു സഹകരണസംഘം മാത്രമാണ് – ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി അഭിപ്രായപ്പെട്ടു.

വെല്ലൂര്‍ ജില്ലയിലെ രണ്ട് അര്‍ബന്‍ സഹകരണസംഘങ്ങളാണു ഹര്‍ജിക്കാര്‍. നിക്ഷേപത്തിനു കിട്ടിയ പലിശയ്ക്കു ആദായനികുതിവകുപ്പ് നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ടതിനെയാണ് ഈ സംഘങ്ങള്‍ ചോദ്യം ചെയ്തത്. 1983 ലെ തമിഴ്‌നാട് സഹകരണസംഘം നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സഹകരണബാങ്കിലാണു തങ്ങള്‍ നിക്ഷേപം നടത്തിയത് എന്നാണു ഹര്‍ജിക്കാര്‍ ബോധിപ്പിച്ചത്.

ഒരു സഹകരണബാങ്കില്‍ നിക്ഷേപിച്ച പണത്തിന്മേല്‍ കിട്ടിയ പലിശയ്ക്കു സെക്ഷന്‍ 80 പി ( 2 ) ( ഡി ) അനുസരിച്ച് തങ്ങള്‍ക്ക് ആദായനികുതിയിളവിന് അര്‍ഹതയുണ്ടെന്ന ഹര്‍ജിക്കാരുടെ വാദമാണ് ആദായനികുതിവകുപ്പ് എതിര്‍ത്തത്. സെക്ഷന്‍ 148 അനുസരിച്ചാണ് ആദായനികുതിവകുപ്പ് ഇതിനെ ചോദ്യം ചെയ്തത്. സഹകരണസംഘത്തില്‍നിന്നു കിട്ടുന്ന ആദായത്തിനും പലിശയ്ക്കും മാത്രമേ ആദായനികുതിയിളവിനു അര്‍ഹതയുള്ളു. സഹകരണബാങ്കില്‍നിന്നുള്ള ആദായത്തിനും പലിശയ്ക്കും ഈ ഇളവില്ല- ആദായനികുതിവകുപ്പ് വാദിച്ചു. എന്നാല്‍, കോടതി ഈ വാദം തള്ളി. മറ്റേതു സഹകരണസംഘത്തിലും നിക്ഷേപിക്കുന്ന തുകയുടെ പലിശയ്ക്കു സഹകരണസംഘങ്ങള്‍ക്കു ആദായനികുതിയിളവിന് അര്‍ഹതയുണ്ടെന്നു കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!