സംഘങ്ങള്‍ ഒന്നിക്കുമ്പോള്‍

[email protected]

വലിയ പാലവും നാലുവരിപ്പാതയും മാത്രമാണ് വികസനമെന്നതല്ല ഇടതുപക്ഷ കാഴ്ചപ്പാട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലെടുക്കുന്നവന്റെയും കര്‍ഷകന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ സൂചികയായി ഇടതുപക്ഷം കാണുന്നത്. ജീവിതം ഒരു ശൃംഖലയാണെന്നും ആ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നത് ആ ശൃംഖലയില്‍ ഇഴയടുപ്പത്തോടെ നില്‍ക്കുന്നവരാണെന്നുമുള്ളത് ഒരു മാര്‍ക്‌സിയന്‍ കാഴ്ചപ്പാടാണ്. ഒപ്പം ഒരു സഹകരണ കാഴ്ചപ്പാടും. ‘ എല്ലാവരും ഓരോരുത്തര്‍ക്കും ഓരോരുത്തരും എല്ലാവര്‍ക്കും ‘ എന്ന സഹകരണ മുദ്രാവാക്യത്തിന്റെ അന്ത:സത്ത ഇതാണ്. വിതയിറക്കുന്ന കര്‍ഷനില്‍നിന്ന് മെച്ചപ്പെട്ട വിലനല്‍കി വിള ഏറ്റെടുക്കണം. ആ വിള ഉല്‍പ്പന്നങ്ങളും ഉപോല്‍പ്പന്നങ്ങളുമാക്കി വിപണിയിലെത്തിക്കണം. അവ ആവശ്യക്കാരന്റെ കൈയിലെത്തണം. ഇതിനിടയില്‍ ചൂഷണരീതി വന്നാല്‍ ആദ്യാവസാനം അതിന് ഇരയാകുന്നത് കര്‍ഷകനാകും. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷികവിളകളുടെ സംഭരണത്തിലും വിതരണത്തിലും സഹകരണ സംഘങ്ങള്‍ രൂപം കൊണ്ടത്. അത് ഇന്ന് എല്ലാ മേഖലയിലേക്കും വ്യാപിച്ചു. ഉടമകളും ഉല്‍പാദകരുമെല്ലാം ഒരാളാകുന്നതാണ് സഹകരണ സംഘങ്ങളുടെ സ്വഭാവം. ഒരു സഹകരണ സംഘത്തിന്റെ ലക്ഷ്യം അതിലെ അംഗങ്ങളുടെ ക്ഷേമമാണ്. അങ്ങനെയുള്ള സഹകരണ സംഘങ്ങളെ ഒരുമിപ്പിച്ച് സമൂഹ വികസനത്തിനുള്ള ഉപാധിയാക്കി മാറ്റുകയെന്ന പരീക്ഷണമാണ് ധനമന്ത്രി പുതിയ ബജറ്റവതരണത്തില്‍ സ്വീകരിച്ചത്.

ഓരോ സംഘവും അവയുടെ അംഗങ്ങള്‍ക്കു വേണ്ടി പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. അതേ രീതിയില്‍ ഒരു കൂട്ടം സംഘങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സമൂഹത്തിലാകെ വേണ്ട ഒരു വികസന പദ്ധതി നടപ്പാക്കാനാവും. ഇതാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്ന രീതി. കയര്‍ മേഖലയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. തേങ്ങയിട്ട്, തൊണ്ട് സംഭരിച്ച്, ചകിരിയാക്കി, കയര്‍ സംഘങ്ങളിലെത്തിച്ച്, അവ കയറും കയറുല്‍പന്നങ്ങളുമാക്കി മാറ്റി വിപണയിലെത്തിക്കുന്നതുവരെയുള്ള പദ്ധതി സഹകരണ സംഘങ്ങളിലൂടെ ചെയ്യുക. സര്‍ക്കാരിന് മുതല്‍മുടക്കില്ല. അതേസമയം, ഇതിന്റെ ഓരോ ഘട്ടവും വിജയിക്കുമ്പോള്‍ വലിയൊരു വിഭാഗം തൊഴിലാളികളുടെ ജീവിതമാണ് മാറുന്നത്. ‘ ഓരോ സംഘവും എല്ലാ സംഘങ്ങള്‍ക്കും വേണ്ടി ‘ എന്ന പുതിയ സഹകരണാധിഷ്ഠിത വികസന കാഴ്ചപ്പാടാണിത്. പ്രോത്സാഹിപ്പിക്കപ്പെടേണ്ട രീതിയാണിത്. പക്ഷേ, ഇതിന്റെ അപകടത്തെക്കുറിച്ചു കൂടി ജാഗ്രതയുണ്ടാവണം. ഒരു ചങ്ങലയുടെ ശക്തി അതിന്റെ ഓരോ കണ്ണിയും ഇഴവിടാതെ നില്‍ക്കുമ്പോഴാണ്. ഏതെങ്കിലും ഒന്നു പൊട്ടിയാല്‍ അതിന്റെ ശക്തിചോരും. ഇതേപോലെ പരസ്പരം ആശ്രയിച്ചുള്ള പദ്ധതി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുമ്പോള്‍ ആ കണ്ണി പൊട്ടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റെതാണ്.

കേരളബാങ്കിനായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുമ്പോള്‍ ബാങ്കിന്റെ അറ്റമൂല്യത്തിനനുസരിച്ച് ഓഹരിമൂല്യം നിശ്ചയിക്കണമെന്നാണ് നബാര്‍ഡ് നിര്‍ദ്ദേശിച്ചത്. കേരളത്തിലെ സഹകരണ മേഖലയില്‍ അത് പരിചിതമല്ലാത്ത രീതിയാണ്. ഓഹരി വിപണിയിലെപ്പോലെയല്ല സഹകരണ സംഘങ്ങളില്‍ അംഗങ്ങളുടെ പങ്കാളിത്തമുള്ളത്. ഇത് മറ്റൊരു വിഷയമാണ്. അതിന്റെ ശരിതെറ്റുകളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നബാര്‍ഡ് സര്‍ക്കാരിന് നല്‍കിയ കത്തിലെ ഒരു വാക്കുണ്ട്. ‘ ഒരുസഹകരണ സംഘത്തിന്റെ വളര്‍ച്ച അതിലെ അംഗങ്ങളുടെ വിയര്‍പ്പും കഷ്ടപ്പാടുമാണ് ‘ എന്നാണത്. സഹകരണ സംഘങ്ങളില്‍നിന്ന് വികസന പദ്ധതികള്‍ക്കായി എത്ര കോടിരൂപ സര്‍ക്കാര്‍ കണ്ടെത്തുന്നതിലും തെറ്റില്ല. പക്ഷേ, നബാര്‍ഡിന്റെ ഈ വാക്കുകള്‍ ഓര്‍മ്മയിലുണ്ടാവണമെന്നുമാത്രം. – എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News