ജില്ലാ സഹകരണബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകള്‍ പൂട്ടാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണ്ട

moonamvazhi

ജില്ലാ സഹകരണബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകളോ എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകളോ അടച്ചുപൂട്ടാന്‍ തങ്ങളുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. പക്ഷേ, ചില വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ ഇവ പൂട്ടാന്‍ പാടുള്ളൂ എന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ശാഖകള്‍ അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്ന ജില്ലാ സഹകരണബാങ്കുകള്‍ 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 35 എ സെക്ഷന്‍പ്രകാരം റിസര്‍വ് ബാങ്കിന്റെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തവയായിരിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. എല്ലാ വസ്തുതകളും പരിശോധിച്ചശേഷമേ അടച്ചുപൂട്ടാനുള്ള തീരുമാനം ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് എടുക്കാവൂ. ഇക്കാര്യം യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തണം. ശാഖ അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിരിക്കണം. നിലവിലുള്ള എല്ലാ നിക്ഷേപകരെയും ഇടപാടുകാരെയും ശാഖ അടയ്ക്കുന്നതുസംബന്ധിച്ചു രണ്ടു മാസം മുമ്പേ പ്രാദേശികപത്രങ്ങളിലൂടെ വിവരമറിയിക്കണം. അടച്ചുപൂട്ടുന്ന ശാഖയുടെ അസ്സല്‍ ലൈസന്‍സ് റിസര്‍വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം. ശാഖാകെട്ടിടം തിരിച്ചേല്‍പ്പിക്കുന്ന കാര്യം റിസര്‍വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസിനെയും നബാര്‍ഡിനെയും സഹകരണസംഘം രജിസ്ട്രാറെയും അറിയിക്കണം. ശാഖ അടച്ചുപൂട്ടി ഒരു മാസത്തിനകം 1966 ലെ ബാങ്കിങ് നിയന്ത്രണ ( സഹകരണസംഘം ) നിയമത്തിലെ ചട്ടം എട്ട് അനുസരിച്ചു നിശ്ചിത ഫോറം VI ല്‍ വിവരം റിസര്‍വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസിനെയും നബാര്‍ഡിനെയും അറിയിക്കണം. ഇതോടൊപ്പം ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനത്തിന്റെയും സഹകരണസംഘം രജിസ്ട്രാറുടെ അംഗീകാരത്തിന്റെയും പകര്‍പ്പുകളും വെയ്ക്കണം. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നബാര്‍ഡിന്റെ ഇന്‍സ്‌പെക്ഷന്‍ സംഘത്തിനു പരിശോധനാവേളയില്‍ കൈമാറണം- റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ജില്ലാ സഹകരണബാങ്കുകളുടെ ശാഖകള്‍ മാറ്റുന്നതുസംബന്ധിച്ച വ്യവസ്ഥകളില്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ വ്യക്തതയും വരുത്തിയിട്ടുണ്ട്. ശാഖകള്‍ /  ഓഫീസുകള്‍ /  എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ അതേ ഗ്രാമത്തിലോ പട്ടണത്തിലോ നഗരത്തിലോ ഉള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനു റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എങ്കിലും, ശാഖാമാറ്റത്തിനു ബന്ധപ്പെട്ട ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തിരിക്കണം. ഇതിനു സഹകരണസംഘം രജിസ്ട്രാറുടെ അംഗീകാരം നേടിയിരിക്കണം. ഇടപാടുകാര്‍ക്കുണ്ടാകുന്ന അസൗകര്യം മാനിച്ച് ഇക്കാര്യം രണ്ടു മാസം മുമ്പേ അവരെ അറിയിച്ചിരിക്കണം- റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!