റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി 

moonamvazhi

റെയ്ഡ്‌കോ കണ്ണൂര്‍ ചാലോടില്‍ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി. അലോപ്പതി മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിലെ വില്‍പ്പന. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭിക്കും. ഓരോ വിഭാഗത്തിലും ഒരു ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കും. തിങ്കൾ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ രാത്രി 8.30 വരെയാണ് സേവനം. അലോപ്പതി ഡോക്ടര്‍മാര്‍ എല്ലാ ദിവസവും ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാർ ആഴ്ചയില്‍ മൂന്ന് ദിവസവുമാണ് ക്ലിനിക്കിൽ ഉണ്ടാവുക.

സഹകരണ മെഡിക്കല്‍ സ്റ്റോര്‍ ആന്റ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ നിര്‍വ്വഹിച്ചു. ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മരുന്നിന്റെ വില വര്‍ധിക്കുന്ന അവസരങ്ങളില്‍ ഉള്‍പ്പെടെ സഹകരണ സ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ആരോഗ്യമേഖലയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി എ.കെ.ജി മെമ്മോറിയല്‍ സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. പരിപാടിയില്‍ റെയ്ഡ്‌കോ ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.രതീഷ്, റെയ്ഡ്‌കോ ഡയറക്ടര്‍ അഡ്വ.വാസു തോട്ടത്തില്‍, മാനേജിങ് ഡയറക്ടര്‍ സി.പി. മനോജ്കുമാര്‍, എ.കെ.ജി ആശുപത്രി പ്രസിഡണ്ട് പി.പുരുഷോത്തമന്‍, ഡയറക്ടര്‍ ഡോ.കെ.പി ബാലകൃഷ്ണ പൊതുവാള്‍, ഡോ.പ്രശോഭ്, ഡോ.എ.രാമചന്ദ്രന്‍, ഡോ.കെ.സി.വത്സല, കെ.വി. പ്രജീഷ്, ഒ.കെ.പ്രസാദ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.