സ്‌കൂളിലും സര്‍വകലാശാലകളിലും സഹകരണ, ഡിപ്ലോമ, ബിരുദ കോഴ്‌സുകള്‍ തുടങ്ങും

moonamvazhi
  • എന്‍.സി.ഡി.സി.ക്ക് 500 കോടി ,പാക്‌സ് കമ്പ്യൂട്ടര്‍വത്കരണത്തിനും 500 കോടി
  • സഹകരണസ്ഥാപനങ്ങളിലൂടെ അഭിവൃദ്ധി ‘ പദ്ധതിക്ക് തുടക്കമിട്ടു

ധനമന്ത്രി നിര്‍മലാസീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കേന്ദ്ര സഹകരണമന്ത്രാലയത്തിന് അനുവദിച്ചത് 1183.93 കോടിരൂപ. ഇതില്‍ ഏറിയപങ്കും അടുത്ത നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലെ പഞ്ചസാരഫാക്ടറി സഹകരണസംഘങ്ങള്‍ക്കാണു പ്രയോജനപ്പെടുക. ദേശീയ സഹകരണവികസന കോര്‍പറേഷന് (എന്‍.സി.ഡി.സി) 500 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളുടെ (പാക്‌സ്) കമ്പ്യൂട്ടര്‍വത്കരണത്തിനും 500 കോടി രൂപയുണ്ട്.

വിവരസാങ്കേതികവിദ്യയിലൂടെ സഹകരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള കേന്ദ്രപദ്ധതികള്‍ക്കായി 88.96 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. കാര്‍ഷികഗ്രാമവികസനബാങ്കുകളുടെ (എ.ആര്‍.ഡി.ബി) കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള പദ്ധതിക്കും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള പദ്ധതിക്കുമൊക്കെ ഇതിന്റെ പ്രയോജനം കിട്ടും. കേന്ദ്രസഹകരണമന്ത്രാലയ സെക്രട്ടേറിയറ്റിന്റെ ചെലവുകള്‍ക്കായി 39.40 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ ഓഫീസ്, സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി ഓഫീസ്, സഹകരണ ഓംബുഡ്‌സ്മാന്‍ തുടങ്ങിയവയുടെ ചെലവുകള്‍ ഇതില്‍പെടും. സഹകരണസ്ഥാപനങ്ങളിലൂടെ അഭിവൃദ്ധി പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനു ഒരു ലക്ഷം രൂപയാണു പ്രാരംഭമായി വകയിരുത്തിയിട്ടുള്ളത്. ദേശീയ സഹകരണപരിശീലന കൗണ്‍സിലിനും (എന്‍.സി.സി.ടി) വൈകുണ്ഠലാല്‍ മേത്ത സ്മാരക ദേശീയ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും (വാംനികോം) 55 കോടിരൂപ സഹായഗ്രാന്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍.സി.സി.ടി.ക്കു 43 കോടിരൂപയും വാംമിനികോമിനു 12 കോടിരൂപയും.

സഹകരണവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും സ്‌കൂളുകളിലും സര്‍വകലാശാലകളിലും സഹകരണ ഡിപ്ലോമ, ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാനുമുള്ള പദ്ധതിക്ക് ഒരു ലക്ഷം രൂപ ടോക്കണ്‍ ആയി ഉള്‍പ്പെടുത്തി. നിലവിലുള്ള സഹകരണപരിശീലനസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നവീകരിക്കാനുമുണ്ട് ഒരു ലക്ഷംരൂപ. 202324ലെ ബജറ്റില്‍ സഹകരണവിദ്യാഭ്യാസത്തിനു 30 കോടിരൂപയും സഹകരണപരിശീലനത്തിന് 25 കോടിരൂപയും വകയിരുത്തിയിരുന്നെങ്കിലും ഇത്തവണ അതില്ല. സഹകരണപരിശീലനവിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ഒരു ലക്ഷംരൂപ ടോക്കണായി ഉള്‍പ്പെടുത്തുക മാത്രമാണു ചെയ്തിട്ടുള്ളത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സഹകരണവിദ്യാഭ്യാസനിധിയിലേക്കു ലാഭത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യുന്നതുകൊണ്ടാണു കൂടുതല്‍ തുക വകയിരുത്താതിരുന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ നിധി കേന്ദ്ര സഹകരണമന്ത്രാലയമാണു കൈകാര്യം ചെയ്യുന്നത്. പുതിയ ദേശീയസഹകരണനയം വരുന്നതിനെപ്പറ്റിയും ബജറ്റ് പരാമര്‍ശിക്കുന്നുണ്ട്.

ജനാനുകൂലവും വികസനാനുകൂലവുമായ ബജറ്റാണിതെന്നു കേന്ദ്രസഹകരണന്ത്രി അമിത്ഷാ പ്രതികരിച്ചു. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ നീക്കിവച്ചതു സഹകരണമേഖലയ്ക്ക് ഏറെ സഹായകമാകുമെന്ന് ദേശീയ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ദിലീപ് സംഘാനി പറഞ്ഞു. ദേശീയസഹകരണനയം വരുന്നതിനെ അന്താരാഷ്ട്രസഹകരണസഖ്യം ഏഷാപസഫിക് മേഖലാ ചെയര്‍മാന്‍ ഡോ. ചന്ദ്രപാല്‍സിങ് യാദവ് സ്വാഗതം ചെയ്തു. കാര്‍ഷികമേഖലയ്ക്കായുള്ള ഊന്നലിനെ ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. യു.എസ്. അവസ്തിയും പ്രശംസിച്ചു. സഹകരണപ്രസ്ഥാനത്തെ ബജറ്റ് ശക്തിപ്പെടുത്തുമെന്നു സഹകാര്‍ ഭാരതി പ്രസിഡന്റ് ഡി.എന്‍. താക്കൂര്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസപരിശീലനഗവേഷണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നു ബജറ്റ് വ്യക്തമാക്കുന്നതായി അര്‍ബന്‍സഹകരണബാങ്കുകളുടെ അപ്പെക്‌സ് സ്ഥാപനത്തിന്റെ ചെയര്‍മാനായ ജ്യോതീന്ദ്ര മേത്ത പറഞ്ഞു. ഗ്രാമീണ സഹകരണപ്രസ്ഥാനങ്ങളെ പൊതുവെയും പാക്‌സ്മത്സ്യമേഖലാക്ഷീരസഹകരണസംഘങ്ങളെ പ്രത്യേകിച്ചും ശക്തിപ്പെടുത്തുന്നതാണു ബജറ്റെന്നു ആര്‍.ബി.ഐ. കേന്ദ്രബോര്‍ഡ് ഡയറക്ടര്‍ സതീഷ് മറാത്തെ പറഞ്ഞു. ബജറ്റ് സഹകരണ പരിശീലന വിദ്യാഭ്യാസനൈപുണ്യവര്‍ധന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നു വാംനികോം ഡയറക്ടര്‍ ഹേമായാദവ് അഭിപ്രായപ്പെട്ടു.