ഇനിയെങ്കിലും അറിയണം സംഘങ്ങളുടെ ദുരവസ്ഥ

കിരണ്‍ വാസു

സര്‍ക്കാരിന്റെ ക്ഷേമപദ്ധതിപ്രഖ്യാപനങ്ങളുടെ ബാധ്യത പേറേണ്ട
ദുരവസ്ഥയിലാണിപ്പോള്‍ സഹകരണസംഘങ്ങള്‍. കുടിശ്ശികവായ്പ
തിരിച്ചുപിടിക്കാനുള്ള സഹായംപോലും സഹകരണവകുപ്പില്‍നിന്നു
കിട്ടുന്നില്ലെന്ന പരാതിയാണു സഹകരണസംഘങ്ങള്‍ ഉന്നയിക്കുന്നത്.
നേരത്തേ, പ്രതിസന്ധിഘട്ടങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകള്‍
പ്രാഥമികസംഘങ്ങളെ സഹായിച്ചിരുന്നു. കേരള ബാങ്ക് നിലവില്‍ വന്നതോടെ അതും ഇല്ലാതായി. സംഘങ്ങളുടെ തലയില്‍ കാലങ്ങളോളം
സര്‍ക്കാര്‍കുടിശ്ശിക കെട്ടിവെക്കുന്ന പ്രവണതയ്ക്കും അവസാനമുണ്ടാകുന്നില്ല.

 

കേരളത്തിലെ പ്രാഥമിക സഹകരണമേഖല അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണു വഴിമാറുന്നത്. കഴിഞ്ഞ ഓഡിറ്റ് പൂര്‍ത്തിയായപ്പോള്‍ നഷ്ടക്കണക്കിലായ സംഘങ്ങളുടെ എണ്ണം പെരുകുന്നതാണു നമ്മള്‍ കണ്ടത്. 164 സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും, എന്തുകൊണ്ട് ഈ സ്ഥിതി ഉണ്ടാകുന്നുവെന്നതിനെക്കുറിച്ച് പരിശോധനയുണ്ടായില്ല. വിരലിലെണ്ണാവുന്ന സഹകരണസ്ഥാപനങ്ങളിലുണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടി സംഘങ്ങളുടെ പ്രതിസന്ധിക്കു കാരണം ഇതാണെന്നു കുറ്റം ചാര്‍ത്തുന്നത് ഉചിതമായ രീതിയല്ല. രണ്ടു പ്രളയം, ജനങ്ങളെ ബന്ദിയാക്കിയ കോവിഡ്‌വ്യാപനം, സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുമ്പോഴും സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം സംഘങ്ങളുടെ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുന്ന സ്ഥിതിയിലേക്കു പ്രാഥമിക സഹകരണസംഘങ്ങളുടെ സാമ്പത്തികസ്ഥിതി മാറിയിട്ടുണ്ട്.

ഇതിനു പുറമെയാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിഷ്‌കാരങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. നല്ല ലക്ഷ്യമാണ് ഉദ്ദേശിക്കുന്നതെങ്കിലും അതു നടപ്പാക്കാനും ഏറ്റെടുക്കാനും പര്യാപ്തമായ ഒരവസ്ഥ കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഒരു നാടിന്റെ ബഹുസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനുവേണ്ട പദ്ധതികളാണു കേന്ദ്രസര്‍ക്കാരും കേന്ദ്ര സഹകരണ ഏജന്‍സികളും തയാറാക്കിയിട്ടുള്ളത്. അതേസമയം, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ബാങ്കുകളാക്കി നിലനിര്‍ത്തിയുള്ള പ്രതിരോധമാണു സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്രപരിഷ്‌കാരങ്ങള്‍ കൃത്യമായി പരിശോധിച്ച് ഏതൊക്കെ സ്വീകരിക്കണം ഏതൊക്കെ പ്രതിരോധിക്കണം എന്നു തിരിച്ചറിഞ്ഞുള്ള ഒരു കര്‍മപരിപാടി സംസ്ഥാനത്തുണ്ടായിട്ടില്ല. അതിന്റെ ഫലം അനുഭവിക്കുന്നതു പ്രാഥമിക സഹകരണ മേഖലയാണ്. അതില്ലാതായാല്‍ കേരളത്തിലെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയാണു തകരുക.

സര്‍ക്കാരിന്റെ എല്ലാ സാമ്പത്തികപരീക്ഷണങ്ങളും നടത്താനുള്ള സ്ഥാപനമായി സഹകരണസംഘങ്ങളെ മാറ്റുന്നത് ഉചിതമായ രീതിയല്ല. കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക, കാര്‍ഷിക സബ്‌സിഡിയുടെ കുടിശ്ശിക, ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതിലെ കുടിശ്ശിക എന്നിങ്ങനെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതിപ്രഖ്യാപനങ്ങളുടെ ബാധ്യത പേറേണ്ട ദുരവസ്ഥയാണ് ഇപ്പോള്‍ സഹകരണസംഘങ്ങള്‍ക്കുള്ളത്. കുടിശ്ശികവായ്പ തിരിച്ചുപിടിക്കുന്നതിനുള്ള സഹായംപോലും സഹകരണ വകുപ്പില്‍നിന്നുണ്ടാകുന്നില്ലെന്ന പരാതിയാണു സഹകരണസംഘങ്ങള്‍ ഉയര്‍ത്തുന്നത്. പിന്നെ എങ്ങനെ സഹകരണസംഘങ്ങള്‍ കരകയറുമെന്നതിനു സഹകരണവകുപ്പ് ഉത്തരം നല്‍കേണ്ടതുണ്ട്.

പ്രാഥമിക സഹകരണമേഖലയെ സംരക്ഷിച്ച് കാത്തുപോന്നിരുന്നതു സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളായിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും സാമ്പത്തികസഹായം ഉറപ്പാക്കി നേരത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാഥമികസംഘങ്ങളെ സഹായിച്ചിരുന്നു. കേരള ബാങ്ക് നിലവില്‍ വന്നതോടെ ആ സ്ഥിതിയിലും മാറ്റം വന്നിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമുള്ളതിനാല്‍ പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണസംഘങ്ങളെ സഹായിക്കാനാവില്ലെന്ന നിലപാടാണു കേരള ബാങ്ക് സ്വീകരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ള രക്ഷാപാക്കേജില്‍ എന്തു കാരണം ചൂണ്ടിക്കാട്ടിയാണെങ്കിലും ഒരു വിഹിതം നല്‍കാന്‍പോലും കേരള ബാങ്ക് തയാറായിട്ടില്ലെന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. മാത്രവുമല്ല, പ്രാഥമിക സഹകരണ ബാങ്കുകളല്ലാത്ത ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ കാര്യവും തങ്ങളുടെ ചുമതലയിലല്ല എന്ന നിലപാടാണു കേരള ബാങ്ക് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രാഥമിക സഹകരണമേഖലയെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനൊപ്പം, സര്‍ക്കാര്‍കുടിശ്ശിക സംഘങ്ങളുടെ തലയില്‍ കാലങ്ങളോളം കെട്ടിവെക്കുന്ന പ്രവണതയ്ക്കും അറുതിയുണ്ടാകേണ്ടതുണ്ട്.

കര്‍ഷക കടാശ്വാസം:
കിട്ടാന്‍ 400 കോടി

കര്‍ഷകര്‍ എടുത്തിരിക്കുന്ന വായ്പകള്‍ കുടിശ്ശികയായാല്‍ അതിനു രണ്ടു ലക്ഷം രൂപവരെ ഇളവ് അനുവദിക്കുന്നതാണു കര്‍ഷക കടാശ്വാസ കമ്മീഷന്റെ ഇടപെടലിലൂടെ ഉണ്ടാകുന്നത്. ഇതു കര്‍ഷകരുടെ കാര്‍ഷികേതര വായ്പയ്ക്കും കിട്ടും. കടാശ്വാസ കമ്മീഷന്‍ തീര്‍പ്പാക്കിയ വായ്പയ്ക്കു പിന്നീട് പലിശ ഈടാക്കാനാവില്ല. കര്‍ഷകനു നല്‍കിയ ഇളവ് സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്കു നല്‍കും. സാധാരണകര്‍ഷകരെ സഹായിക്കാന്‍ നടപ്പാക്കിയ ഈ പദ്ധതി ഇപ്പോള്‍ സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങളായി കുടിശ്ശികയായിക്കിടക്കുകയാണ്. 400 കോടി രൂപയാണ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ക്കു ലഭിക്കാനുള്ളത്. വായ്പയില്‍ പലിശ വെട്ടിക്കുറച്ചും ഒഴിവാക്കിയുമാണു രണ്ടു ലക്ഷം രൂപവരെയുള്ള തുക കടാശ്വാസക്കമ്മീഷന്‍ അനുവദിക്കുന്നത്. ഈ തീര്‍പ്പിനുശേഷം സംഘങ്ങള്‍ക്കു പലിശ ഈടാക്കാനാവില്ല. അതേസമയം, നിക്ഷേപകര്‍ക്കു പലിശ നല്‍കുകയും വേണം. ഈ രീതിയില്‍ ഇരട്ടി നഷ്ടമാണു സഹകരണസംഘങ്ങള്‍ നേരിടുന്നത്.

2018 മുതല്‍ 2021 നവംബര്‍വരെ നടത്തിയ സിറ്റിങ്ങില്‍നിന്നു സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശകള്‍പ്രകാരം 154 കോടി രൂപ സംഘങ്ങള്‍ക്കു കുടിശ്ശികയുണ്ട്. അതിനുശേഷം നടന്ന സിറ്റിങ്ങുകളിലെ തുകകൂടി കണക്കിലെടുത്താല്‍ 400 കോടി കവിയും. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ ഒരു തുകയും സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. ഇടുക്കി, വയനാട് ജില്ലകളുടെ വായ്പാകാലാവധി 2018 ല്‍നിന്നു 2020 ലേക്കും മറ്റു ജില്ലകളിലേതു 2014 ല്‍നിന്നു 2016 ലേക്കും നീട്ടി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇതുകാരണം ഒട്ടേറെ അപേക്ഷകള്‍ കമ്മീഷനുമുമ്പാകെ വന്നുകൊണ്ടിരിക്കുകയാണ്. കേരള ബാങ്കില്‍നിന്നു വായ്പയെടുത്താണു പല പ്രാഥമിക സഹകരണസംഘങ്ങളും കര്‍ഷകര്‍ക്കു വായ്പ നല്‍കിയത്. കടാശ്വാസക്കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്നു സംഘങ്ങള്‍ക്കു വായ്പകളിലെ പലിശ നഷ്ടമാകുമ്പോഴും കേരള ബാങ്ക് ഇളവു നല്‍കുന്നില്ല. ഇത്തരത്തിലും പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.

വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയതിനാലും ജപ്തിനടപടികള്‍ക്കു സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിനാലും പ്രാഥമിക സഹകരണസംഘങ്ങള്‍ കൂട്ടത്തോടെ നഷ്ടം നേരിടുകയാണ്. സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള പണമനുവദിക്കാന്‍ വൈകുംതോറും സംഘങ്ങളുടെ നഷ്ടവും കൂടും. കമ്മീഷന്‍ തീര്‍പ്പാക്കിയ വായ്പകളില്‍ കര്‍ഷകന്‍ അടയ്ക്കേണ്ട ബാക്കി തുകയ്ക്ക് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുമുണ്ട്. ആ കാലാവധിക്കുള്ളില്‍ തുക അടച്ചുതീര്‍ത്തില്ലെങ്കില്‍ മാത്രമേ സംഘങ്ങള്‍ക്കു പലിശ ഈടാക്കാന്‍ സാധിക്കൂ. അതും സാധാരണ പലിശ. മൂന്നു വര്‍ഷമായി സര്‍ക്കാരില്‍നിന്നു പണം കിട്ടാത്ത സംഘങ്ങളുണ്ട്.

കാര്‍ഷിക സബ്‌സിഡി
കുടിശ്ശിക പത്തുവര്‍ഷം

കാര്‍ഷികവായ്പ പലിശരഹിതമായി നല്‍കാനുള്ള തീരുമാനമെടുത്തതു യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. അതിനായി കാര്‍ഷികവായ്പയുടെ അഞ്ചു ശതമാനംവരെ പലിശ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കുമെന്നാണു പ്രഖ്യാപിച്ചത്. അഞ്ചു കോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെക്കുകയും ചെയ്യാറുണ്ടായിരുന്നു. കേന്ദ്രപദ്ധതിയുമായി ചേര്‍ത്തു തയാറാക്കിയ സ്‌കീമനുസരിച്ചാണ് ഇത്തരമൊരു പലിശരഹിത വായ്പ ആസൂത്രണം ചെയ്തത്. കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു നബാര്‍ഡ് വഴി നാലു ശതമാനം പലിശസബ്‌സിഡി നല്‍കുന്ന സ്‌കീം നിലവിലുണ്ട്. അതിനാല്‍, പരമാവധി മൂന്നു ശതമാനം പലിശവിഹിതം മാത്രമേ സംസ്ഥാനസര്‍ക്കാരിനു വഹിക്കേണ്ടിവന്നിരുന്നുള്ളൂ. പ്രാഥമിക സഹകരണ ബാങ്കുകള്‍ കര്‍ഷകരില്‍നിന്നു പലിശ ഈടാക്കാതെ വായ്പാതിരിച്ചടവ് വരുത്തണമെന്നായിരുന്നു നിര്‍ദേശം. ഈ വായ്പയിനത്തില്‍ ലഭിക്കേണ്ട പലിശ കണക്കാക്കി സര്‍ക്കാരിനും നബാര്‍ഡിനുമായി അപേക്ഷ നല്‍കണം. നാലു ശതതമാനം പലിശയ്ക്കുള്ള അപേക്ഷ കണക്കുസഹിതം സംസ്ഥാന സഹകരണ ബാങ്കുവഴിയാണു നബാര്‍ഡിനു നല്‍കേണ്ടത്. ബാക്കിപലിശയ്ക്കുള്ളതു ജോയിന്റ് രജിസ്ട്രാര്‍ മുഖേന സംസ്ഥാന സര്‍ക്കാരിനും നല്‍കണം. കുറച്ചുകാലം ഈ രീതിയില്‍ സഹകരണ ബാങ്കുകള്‍ ചെയ്തു. പക്ഷേ, സര്‍ക്കാരില്‍നിന്നു കിട്ടാനുള്ളതു കുടിശ്ശികയാവുകയും കേരള ബാങ്ക് വന്നതോടെ നബാര്‍ഡില്‍നിന്നുള്ള വിഹിതം കിട്ടാതാവുകയും ചെയ്തതോടെ സഹകരണ ബാങ്കുകള്‍ കര്‍ഷകരില്‍നിന്നു പലിശ ഈടാക്കിത്തുടങ്ങി.

പലിശരഹിത കാര്‍ഷികവായ്പ എന്ന പദ്ധതിയില്‍ സബ്സിഡിത്തുക സര്‍ക്കാര്‍ നല്‍കാതായിട്ട് പത്തു വര്‍ഷമായി. ഈ ആനുകൂല്യം നിലച്ചതും കാര്‍ഷികവായ്പ കുടിശ്ശികയായി കുന്നുകൂടുന്നതിനു വഴിയൊരുക്കി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍വഴി കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജനപ്പലിശസബ്സിഡി 2011-12 മുതല്‍ സംഘങ്ങള്‍ക്കു നല്‍കാനുണ്ടെന്നാണു സഹകരണവകുപ്പ് വിശദീകരിക്കുന്നത്. ഉത്തേജനപ്പലിശയിളവിനു ധനസഹായം അനുവദിക്കാനായി 2022-23 സാമ്പത്തിക വര്‍ഷം അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എല്ലാ ബജറ്റിലും ഇതേതോതില്‍ ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും അതു സംഘങ്ങള്‍ക്കു ലഭിക്കാറില്ലെന്നതാണു വസ്തുത. കേരള ബാങ്ക് നിലവില്‍ വന്നശേഷം നബാര്‍ഡില്‍നിന്ന് ഈ സഹായം പ്രാഥമിക ബാങ്കുകള്‍ക്കു ലഭിച്ചിട്ടില്ല. കണക്കുകളെല്ലാം നല്‍കിയിട്ടുണ്ടെന്നും നബാര്‍ഡില്‍നിന്നു കിട്ടാനുള്ള താമസമാണെന്നുമാണു കേരള ബാങ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ചുരുക്കത്തില്‍, പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ നടക്കുന്ന പലിശരഹിത കാര്‍ഷികവായ്പാ പദ്ധതി പൂര്‍ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രാഥമിക സഹകരണ ബാങ്കുകളിലെ കാര്‍ഷികവായ്പയില്‍ കുടിശ്ശിക വലിയ തോതില്‍ കൂടുകയാണ്. പ്രളയവും കോവിഡും ഉണ്ടാക്കിയ സാമ്പത്തികാഘാതം ഇതിന് ഒരു കാരണമാണ്. പക്ഷേ, പലിശരഹിത വായ്പാപദ്ധതിയുണ്ടായിരുന്നെങ്കില്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു പലിശ ഒഴിവാകുമെന്ന ആകര്‍ഷണീയത ഉണ്ടാകുമായിരുന്നു. അതില്ലാതായതോടെ സഹകരണസംഘങ്ങളിലെ വായ്പകളില്‍ സ്വാഭാവിക തിരിച്ചടവ് മുടങ്ങാനും കാരണമായി.

ക്ഷീരസംഘങ്ങള്‍ക്ക്
126 കോടി കുടിശ്ശിക

പാലുല്‍പ്പാദനം കൂടുന്നുണ്ടെങ്കിലും അതിനൊപ്പം ക്ഷീരകര്‍ഷകന്റെ പരാധീനതകളും കൂടുകയാണ്. കാലിത്തീറ്റയ്ക്കുണ്ടായ വിലവര്‍ധന, ഉല്‍പ്പാദനച്ചെലവിലുണ്ടായ മാറ്റം എന്നിവയെല്ലാം കര്‍ഷകരെ ബാധിച്ചു. സ്ഥിരമായി കൃത്യമായ വരുമാനം എന്ന ഒറ്റ ആകര്‍ഷണീയതയിലാണു പല കര്‍ഷകരും ഈ മേഖലയില്‍ തുടരുന്നത്. അതിനു കാരണം ക്ഷീരസഹകരണ സംഘങ്ങളുടെ ഇടപെടലാണ്. കര്‍ഷകര്‍ക്കായി ഒട്ടേറെ സഹായപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പാക്കുന്നുണ്ട്. ക്ഷീര സഹകരണസംഘങ്ങള്‍ വഴിയാണ് ഇതെല്ലാം നടപ്പാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കു പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും നടപ്പായി. ഇതനുസരിച്ച് ഓണത്തിനു മുമ്പുതന്നെ 1.97 ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് അവര്‍ അളക്കുന്ന പാലിനാനുപാതികമായി ഇന്‍സെന്റീവ് അക്കൗണ്ടില്‍ ലഭ്യമാക്കുകയും ചെയ്തു.

ഒരു ലിറ്റര്‍ പാലിനു നാലു രൂപയാണ് ഇന്‍സെന്റീവായി കര്‍ഷകനു ലഭിക്കുന്നത്. മൂന്നു രൂപ തദ്ദേശസ്ഥാപനങ്ങളും ഒരു രൂപ ക്ഷീരവകുപ്പും നല്‍കുന്നതാണു പദ്ധതി. എന്നാല്‍, രണ്ടു വകുപ്പുകളില്‍നിന്നു രണ്ടു രീതിയില്‍ ഇന്‍സെന്റീവ് തുക കൈമാറുന്നതിലെ കാലതാമസവും സാങ്കേതിക നടപടിക്രമങ്ങളും തുടക്കത്തില്‍ത്തന്നെ പ്രശ്‌നമായിരുന്നു. ഓണത്തിനു മുമ്പ് സഹായം നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ നാലു രൂപയും ക്ഷീരവകുപ്പുതന്നെ നേരിട്ടുനല്‍കി. 1.97 ലക്ഷം കര്‍ഷകര്‍ക്കായി 7.88 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഓണത്തിനു മുമ്പായി ക്ഷീരവകുപ്പ് കര്‍ഷകന്റെ അക്കൗണ്ടിലേക്കു കൈമാറിയത്. പക്ഷേ, പിന്നീട് ഈ സ്ഥിതിയുണ്ടായില്ല. സാമ്പത്തികപ്രതിസന്ധിയിലായതോടെ സര്‍ക്കാരില്‍നിന്നുള്ള സഹായം മുടങ്ങി. അഞ്ചു മാസത്തെ കുടിശ്ശിക ഏകദേശം 126 കോടി രൂപവരും.

യുവാക്കളെയടക്കം ക്ഷീരമേഖലയിലേക്ക് ആകര്‍ഷിച്ച് സഹകരണ മേഖലയിലൂടെ പാലുല്‍പ്പാദനം കൂട്ടാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒരു വര്‍ഷം സബ്സിഡി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍, ആഗസ്റ്റിലേതു മാത്രമേ വിതരണം ചെയ്തുള്ളൂ. ഏകദേശം 25.35 കോടിയാണ് അന്നു വിതരണം ചെയ്തത്. തദ്ദേശസ്ഥാപനങ്ങള്‍ക്കു ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു മാസമായി കൊടുത്തിട്ടില്ല. കര്‍ഷകര്‍ക്കു നല്‍കാനായി 28.57 കോടി വകയിരുത്തിയെന്നാണു ക്ഷീരവികസനവകുപ്പിന്റെ വാദം. അടുത്ത മാര്‍ച്ച്‌വരെ കൊടുക്കാന്‍ പദ്ധതിയ്ക്ക് ആകെ വേണ്ടതു 190 കോടി രൂപയാണ്. സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷംവരെ നടപ്പാക്കിയ സൗജന്യ കന്നുകാലി ഇന്‍ഷുറന്‍സും നിര്‍ത്തലാക്കി. 500 രൂപയായിരുന്നു മുമ്പ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ 5000 രൂപയാണ് അടയ്‌ക്കേണ്ടതെന്നു കര്‍ഷകര്‍ പറയുന്നു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി രണ്ടര വര്‍ഷംവരെ കൊടുത്തിരുന്ന കാലിത്തീറ്റ സബ്സിഡിയും ഇപ്പോഴില്ല.

രക്ഷയാകാത്ത
കേരള ബാങ്ക്

പ്രാഥമിക സഹകരണ മേഖലയുടെ രക്ഷാകവചമായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ അതിനു താങ്ങാവാന്‍ മുമ്പ് ജില്ലാ സഹകരണ ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നു. ജില്ലാ ബാങ്കുകളുടെ രൂപവത്കരണ ലക്ഷ്യംതന്നെ അത്തരത്തിലുള്ള രക്ഷാകര്‍തൃ റോളായിരുന്നു. ഇതിന് എല്ലാ സഹായവും നബാര്‍ഡ് നല്‍കുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുമ്പോഴും ഗ്രാമീണ സാമ്പത്തികവ്യവസ്ഥയുടെ നിലനില്‍പ്പിന് അനിനാര്യമായ ഇടപെടല്‍ പ്രാഥമിക സഹകരണ മേഖലയില്‍ ഉറപ്പാക്കാനാണു ജില്ലാ ബാങ്കുകളെ നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. നബാര്‍ഡിന്റെ പ്രവര്‍ത്തനകാഴ്ച്ചപ്പാടില്‍ ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനസ്വഭാവം മാറിയിട്ടില്ല. പക്ഷേ, കേരളത്തില്‍ ജില്ലാ ബാങ്കുകള്‍ ഇല്ലാതാവുകയും കേരള ബാങ്ക് നിലവില്‍ വരികയും ചെയ്തതോടെ നബാര്‍ഡിന്റെ പിന്തുണയാണു നഷ്ടമായത്. നേരിട്ടു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കേരള ബാങ്കിലുണ്ടായി. കേരള ബാങ്കിന് ഒരു വാണിജ്യബാങ്കിന്റെ സ്വഭാവം കൈവന്നു. ഇതു ഗുരുതരമായി ബാധിക്കുന്നതും ഇനി ബാധിക്കാനിടയുള്ളതും പ്രാഥമിക സഹകരണ മേഖലയെയാണ്.

വായ്‌പേതര സംഘങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വായ്പ-വായ്‌പേതര സംഘങ്ങളെ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ രണ്ടു തരമായി കാണുന്ന രീതിയാണു കേരള ബാങ്കിനുള്ളത്. വായ്‌പേതര സംഘങ്ങളുടെ നിക്ഷേപത്തിനു പലിശ നല്‍കുന്ന കാര്യത്തില്‍പ്പോലും ഈ വിവേചനം പ്രകടമായപ്പോള്‍ അവയെല്ലാം പ്രതിസന്ധി നേരിട്ടുതുടങ്ങി. നിക്ഷേപം സ്വീകരിക്കുന്നതുപോലും നഷ്ടത്തിലാകാന്‍ കാരണമാകുമെന്ന സ്ഥിതി പലവക സംഘങ്ങള്‍ക്കുണ്ടായി. വായ്പാസംഘങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാകുമ്പോള്‍ രക്ഷാകവചമായി നില്‍ക്കാന്‍ കേരള ബാങ്കിനു കഴിയുന്നില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ള രക്ഷാപാക്കേജിലേക്കു സര്‍ക്കാര്‍ നിശ്ചയിച്ച തുകപോലും നല്‍കാനാവില്ലെന്ന നിലപാടാണു കേരള ബാങ്ക് സ്വീകരിച്ചത്. ഇതോടെ, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും മുമ്പ് ജില്ലാ സഹകരണ ബാങ്കില്‍നിന്നു ലഭിച്ച ‘സുരക്ഷിത കവചം’ പൂര്‍ണമായി ഇല്ലാതാകുന്ന സ്ഥിതിയാണ്.

നേരത്തേ, ജില്ലാ ബാങ്കുകളില്‍നിന്നു കിട്ടിയ സഹായത്തിന്റെ മൂല്യം ഇപ്പോഴാണു സഹകാരികള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നത്. പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനായി എറണാകുളം ജില്ലാ സഹകരണ ബാങ്ക് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ഫണ്ട് സ്വരൂപിച്ചിരുന്നു. 2010 വരെ ഈ ഫണ്ടില്‍നിന്നു പലിശരഹിത വായ്പകളും ഗ്രാന്റുകളും നല്‍കി. 2010 നുശേഷം ഇത്തരം സംഘങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും കുറഞ്ഞ പലിശനിരക്കില്‍ ഇന്റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് സ്‌കീമില്‍പ്പെടുത്തി വായ്പകള്‍ വിതരണം ചെയ്തിരുന്നു. വയനാട് ജില്ലയില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായ തെക്കുംതറ സര്‍വീസ് സഹകരണ ബാങ്കിനു വയനാട് ജില്ലാ ബാങ്ക് 50 ലക്ഷം രൂപ വായ്പ അനുവദിക്കുകയും ജില്ലാ സഹകരണ ബാങ്കിലേക്ക് അടയ്ക്കാനുള്ള വായ്പത്തുക മൂന്നു കോടി രൂപ തിരിച്ചടയ്ക്കുന്നതിനു കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിനു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം രൂപയും പ്രത്യേക കാഷ് ക്രെഡിറ്റ് വായ്പയായി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ഇടുക്കി ജില്ലയില്‍ സേനാപതി സഹകരണ ബാങ്ക്, വാഴത്തോപ്പ് സഹകരണ ബാങ്ക്, കൊന്നത്തടി സഹകരണ ബാങ്ക്, എഴുകുംവയല്‍ സഹകരണ ബാങ്ക് എന്നിവയ്ക്കു പുനരുദ്ധാരണ പാക്കേജ് തയാറാക്കി പ്രത്യേകപദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഇളംകുളം സഹകരണ ബാങ്കിനു 5.08 കോടി രൂപയാണു കോട്ടയം ജില്ലാ ബാങ്ക് അനുവദിച്ചത്. കേരള ബാങ്കിനു മുമ്പ് പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് അതതു ജില്ലാ ബാങ്കുകളുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് പ്രത്യേകം വായ്പകള്‍ അനുവദിച്ചിരുന്നു. അതതു ജില്ലാ ബാങ്കുകളുടെ വായ്പാനയത്തിനും ഭരണസമിതി തീരുമാനങ്ങള്‍ക്കും വിധേയമായി മതിയായ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വായ്പകള്‍ നല്‍കാന്‍ കഴിയുമായിരുന്നു. ഇതില്ലാതായി എന്നതാണു കേരള ബാങ്കില്‍നിന്നുണ്ടാകുന്ന അനുഭവം ബോധ്യപ്പെടുത്തുന്നതെന്നു സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!