ജില്ലാബാങ്കു രൂപവത്കരണത്തിനു സ്വാഗതം: പി.സി.എം.എസ്.എ
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം ജില്ലാബാങ്കുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതിനെ പ്രൈമറി കോ-ഓപ്പറേറ്റീവ് മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി സ്വാഗതം ചെയ്തു. ജില്ലാബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ അവ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിനോടു നിര്‍ദേശിച്ചിരിക്കയാണ്. ജില്ലാസഹകരണബാങ്കുകളെ കേരളബാങ്കില്‍ ലയിപ്പിച്ചതോടെ മിസലേനിയസം സംഘങ്ങള്‍ക്ക് അംഗത്വം ലഭിക്കാതായതായി സംഘടന ചൂണ്ടിക്കാട്ടി. അതുകൊണ്ടു വായ്പ ലഭിക്കുന്നില്ല. വോട്ടവകാശവുമില്ല. അവിടങ്ങളിലെ ജീവനക്കാര്‍ക്കുണ്ടായിരുന്ന 50%ജോലിസംവരണവും നഷ്ടപ്പെട്ടുവെന്നും യോഗം വിമര്‍ശിച്ചു. സംസ്ഥാനവൈസ്പ്രസിഡന്റ് എന്‍. സ്വാമിനാഥന്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എസ്. വേലായുധന്‍പിള്ള, ട്രഷറര്‍ എം.ആര്‍. സനില്‍കുമാര്‍, ചെറുവയ്ക്കല്‍ പത്മകുമാര്‍, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, കെ.എസ്. ശ്യാംകുമാര്‍, ഡി. വിശ്വനാഥന്‍നായര്‍, അരുവിക്കര ശശി, തിരുവനന്തപുരും ജില്ലാപ്രസിഡന്റ് ആനാട് പി. ഗോപകുമാര്‍, താലൂക്ക് പ്രസിഡന്റ് പേയാട് ജ്യോതി ബാബുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.