ഐ.സി.എമ്മില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ആകാന്‍ അവസരം

moonamvazhi

ദേശീയസഹകരണപരിശീലനകൗണ്‍സിലിനു (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരത്തുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) അധ്യാപകരും വിദഗ്ധരുമടങ്ങിയ അക്കാദമിക് റിസോഴ്‌സ് പൂള്‍ (എ.ആര്‍.പി) തയ്യാറാക്കുന്നു. ദീര്‍ഘകാലപ്രൊഫഷണല്‍ കോഴ്‌സുകളിലും ഹ്രസ്വകാലപരിശീലനകോഴ്‌സുകളിലും ക്ലാസ്സെടുക്കാനും കോഴ്‌സുകളും പാഠ്യപദ്ധതിയും രൂപകല്‍പന ചെയ്യാനും ശില്‍പശാലകളും സെമിനാറുകളും പ്രത്യേകപ്രഭാഷണങ്ങളും നടത്താനും ഗവേഷണപദ്ധതികളും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നിര്‍വഹിക്കാനും വകുപ്പുതലസമിതികളുമായും വിദ്യാര്‍ഥിശൃംഖലകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുമാണിത്.

നിര്‍ദിഷ്ടയോഗ്യതകളും പരിചയവുമുള്ളവര്‍ സി.വി. നവംബര്‍ 21നുമുമ്പു ഡയറക്ടര്‍, ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, മുടവന്‍മുകള്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിലേക്ക് അയക്കുകയോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കുകയോ ചെയ്യണം.

മൂന്നു വിഭാഗമായാണു പൂള്‍ തയ്യാറാക്കുക. ബന്ധപ്പെട്ട മേഖലകളില്‍, പ്രത്യേകിച്ചു സഹകരണമാനേജ്‌മെന്റില്‍, വിപുലമായ വൈദഗ്ധ്യമുള്ളവരും വളരെയേറെ പരിചയസമ്പന്നരുമായ പ്രൊഷണലുകളെയാണു കാറ്റഗറി-എ യില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ ഫാക്കല്‍റ്റി അംഗങ്ങളോ വ്യവസായവിദഗ്ധരോ ആകാം. നിലവില്‍ ജോലി ചെയ്യുന്നവരെയും വിരമിച്ചവരെയും പ്രവര്‍ത്തനരംഗത്തു പേരെടുത്തവരെയും പരിഗണിക്കും. അക്കാദമിക മേഖലയിലോ വ്യവസായമേഖലയിലോ മികച്ച അനുഭവസമ്പത്തുള്ളവരെയാണു നോക്കുന്നത്. ബിരുദാനന്തരബിരുദം ഉള്ളവരുമാകാം, ഇല്ലാത്തവരുമാകം.

മധ്യതല പ്രൊഫഷണലുകളെയാണു കാറ്റഗറി-ബി യില്‍ പരിഗണിക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളിലോ സഹകരണസ്ഥാപനങ്ങളിലോ ഗവേഷണമേഖലകളിലോ, സഹകരണമേഖലയിലെയും അനുബന്ധമേഖലകളിലെയും വൈദഗ്ധ്യത്തില്‍ കേന്ദ്രീകരിച്ചുള്ള, മികച്ച പ്രര്‍ത്തനപാരമ്പര്യം ഉണ്ടായിരിക്കണം. ബന്ധപ്പെട്ട കോഴ്‌സില്‍ അല്ലെങ്കില്‍ പരിശീലനവിഷയത്തില്‍ അക്കാദമിക യോഗ്യതകളോ വ്യാവസായികപരിചയമോ ഉണ്ടായിരിക്കണം.

മിതമായതോതില്‍ പരിചയവും സഹകരണമേഖലയിലും അനുബന്ധമേഖലകളിലും അടിസ്ഥാനവിജ്ഞാനവുമുള്ള പ്രൊഫഷണലുകളെയും വിദഗ്ധരെയുമാണു കാറ്റഗറി-സി യില്‍ പരിഗണിക്കുക. ബന്ധപ്പെട്ട കോഴ്‌സില്‍ അല്ലെങ്കില്‍ പരിശീലനവിഷയത്തില്‍ അക്കാദമിക യോഗ്യതകളോ വ്യാവസായികപരിചയമോ ഉണ്ടായിരിക്കണം.

ഹ്രസ്വകാലപ്രോഗ്രാമില്‍ ഒന്നരമണിക്കൂറത്തെ ഒരു സെഷനു കാറ്റഗറി-എ യില്‍ 1200 രൂപയും, ബി യില്‍ 1000 രൂപയും, സി യില്‍ 800 രൂപയുമാണ് ഹോണറേറിയം. എച്ച.്്ഡി.സി.എം. പോലുള്ള ദീര്‍ഘകാലകോഴ്‌സുകളില്‍ ഓരോ വിഷയത്തിലെയും 30 സെഷന് കാറ്റഗറി-എ യില്‍ 30,000 രൂപയും, ബി യില്‍ 25000 രൂപയും, സി യില്‍ 20,000 രൂപയുമാണ് ഹോണറേറിയം.

മൂന്നുവര്‍ഷത്തേക്കാണു പാനലില്‍ ഉള്‍പ്പെടുത്തുക. 72വയസ്സുവരെ പ്രായപരിധിയുണ്ട്. ആറു പൊതുവിഭാഗങ്ങളായി തിരിച്ചിട്ടുള്ള വിവിധ കോഴ്‌സുകളുടെ കാര്യത്തിലുള്ള വിദ്യാഭ്യാസയോഗ്യതകളുടെയും അധ്യാപനപരിചയങ്ങളുടെയും പ്രവൃത്തിപരിചയങ്ങളുടെയും വിശദവിവരങ്ങള്‍ www.icmtvm.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.