അര്‍ബന്‍ സഹകരണബാങ്കുകളെ സഹായിക്കാനായി റിസര്‍വ് ബാങ്ക് സക്ഷം ദൗത്യത്തിനു തുടക്കമിട്ടു. ശേഷിവികസന-പരിശീലനസംവിധാനമാണിത്. സക്ഷം എന്നാല്‍ ശേഷിയുള്ളതാക്കുക അല്ലെങ്കില്‍ മല്‍സരക്ഷമമാക്കുക എന്നാണര്‍ഥം. നേരിട്ടുള്ളതും ഇ-പഠനസംവിധാനങ്ങളിലൂടെയുള്ളതുമായ നിരവധി പരിശീലനപരിപാടികള്‍ ഇതിന്റെ ഭാഗമായി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുവേണ്ടി ആര്‍ബിഐ നടത്തും.

1.40ലക്ഷത്തോളം പേര്‍ക്കു പരിശീലനം നല്‍കും. ബോര്‍ഡംഗങ്ങള്‍ക്കും, സീനിയര്‍മാനേജ്‌മെന്റ്‌തലഉദ്യോഗസ്ഥര്‍ക്കും, റിസ്‌ക് വിഭാഗം മേധാവികള്‍ക്കും, വ്യവസ്ഥാപരിപാലനങ്ങളുടെയും ഓഡിറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ഐടി ചുമതലകള്‍ നിര്‍വഹിക്കുന്നവരും മറ്റു നിര്‍ണായകമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ ജിവനക്കാര്‍ക്കും പരിശീലനം ലഭ്യമാക്കും. കഴിയുന്നതും അതാതിടങ്ങളിലെ പ്രാദേശികഭാഷകളില്‍ പഠനസാമഗ്രികള്‍ ലഭ്യമാക്കും. അര്‍ബന്‍സഹകരണബാങ്കുകളുടെ അപ്പെക്‌സ് സ്ഥാപനവുമായും ദേശീയ, സംസ്ഥാനതലസഹകരണപെഡറേഷനുകളുമായും ചര്‍ച്ച ചെയ്‌താണു ദൗത്യത്തിനു രൂപം നല്‍കിയിട്ടുള്ളത്.