കേന്ദ്രസഹകരണരജിസ്ട്രാര്‍ ഓഫീസിലെ 13 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 ദിവസം നീട്ടി

moonamvazhi

ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ (ഹ്രസ്വകാലകരാര്‍നിയമനം ഉള്‍പ്പെടെ) കേന്ദ്രസഹകരണരജിസ്ട്രാര്‍ ഓഫീസില്‍ 13 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിീയതി 30 ദിവസംകൂടി നീട്ടി. ഓഗസ്റ്റ് 13ലെ അറിയിപ്പു പ്രകാരം ഒക്ടോബര്‍ 22 ആണ് അവസാനതിയതി. ഇതാണ് അന്നുമുതല്‍ 30 ദിവസത്തേക്കു നീട്ടിയത്. വേണ്ടത്ര അപേക്ഷകരില്ലാാത്തതാണു കാരണം. അഡീഷണല്‍ രജിസ്ട്രാറുടെ (ലെവല്‍ 13) രണ്ടും ജോയിന്റ് രജിസ്ടാറുടെ (ലെവല്‍ 12) അഞ്ചും ഡെപ്യൂട്ടി രജിസ്ട്രാറുടെ (ലെവല്‍ 11) രണ്ടും സീനിയര്‍ കോ-ഓപ്പറേറ്റീവ് ഓഫീസറുടെ (ലെവല്‍ 7) നാലും ഒഴിവാണുള്ളത്.

അപേക്ഷിക്കാനുള്ള അവസാനതീയതിക്കകം 56 വയസ്സു തികഞ്ഞിട്ടില്ലാത്തവര്‍ക്കാണ് അര്‍ഹത. നിര്‍ദിഷ്ടമാതൃകയില്‍ ഔദ്യോഗികമാര്‍ഗത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ, നിയന്ത്രണാധികാരിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, കേന്ദ്രസര്‍ക്കാര്‍അണ്ടര്‍സെക്രട്ടറിതലത്തില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഓരോ പേജും സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എ.സി.ആര്‍/എ.പി.ആര്‍ ഫോട്ടോകോപ്പികള്‍, കഴിഞ്ഞ 10 വര്‍ഷത്തിനകം പിഴ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം, വിജിലന്‍സ് ക്ലിയറന്‍സ്/ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പൂര്‍ണവിജ്ഞാപനവും അപേക്ഷയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മാതൃകകളും www.cooperation.gov.in (Link-What’s-New-Vacancies) epw www.crcs.gov.inലും ലഭിക്കും. യഥാമാര്‍ഗം അപേക്ഷകള്‍ ശ്രീ. അവ്‌നിഷ് റസ്റ്റോഗി, അണ്ടര്‍ സെക്രട്ടറി (അഡ്മിന്‍), ഒമ്പതാംനില, ടവര്‍-ഇ, വേള്‍ഡ് ട്രേഡ് സെന്റര്‍, നവ്‌റോജി നഗര്‍, സഫ്ദര്‍ജങ് എന്‍ക്ലേവ്, ന്യൂഡല്‍ഹി – 110 029 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.

അപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നെ ഉദ്യോഗാര്‍ഥിത്വത്തില്‍നിന്നു പിന്‍വാങ്ങാനാവില്ല.

കേന്ദ്രസര്‍ക്കാരിലോ സംസ്ഥാനസര്‍ക്കാരിലോ കേന്ദ്രഭരണപ്രദേശസര്‍ക്കാരിലോ കേന്ദ്ര/സംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ അംഗീകൃത ഗവേഷണസ്ഥാപനങ്ങളിലോ സ്വയംഭരണസ്ഥാപനങ്ങളിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലോ നബാര്‍ഡിലോ സംസ്ഥാനസഹകരണബാങ്കുകളിലോ ജില്ലാകേന്ദ്രസഹകരണബാങ്കുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ അപേക്ഷിക്കുന്ന തസ്തികയ്ക്കു സമാനമായ തസ്തിക മാതൃകേഡറിലോ വകുപ്പിലോ വഹിക്കുന്നവരാകണം. അല്ലെങ്കില്‍ നിര്‍ദിഷ്ടതോതിലുള്ള പ്രവൃത്തിപരിചയവും വിദ്യാഭ്യാസയോഗ്യതകളും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യതകള്‍ പൊതുവേ നിയമം, കൃഷി, ബാങ്കിങ്, ധനകാര്യമാനേജ്‌മെന്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, മാനേജ്‌മെന്റ്, സഹകരണം, സഹകരണമാനേജ്‌മെന്റ്, സഹകരണ-ബാങ്കിങ്, കാര്‍ഷികസാമ്പത്തികശാസ്ത്രം, സാമ്പത്തികശാസ്ത്രം, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് പോളിസി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദം, ബിരുദാനന്തരബിരുദം, ഡിപ്ലോമ തുടങ്ങിയവയാണ്. ഓരോ തസ്തികയുടെ കാര്യത്തിലും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയനിബന്ധനകളില്‍ ഏറ്റക്കുറച്ചിലുണ്ട്. അഡീഷണല്‍ രജിസ്ട്രാറുടെ ശമ്പളനിരക്ക് 1,23,100-2,15,900 രൂപയും ജോയിന്റ് രജിസ്ട്രാറുടെത് 78,800-2,09,200 രൂപയും ഡെപ്യൂട്ടി രജിസ്ട്രാറുടെത് 67,700-2,08,700 രൂപയും സീനിയര്‍ കോ-ഓപ്പറേറ്റീവ് ഓഫീസറുടെത് 44,900-1,42,400 രൂപയുമാണ്.

കേന്ദ്ര സഹകരണരജിസ്ട്രാറെയും അഡീഷണല്‍ രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സഹായിക്കലാണു ജോലികളുടെ പൊതുസ്വഭാവം. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍, അവയുടെ നിയമാവലി ഭേദഗതികള്‍, സഹകരണസംഘങ്ങളെ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു രജിസ്‌ട്രേഷന്‍ നല്‍കല്‍, മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ കേസുകള്‍ കൈകാര്യം ചെയ്യല്‍, ദേശീയതല സഹകരണസ്ഥാപനങ്ങളുടെ നയരൂപവത്കരണവും മാനേജ്‌മെന്റും പ്രവര്‍ത്തനവും, കേന്ദ്ര-സംസ്ഥാനസഹകരണനിയമങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കല്‍, സംസ്ഥാനസഹകരണനിയമങ്ങളിലെ പരിമിതികളേര്‍പ്പെടുത്തുന്നതും ജനാധിപത്യവിരുദ്ധവുമായ വ്യവസ്ഥകളുടെ നിരീക്ഷണം, സഹകരണമാനേജ്‌മെന്റ് വികസനം തുടങ്ങിയ കാര്യങ്ങളിലാണു സഹായിക്കേണ്ടിവരിക.