കേരളബാങ്കില്‍ വായ്പാവിതരണവും ശില്‍പശാലയും

moonamvazhi

കേരളബാങ്കിന്റെ വിവിധ ഓഫീസുകളില്‍ വായ്പാവിതരണം, ശില്‍പശാല, ന്യൂസ് ലെറ്റര്‍ പ്രകാശനം, കെട്ടിടം ഉദ്ഘാടനം എന്നിവ നടന്നു. വായ്പാവിതരണം കോഴിക്കോട് റീജിയണല്‍ ഓഫീസിലും ശില്‍പശാല കണ്ണൂര്‍ റീജിയണല്‍ ഓഫീസിലും ന്യൂസ് ലെറ്റര്‍ പ്രകാശനം തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിലും കെട്ടിടം ഉദ്ഘാടനം ചെറുവത്തൂരിലുമാണു നടന്നത്.

കോഴിക്കോട് ശാഖയിൽ വായ്പ വിതരണം

കേരളബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസും കോഴിക്കോട് സി.പി.സി.യും ചേര്‍ന്നു ജോയ്ഫുള്‍ ജൂലൈ കാംപെയ്‌നിന്റെ ഭാഗമായി എം.എസ്.എം.ഇ. വായ്പകളായ വ്യാപാര്‍മിത്ര പ്ലസ്, വ്യാപാര്‍മിത്ര, വിദ്യാഭ്യാസവായ്പ, എസ്.എച്ച്.ജി. വായ്പ, കേരളബാങ്ക് കാര്‍ വായ്പ തുടങ്ങിയവ വിതരണം ചെയ്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ വിതരണം  നിര്‍വഹിച്ചു. ഡയറക്ടര്‍ ഇ. രമേശ്ബാബു അധ്യക്ഷനായി. റീജിയണല്‍ മാനേജര്‍ എം.പി. ഷിബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി. രാജീവ്, എം.എസ്. ദീപ, എല്‍.പി. ബിനു, കെ. രഞ്ജിനി, എ.ജി.എം. കെ.ടി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നരിക്കുനി, നടക്കാവ്, വടകര കോണ്‍വന്റ് റോഡ്, കൊയിലാണ്ടി, കാലിക്കറ്റ് മെയിന്‍ ശാഖകളിലെ ഇടപാടുകാര്‍ക്കാണു വായ്പകള്‍ വിതരണം ചെയ്തത്. കാംപെയ്‌നിന്റെ ഭാഗമായി പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും എം.എസ്.എം.ഇ. മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്യാന്‍ ശാഖകള്‍തോറും മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ഓഫീസിൽ ശില്പശാല

കേരളബാങ്ക് കണ്ണൂര്‍ സി.പി.സി.യും കുടുംബശ്രീ മിഷനും മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍ക്കായി (എം.ഇ.സി) ശില്‍പശാല സംഘടിപ്പിച്ചു. കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ട്രെയിനിങ് ഹാളില്‍ ബാങ്ക് ഡയറക്ടര്‍ കെ.ജി. വല്‍സലകുമാരി  ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ നവനീത്കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റീന കെ, സീനിയര്‍ മാനേജര്‍ ശ്രീജേഷ് ടി, മാനേജര്‍ മധു എന്‍, കുടുംബശ്രീ മിഷന്‍ ഡി.പി.എം. സന്ധ്യ പി.വി, മെന്റര്‍ സിനോ നൈനാന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്കിന്റെ ധനസഹായത്തോടെ സ്വയംതൊഴില്‍പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണു ശില്‍പശാല. കേരളബാങ്കിന്റെ കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ശാഖയുടെ പുതുക്കിപ്പണിത കെട്ടിടം ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂസ്‌ ലെറ്റർ പ്രകാശനം

കേരളബാങ്കിന്റെ ന്യൂസ് ലെറ്ററായ മഴവില്ല് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് സ്‌പെഷ്യല്‍ എഡീഷന്‍ ബാങ്കുപ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രകാശനം ചെയ്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം.ചാക്കോ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.