വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് കേരളബാങ്ക് പ്രസിഡന്റും സി.ഇ.ഒ.യും; കേരളബാങ്ക് രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്ക്  

moonamvazhi

ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്ത ജില്ലകളില്‍ അവ രൂപീകരിക്കുമെന്ന കേന്ദ്ര സഹകരണമന്ത്രി അമിത്ഷായുടെ അറിയിപ്പ് ജില്ലാബാങ്കുകളെ ലയിപ്പിച്ചു രൂപീകരിച്ച കേരളബാങ്കിനെ ബാധിക്കില്ലെന്നു ബാങ്ക്പ്രസിഡന്‍്ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും പ്രസ്താവനയില്‍ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ രാജ്യസഭാംഗം ജവഹര്‍ സിര്‍ക്കാറിന്റെ ചോദ്യത്തിനു മറുപടിയായി അമിത്ഷാ അറിയിച്ച കാര്യങ്ങളില്‍ ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ അവ രൂപീകരിക്കുന്നതുസംബന്ധിച്ചു പദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിനോടു നിര്‍ദേശിച്ചെന്ന കാര്യവും ഉണ്ടായിരുന്നു. കേരളബാങ്ക് രൂപീകരണത്തോടെ ജില്ലാബാങ്കുകളില്ലാതായ കേരളം ഇനി വീണ്ടും ജില്ലാ ബാങ്കുകളുള്ള പഴയ സംവിധാനത്തിലേക്കു മാറേണ്ടിവന്നേക്കുമെന്നും അതു കേരളബാങ്കിനെ ബാധിക്കുമെന്നുമുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണു വിശദീകരണം.

കേരളബാങ്കിനെ ഇത്തരം വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയത് തെറ്റിദ്ധാരണാജനകമാണെന്നു ഗോപി കോട്ടമുറിക്കലും ജോര്‍ട്ടി എം. ചാക്കോയും പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രമന്ത്രിയുടെ മറുപടിയിലുള്ള കാര്യങ്ങള്‍ കേരളബാങ്കിന്റെ ഘടനയ്‌ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു വ്യത്യാസവും തടസ്സവും ഉണ്ടാക്കില്ല. ആ മറുപടിയില്‍ സംസ്ഥാനനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുടെ നിയന്ത്രണം സംസ്ഥാനസര്‍ക്കാരുകള്‍ക്കു തന്നെയാണെന്നു വ്യക്തമാക്കുന്നുമുണ്ട്. സംസ്ഥാനസഹകരണനിയമത്തിലെ 74 എച്ച് വകുപ്പു പ്രകാരമാണു കേരളബാങ്ക് രൂപീകരിച്ചത്. 2019 നവംബര്‍ 29നു റിസര്‍വ് ബാങ്ക് ഇതിന് അനുമതിയും നല്‍കിയിട്ടുണ്ട്. ഈ മാതൃക ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതിനു സഹായകമാകുന്ന സര്‍ക്കുലര്‍മാനദണ്ഡങ്ങള്‍ 2021 മെയ് 24നു റിസര്‍വ് ബാങ്ക് ഇറക്കുകയും ചെയ്തു. ഇന്ത്യയിലെ 788 ജില്ലകളില്‍ 338 എണ്ണത്തിലേ ജില്ലാബാങ്കുള്ളൂ. പ്രാഥമികകാര്‍ഷികസഹകരണബാങ്കുകളും സംസ്ഥാനസഹകരണബാങ്കും എന്ന ദ്വിതലസംവിധാനമുള്ള സംസ്ഥാനങ്ങള്‍ ഒഴികെയുള്ളിടങ്ങളില്‍, അതതു സംസ്ഥാനസര്‍ക്കാരുകളുമായി ചേര്‍ന്നു ജില്ലാബാങ്കുകള്‍ രൂപീകരിച്ചിട്ടില്ലാത്ത ജില്ലകളില്‍ പുതിയവ രൂപീകരിക്കുന്നതു സംബന്ധിച്ചാണു ചോദ്യോത്തരമെന്നാണു മനസ്സിലാക്കുന്നതെന്നും കേരളബാങ്ക് പ്രസ്താവനയില്‍ പറയുന്നു.

കേരളബാങ്ക് റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് സഹകരണബാങ്കാണ്. കഴിഞ്ഞവര്‍ഷം 209 കോടിരൂപ അറ്റലാഭം ബാങ്കിനുണ്ട്. രൂപീകരിച്ചപ്പോഴത്തെ സ്ഥിതിയില്‍നിന്നു വളരെയേറെ പുരോഗമിക്കുകയും ചെയ്തു. ബാങ്കിന്റെ മൂലധനത്തിനോ നിക്ഷേപത്തിനോ വായ്പക്കോ പ്രവര്‍ത്തനഘടനയ്‌ക്കോ ഒരു മാറ്റവും വരുത്തേണ്ട സാഹചര്യം കേന്ദ്രമന്ത്രിയുടെ മറുപടിയിലില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.