സഹകരണസ്ഥാപനവാഹനങ്ങളില്‍ പേരു വെക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിക്കണം: സെക്രട്ടറീസ് സെന്റര്‍

moonamvazhi

സഹകരണസംഘംരജിസ്ട്രാറുടെ കീഴിലെ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ സ്ഥാപനത്തിന്റെ പേരു വെക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നു കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും ജനറല്‍ സെക്രട്ടറി എന്‍. ഭാഗ്യനാഥും മുഖ്യമന്ത്രിയോടും സഹകരണമന്ത്രിയോടും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെതല്ലാത്ത വാഹനത്തില്‍ സ്ഥാപനപ്പേരു വേണ്ടെന്നാണു സര്‍ക്കുലര്‍. ഇളംനീല പശ്ചാത്തലത്തില്‍ വെള്ളഅക്ഷരത്തില്‍ നെയിംബോര്‍ഡു വയ്ക്കാമെന്ന ഉത്തരവു റദ്ദാക്കിക്കൊണ്ടാണിത്. മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശവും ഹൈക്കോടതിയുടെ ഇടക്കാലഉത്തരവുമാണു കാരണം പറയുന്നത്. എന്നാല്‍ സഹകരണസ്ഥാപനങ്ങളുടെ റെഗുലേറ്റര്‍ അതോറിട്ടിയാണു സര്‍ക്കാരും സഹകരണവകുപ്പുമെന്നും അവയില്‍ സര്‍ക്കാരിന് ഓഹരിയുള്ളതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കോടിയുടെ നിക്ഷേപം സഹകരണമേഖലയിലുണ്ട്. ആ മേഖലയിലെ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ പേരു വെക്കരുതെന്ന നിര്‍ദേശം വിശ്വാസ്യതക്കു കളങ്കമേല്‍പിക്കുകയും വാഹനദുരുപയോഗത്തിന് ഇടയാക്കുകയും ചെയ്യും. വായ്പ റിക്കവറിക്കു പോകുമ്പോഴും പണം കൊണ്ടുപോകുമ്പോഴും സ്ഥാപനപ്പേരുള്ള വാഹനം ഏറെ ഗുണകരമാണ്. അതിനാല്‍ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.