സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കടന്നുകയറരുത്

moonamvazhi

ഒരുപാട് ലക്ഷ്യം നിറവേറ്റാനുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്ന ഒന്നാണു സഹകരണമേഖല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം ബോധ്യപ്പെട്ടതാണ്. വീണ്ടും എന്‍.ഡി.എ.സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സഹകരണമന്ത്രാലയത്തിനു കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അമിത്ഷാതന്നെ ക്യാബിനറ്റ് മന്ത്രിയായി വീണ്ടുമെത്തി. രണ്ടു സഹമന്ത്രിമാരും സഹകരണത്തിനുണ്ടായി. ഇതോടെ, പഴയ ലക്ഷ്യവും പുതിയ ദൗത്യവുമാണു കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ഉറപ്പായി. നേരത്തെ നിശ്ചയിച്ച കാര്യങ്ങള്‍ വേഗത്തില്‍ വിജയപഥത്തില്‍ എത്തിക്കുകയാണു കേന്ദ്രസര്‍ക്കാരിനു നിറവേറ്റാനുള്ള ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനുള്ള വഴി എളുപ്പമാക്കുകയെന്നതാണ് ഏറ്റെടുക്കാനുള്ള പുതിയ ദൗത്യം. രാജ്യത്തെ സഹകരണമേഖലയെ അടിമുടി മാറ്റുന്ന പദ്ധതികള്‍ക്കാണു കഴിഞ്ഞ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. 53 പദ്ധതികളാണു തയാറാക്കിയിട്ടുള്ളത്. ഇവയെല്ലാം ഒരേലക്ഷ്യത്തിലേക്കുള്ളതാണ്. പ്രാദേശികതലം മുതല്‍ ദേശീയതലംവരെയുള്ള മാറ്റം സഹകരണമേഖലയില്‍ ഉണ്ടാക്കുന്നതാണു കേന്ദ്രപദ്ധതികള്‍. ഇതില്‍ പലതിനും സംസ്ഥാനങ്ങളുടെ എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തു നടപ്പാക്കാനുള്ള ശ്രമമായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. പദ്ധതിയില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയാത്തവിധം സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കുന്ന ആസൂത്രണമാണു കേന്ദ്രപദ്ധതികളുടേത്. അതിനു നിലവില്‍ വഴങ്ങാതെ നില്‍ക്കുന്നതു കേരളം മാത്രമാണ്. വിയോജിപ്പുകള്‍ അറിയിക്കുകയും യോജിക്കാവുന്ന കാര്യങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയാണു തമിഴ്നാട് അടക്കമുള്ള പല പ്രതിപക്ഷസംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ളത്. കേരളം കേന്ദ്രപദ്ധതികളോട് മൊത്തത്തില്‍ മുഖംതിരിച്ചുനില്‍ക്കുന്ന സ്ഥിതിയാണ്.

കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു പൊതുബൈലോ, ഏകീകൃത സോഫ്റ്റ്‌വെയര്‍ എന്നിവയാണു കേന്ദ്രം കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങളില്‍ പ്രാദേശികസംഘങ്ങളെ ലക്ഷ്യമിട്ടുള്ളത്. ഇതു രണ്ടും കേരളം ഏറ്റെടുത്തിട്ടില്ല. ഈ രണ്ടു കേന്ദ്രപദ്ധതികളും വലിയ ലക്ഷ്യത്തോടെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ ബൈലോ അനുസരിച്ച് പ്രാദേശികസംഘങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കുക, ഈ പ്രവര്‍ത്തനത്തിനനുസരിച്ച് കേന്ദ്രപദ്ധതികള്‍ തയാറാക്കുക, അതിന്റെ നിര്‍വഹണം സംഘങ്ങളിലൂടെ നടപ്പാക്കുക, ഇങ്ങനെ നടപ്പാക്കുന്ന പദ്ധതികള്‍ക്കു സാമ്പത്തികസഹായം നല്‍കുന്നതിനും പദ്ധതിനിര്‍വഹണം വിലയിരുത്തുന്നതിനും ഓണ്‍ലൈനിലൂടെ കഴിയുക- ഈ രണ്ടു പദ്ധതികളുടെ ലക്ഷ്യം ചുരുക്കത്തില്‍ ഇങ്ങനെ പറയാം. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അപക്സ് സ്ഥാപനങ്ങള്‍ രൂപവത്കരിച്ച്, അതില്‍ ഓരോ സംസ്ഥാനത്തെയും സഹകരണസംഘങ്ങളെ അംഗങ്ങളാക്കുകയാണു സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. മൂന്നു ദേശീയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ തുടങ്ങിയതു പ്രാഥമികസംഘങ്ങളെ അംഗങ്ങളാക്കാന്‍ ലക്ഷ്യമിട്ടാണ്. അര്‍ബന്‍ ബാങ്കുകള്‍ക്ക് അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചത് അവയുടെ കേന്ദ്രീകൃത നിയന്ത്രണത്തിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ സഹകരണത്തില്‍ ഒരുകേന്ദ്രീകൃത നിയന്ത്രണം കൈവരുന്നു എന്നു കാണാനാകും. ഇതിനോടു കേരളത്തിനു മാത്രമായി പൊരുതിനില്‍ക്കാനും മാറിനില്‍ക്കാനും കഴിയില്ലെന്നതും പ്രധാനമാണ്. അതിനാല്‍, സഹകരണത്തിന്റെ ഫെഡറല്‍സ്വഭാവം നഷ്ടപ്പെടുന്ന നീക്കത്തെ ശക്തമായി എതിര്‍ക്കുകയും കേന്ദ്രപദ്ധതികളുടെ ഗുണം ഏറ്റെടുക്കുകയും ചെയ്യുക എന്ന തമിഴ്നാടിന്റെ രീതിയാകും കേരളത്തിനും അഭികാമ്യം. അല്ലെങ്കില്‍, കേരളത്തിലെ സഹകരണമേഖലയ്ക്കു വലിയ സാമ്പത്തികസഹായം നഷ്ടപ്പെടാനുണ്ട്. വൈദ്യനാഥന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കേരളം സ്വീകരിച്ച നിലപാട്, ഇന്നു വിലയിരുത്തുമ്പോള്‍ ഒരു നഷ്ടക്കച്ചവടമായിരുന്നുവെന്നു ബോധ്യപ്പെടും. അന്ന് എതിര്‍ത്ത കാര്യങ്ങളെല്ലാം കേരളം നടപ്പാക്കി. പക്ഷേ, അന്നു ലഭിക്കുമായിരുന്ന 1450 കോടി രൂപ നഷ്ടപ്പെടുത്തി. അതിനാല്‍, സാഹചര്യങ്ങള്‍ വിലയിരുത്തിയും പദ്ധതികള്‍ പഠിച്ചും നിലപാട് സ്വീകരിക്കുന്ന രീതിയാണു നമുക്കു നല്ലത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്ന മനോഭാവം സഹകരണപദ്ധതികളിലൂടെ ഒളിച്ചുകടത്തുന്ന രീതി കേന്ദ്രം ഒഴിവാക്കേണ്ടതുണ്ട്. അതുണ്ടായാല്‍ എതിര്‍ക്കാനുള്ള രാഷ്ട്രീയക്കരുത്ത് നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനുണ്ട്. അതു കേരളത്തിന്റെയും കരുത്താണ്.

എഡിറ്റര്‍

( മൂന്നാംവഴി എഡിറ്റോറിയൽ ജൂലൈ ലക്കം 2024 )