വായ്പാസംഘങ്ങളില്‍ മൂന്നു തവണയിലേറെ മല്‍സരിക്കരുതെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

moonamvazhi

വായ്പാസഹകരണസംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ തുടര്‍ച്ചയായി മൂന്നുതവണയിലേറെ ഭരണസമിതിയിലേക്കു മത്സരിക്കരുതെന്ന സഹകരണസംഘം നിയമത്തിലെ പുതിയ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടു കേരള ഹൈക്കോടതി റദ്ദാക്കി. 2024ലെ ഒമ്പതാംഭേദഗതി പ്രകാരം വകുപ്പ് 28 (2എ) ഉള്‍പ്പെടുത്തി സഹകരണനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണു റദ്ദാക്കിയത്. ഇതു നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും അംഗങ്ങളുടെ ജനാധിപത്യപരമായ നിയന്ത്രണാവകാശമെന്ന സഹകരണതത്വത്തിന് എതിരുമാണെന്നു ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവില്‍ വ്യക്തമാക്കി. സഹകരണസംഘങ്ങളുടെ ഭരണസമിതിതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സ്വേച്ഛാപരമായി യോഗ്യതാമാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് അവയുടെ സ്വയംഭരണാവകാശത്തോടെയുള്ള പ്രവര്‍ത്തനത്തിലുള്ള ഇടപെടലാണെന്നു കോടതി വിലയിരുത്തി. സമാനസ്വഭാവമുള്ള എണ്‍പതോളം ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണു വിധി. സഹകരണസംഘം നിയമത്തിലെ മറ്റു ഭേദഗതികള്‍ക്കെതിരായ ആക്ഷേപങ്ങളെല്ലാം കോടതി തള്ളി.

1969ലെ കേരള സഹകരണസംഘംനിയമത്തിലെ 28-ാംവകുപ്പിലാണു സഹകരണസംഘം ഭരണസമിതി രൂപവല്‍ക്കരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളുള്ളത്. സംഘത്തിന്റെ പൊതുയോഗം നിയമാവലിയിലെ വ്യവസ്ഥകളനുസരിച്ച് അഞ്ചു വര്‍ഷത്തേക്കു ഭരിക്കാനുളള സമിതി രൂപവല്‍ക്കരിക്കുമെന്നും സംഘത്തിന്റെ കാര്യങ്ങളുടെ നടത്തിപ്പുചുമതല ആ കമ്മറ്റിയെ ഏല്‍പ്പിക്കുമെന്നുമാണ് അതിലുള്ളത്. ഇതില്‍ ഉപവകുപ്പായി 2 (എ) കൂട്ടിച്ചേര്‍ത്ത നടപടിയാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. നിയമാവലിയിലോ ചട്ടങ്ങളിലോ ഉള്ളത് എന്തായിരുന്നാലും ഭരണസമിതിയിലെ ഒരംഗത്തിനും തുടര്‍ച്ചയായി മൂന്നു തവണയിലേറെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹത ഉണ്ടായിരിക്കുകയില്ല എന്നാണ് ഉപവകുപ്പായി ചേര്‍ക്കപ്പെട്ടത്. ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും മൂന്നിലേറെ തവണ തുടര്‍ച്ചയായി ഭരണസമിതിയിലുള്ളവര്‍ക്കു മത്സരിക്കാനാവില്ല എന്നും ഉപവകുപ്പിലുണ്ട്. കേരളബാങ്ക്, പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍, സര്‍വീസ് സഹകരണബാങ്കുകള്‍, റീജിയണല്‍ സഹകരണബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണബാങ്കുകള്‍, കേരള സംസ്ഥാന സഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്, പ്രാഥമിക സഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്, അര്‍ബന്‍ സഹകരണസംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികള്‍, റൂറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍, പ്രാഥമികഭവനസഹകരണസംഘങ്ങള്‍, കേരള സ്‌റേറ്റ് ഹൗസിങ് ഫെഡറേഷന്‍ എന്നിവയ്ക്കാണു ഭേദഗതിയിലൂടെ തുടര്‍ച്ചയായി മൂന്നുതവണയിലേറെ ഭരണസമിതിയംഗങ്ങള്‍ ഭരണസമിതിയിലേക്കു മത്സരിക്കരുതെന്ന വ്യവസ്ഥ ബാധകമാക്കിയത്. ഇതിനെതിരെ നിരവധി സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ കോടതിയെ സമീപിച്ചു. വായ്പാസഹകരണസംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കു മാത്രമാണ് ഈ വ്യവസ്ഥമൂലമുള്ള മല്‍സരനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

  • സഹകരണസംഘം രൂപവത്കരണം മൗലികാവകാശം

ഭരണഘടനയുടെ 19-ാംവകുപ്പ് അഭിപ്രായസ്വാതന്ത്ര്യവും മറ്റുമായി ബന്ധപ്പെട്ട ചില അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 2011ലെ 97-ാം ഭരണഘടനാഭേദഗതിയിലൂടെ 19 (1) (സി) വഴി സഹകരണസംഘങ്ങള്‍ എന്ന വാക്കുകൂടി ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അതു പ്രകാരം എല്ലാ പൗരര്‍ക്കും അസോസിയേഷനുകളോ യൂണിയനുകളോ സഹകരണസംഘങ്ങളോ രൂപവത്കരിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ട് അസോസിയേഷനുകളും യൂണിയനുകളും സഹകരണസംഘങ്ങളും രൂപവല്‍ക്കരിക്കാനുള്ള സ്വാതന്ത്ര്യം 19(1)(സി) വകുപ്പ് ഉറപ്പു നല്‍കുന്നുണ്ട്. അതോടെ സഹകരണസംഘം രൂപവല്‍ക്കരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശമായി ഉയര്‍ന്നിരിക്കുകയാണ്. ഭരണഘടനയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 43-ബി വകുപ്പു പറയുന്നത് സ്വയംസന്നദ്ധമായി സഹകരണസംഘങ്ങള്‍ രൂപവല്‍ക്കരിക്കുന്നതിനെയും സ്വയംഭരണാവകാശത്തോടെയുള്ള അവയുടെ പ്രവര്‍ത്തനത്തെയും ജനാധിപത്യപരമായ നിയന്ത്രണത്തെയും പ്രൊഫഷണല്‍ മാനേജ്‌മെന്റിനെയും പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ യത്‌നിക്കണമെന്നാണ്. ഈ ഭേദഗതിക്കായി പാര്‍ട്ട് ഒമ്പത് ബി.യും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 243 ഇസഡ് എച്ച് മുതല്‍ 243 ഇസഡ് ടി വരെയുള്ള വകുപ്പുകളാണ് ആ ഭാഗത്തുള്ളത്. എങ്കിലും, സഹകരണസംഘങ്ങള്‍ പഞ്ചായത്തുകളെയോ നഗരസഭകളെയോ പോലെ സ്വയംഭരണയൂണിറ്റുകളായല്ല കണക്കാക്കപ്പെടുന്നത്. തലപ്പലം സര്‍വീസ് സഹകരണബാങ്ക് ലിമിറ്റഡ് കേസിലെ വിധിയില്‍ ഇതു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആന്റ് അനതര്‍ (ഇലക്ടറല്‍ ബോണ്ട് സ്‌കീം) കേസിന്റെ വിധിയില്‍ പറഞ്ഞിട്ടുള്ളത് ഒരു സ്റ്റാറ്റിയൂട്ട് പ്രകടമായി സ്വേച്ഛാപരമാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാമെന്നാണ്. പ്രകടമായി സ്വേച്ഛാപരമാണോ എന്നു നിശ്ചയിക്കാനുള്ള നിയമപരമായ സാധുത വിലയിരുത്തുമ്പോള്‍ കോടതി അതു ദുരുദ്ദേശ്യപരവും യുക്തിരഹിതവും വേണ്ടത്ര തത്വാധിഷ്ഠിതമല്ലാത്തതും അനുപാതരഹിതവും അമിതവുമാണോ എന്നതാണു പരിശോധിക്കുന്നത്. 97-ാം ഭരണഘടനാഭേദഗതി സഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നു ഭരണഘടനയുടെ മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. സഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ട കടമ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശതത്വങ്ങളിലുള്ളതിനാല്‍, സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിയും സഹകരണസംഘങ്ങളുടെ സ്വമേധയായുള്ള രൂപവല്‍കരണത്തെയും ജനാധിപത്യപരമായ നിയന്ത്രണത്തെയുമൊക്കെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കണമെന്ന 43-ബി വകുപ്പിന് അനുസൃതമായിരിക്കേണ്ടതുണ്ട്. സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനവും ജനാധിപത്യപരമായ നിയന്ത്രണവുമാണ് 43 ബി വകുപ്പിലെ മുഖ്യവാക്കുകള്‍. വ്യക്തി ഒറ്റയ്‌ക്കോ കൂട്ടായോ ചെയ്യേണ്ട വിവിധ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാനുള്ള കഴിവാണ് സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനംകൊണ്ട് ഉദ്ദേശിക്കുന്നത്. നേരിട്ടുള്ള മേല്‍നോട്ടമോ മറികടക്കലോ കൂടാതെ സഹകരണസംഘാംഗങ്ങള്‍ക്ക് അടിസ്ഥാനപരമായ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുക എന്നതും സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

സഹകരണസംഘങ്ങളുടെമേല്‍ അനാവശ്യമായ ബാഹ്യഇടപെടലുകളുണ്ടാകുന്നതു തടയേണ്ടതിന്റെയും അവയുടെ സ്വയംഭരണാധികാരത്തോടെയുള്ള സംവിധാനവും ജനാധിപത്യപരമായ പ്രവര്‍ത്തനവും ഉറപ്പു വരുത്തേണ്ടതിന്റെയും ശക്തമായ ആവശ്യകത മുന്‍നിര്‍ത്തിയാണു 97-ാംഭരണഘടനാഭേദഗതി കൊണ്ടുവന്നത്. സഹകരണസംഘങ്ങളുടെ രൂപവത്കരണം, നിയന്ത്രണം, പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ എന്നിവ സംബന്ധിച്ചു സംസ്ഥാനനിയമസഭ നിയമം കൊണ്ടുവരുമ്പോള്‍ ആ നിയമം സ്വയംസന്നദ്ധമായ രൂപവത്കരണം, അംഗങ്ങളുടെ ജനാധിപത്യപരമായ നിയന്ത്രണാവകാശം, അംഗങ്ങളുടെ സാമ്പത്തികപങ്കാളിത്തം, സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന് 243 ഇസഡ് ഐ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പു നടത്താനുള്ള പ്രക്രിയയും മാര്‍ഗനിര്‍ദേശങ്ങളും നിര്‍ദേശിക്കാന്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

  • സര്‍ക്കാരിന്റെ അധികാരം പരിമിതം

ഭരണഘടനയിലെ 243 ഇസഡ് ഐ വകുപ്പിലെ സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതു സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഇടപപെടല്‍ തീരെ കുറവു മാത്രമായിരിക്കണമെന്നാണ്. രൂപവല്‍ക്കരണം, നിയന്ത്രണം, പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രമായി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെട്ടിരിക്കുന്നു. സഹകരണസംഘങ്ങളുടെ ഭരണസമിതിതിരഞ്ഞെടുപ്പില്‍ സ്വേച്ഛാപരമായി യോഗ്യതാമാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് അവയുടെ സ്വയംഭരണാവകാശത്തോടെയുള്ള പ്രവര്‍ത്തനത്തിലുള്ള ഇടപെടലാണ്. സംഘം ഭരിക്കാനുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നത് സംഘാംഗങ്ങള്‍ നിറവേറ്റേണ്ട പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ്. തങ്ങളില്‍ ആര്‍ക്കാണു സംഘത്തിന്റെ കാര്യങ്ങള്‍ ഏറ്റവും ഫലപ്രദമായി നടത്തിക്കൊണ്ടുപോകാനാവുക എന്നു തീരുമാനിക്കാനുള്ള കഴിവ് അംഗങ്ങള്‍ക്കുണ്ടെന്നു നിയമം അര്‍ഥമാക്കുന്നുണ്ട്. സര്‍ക്കാര്‍ സഹകരണസംഘം ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതസംബന്ധിച്ചു വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആ വ്യവസ്ഥകള്‍ സംഘത്തിന്റെ സ്വയംഭരണാവകാശത്തോടെയുള്ള പ്രവര്‍ത്തനത്തിന് ഉതകുന്നതും 43-ബി വകുപ്പു വിഭാവന ചെയ്യുന്ന ജനാധിപത്യപരമായ നിയന്ത്രണത്തില്‍ അധിഷ്ഠിതമായിരിക്കുകയും വേണം.

ഇവിടെ 28(2എ) വകുപ്പുപ്രകാരം മൂന്നു തവണയിലേറെ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടരുതെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത് ദീര്‍ഘകാലം അധികാരത്തിലിരിക്കുന്നതുവഴി ഭരണസമിതിയംഗങ്ങളില്‍ ഉണ്ടായേക്കാവുന്ന സ്ഥാപിതതാത്പര്യങ്ങള്‍ക്കു തടയിടാനാണെന്നാണു കരുതപ്പെടുന്നത്. സര്‍ക്കാര്‍ നിര്‍വഹണാധികാരത്തിന്റെ ഭാഗത്തുനിന്നുകൊണ്ട്, സര്‍ക്കാരുദ്യോഗസ്ഥര്‍ ഒരു പ്രത്യേകപ്രദേശത്ത് ഒരു നിശ്ചിതകാലയളവിനെക്കാള്‍ കൂടുതല്‍ കാലം തുടരുന്നതില്‍ നിന്നു തടഞ്ഞുകൊണ്ടുള്ള ഭരണപരമായ നിര്‍ദേശങ്ങളും എക്‌സിക്യൂട്ടീവ് ഉത്തരവുകളും ഇറക്കാറുണ്ടെന്നതു സത്യമാണ്. അത് ഏതെങ്കിലും പ്രത്യേകപ്രദേശവുമായി ബന്ധപ്പെട്ടു സ്ഥാപിതതാത്പര്യങ്ങള്‍ വളര്‍ന്നുവരുന്നതു തടയാനാണ്. എന്നാല്‍, സഹകരണസംഘങ്ങളുടെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു തുല്യം കണക്കാക്കാനാവില്ല. സംഘത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക എന്ന ഉത്തരവാദിത്വത്തോടെയാണു സഹകരണസംഘങ്ങളില്‍ ഭരണസമിതിയംഗങ്ങള്‍ പദവികള്‍ വഹിക്കുന്നത്. അത്തരം ആളുകളുടെ ദീര്‍ഘകാലഅനുഭവസമ്പത്ത് സഹകരണസംഘത്തിനും അംഗങ്ങള്‍ക്കും ഗുണകരമാവുകയേയഉള്ളൂ.

സ്വയംഭരണാവകാശത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുടെ കാര്യത്തില്‍ സ്ഥാപിതതാത്പര്യങ്ങള്‍ വളര്‍ന്നുവരുമെന്നും മറ്റുമുള്ള ആശങ്കകള്‍ അംഗങ്ങളുടെ പൊതുയോഗത്തില്‍ തീരുമാനിക്കപ്പെടുന്നതിനായി വിടുന്നതാണ് ഉചിതം. ഭരണസമിതിയംഗങ്ങള്‍ ദീര്‍ഘകാലം ഭരണത്തില്‍ തുടരുന്നതു സംഘത്തിന്റെ നടത്തിപ്പിനെയും മറ്റുകാര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നു സംഘത്തിന്റെ പൊതുയോഗത്തിനു തോന്നിയാല്‍ ആ പൊതുയോഗത്തിനു സംഘത്തിന്റെ നിയമാവലിയില്‍ അതനുസരിച്ചുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. അല്ലാതെ സര്‍ക്കാര്‍ അത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതു തീര്‍ച്ചയായും സംഘങ്ങളുടെ സ്വയംഭരണാവകാശത്തിലും തങ്ങളില്‍ ഏറ്റവും മികച്ചവരെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കാനുള്ള സഹകരണസംഘം പൊതുയോഗത്തിന്റെ അവകാശത്തിലുമുള്ള ഇടപെടലാണ്.

  • അംഗങ്ങളുടെ അവകാശത്തിനുമേല്‍ ആഘാതമേല്‍പ്പിക്കരുത്

സംഘങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 43-ബി വകുപ്പിലെ ജനാധിപത്യപരമായ നിയന്ത്രണം എന്ന വാക്കിന് അര്‍ഥം നിയമസഭയിലെയോ മറ്റേതെങ്കിലും ബാഹ്യസ്ഥാപനത്തിലെയോ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു സഹകരണസംഘങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാമെന്നല്ല. 43-ബി വകുപ്പുകൊണ്ടുദ്ദേശിക്കുന്നത് സംഘങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നും അവ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നുമാണ്. സഹകരണസംഘത്തിന്റെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ സര്‍ക്കാര്‍ സ്വേച്ഛാപരമായി യോഗ്യതകളും ഉപാധികളും ഉണ്ടാക്കുമ്പോള്‍ അതു സംഘം ജനാധിപത്യപരമായ രീതിയില്‍ നടത്തിക്കൊണ്ടുപോകാനുള്ള അംഗങ്ങളുടെ അവകാശത്തിനുമേലുള്ള ആഘാതമാണ്. കേരളത്തിലെ ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളിലേറെയും ആശ്രയിച്ചിരിക്കുന്നതു ഭരണസമിതിയില്‍ അംഗങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ്.

സഹകരണസംഘം ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ഥാപിതതാത്പര്യങ്ങള്‍ വളരുമെന്നും സഹകരണസംഘത്തിന്റെ നടത്തിപ്പിലും കാര്യങ്ങളിലും അഭിപ്രായം പറയാന്‍ അവര്‍ അശക്തരായിത്തീരുമെന്നും നിയമപരമായി കരുതാനോ അനിവാര്യമായ ഒരു ചട്ടമാക്കാനോ കഴിയില്ല. പാര്‍ലമെന്റിലോ സംസ്ഥാനനിയമസഭകളിലോ, എന്നല്ല പഞ്ചായത്ത്‌രാജ് നിയമപ്രകാരം ഭരിക്കപ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍പോലുമോ അത്തരമൊരു നിയന്ത്രണമില്ല. ആവര്‍ത്തിച്ചും തുടര്‍ച്ചയായും ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ സംഘങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമായി പ്രവര്‍ത്തിക്കുമെന്നു അടച്ചൊരു നിഗമനത്തിലെത്താനുമാവില്ല. സ്ഥാപിതതാത്പര്യങ്ങള്‍ വളര്‍ന്നുവരാന്‍ സാധ്യതയുണ്ടെങ്കിലും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ അംഗങ്ങള്‍ അഥവാ സംഘത്തിന്റെ പൊതുയോഗമാണ് അത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തേണ്ടത്.

  • വായ്പാസംഘങ്ങളും മറ്റു സംഘങ്ങളും തമ്മില്‍ വിവേചനം പാടില്ല

തുടര്‍ച്ചയായി നാലാംതവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന നിയന്ത്രണം വായ്പാസംഘങ്ങള്‍ക്കു മാത്രമാണു ബാധകമാക്കിയിരിക്കുന്നത്. മറ്റൊരു സഹകരണസംഘത്തിന്റെയും ഭരണസമിതിയിലേക്കും നാലാംതവണയും തിരഞ്ഞെടുക്കപ്പെടുന്നവരില്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ വളരുകയില്ലെങ്കില്‍ വായ്പാസംഘങ്ങളും മറ്റുസംഘങ്ങളും തമ്മിലൊരു വിവേചനത്തിന്റെ ആവശ്യമില്ല. വായ്പാസംഘങ്ങളാണോ അല്ലയോ എന്നു നോക്കാതെ എല്ലാ സഹകരണസംഘങ്ങളെയും പ്രോല്‍സാഹിപ്പിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. അതുകൊണ്ടു 28(2എ) വകുപ്പ് അതീവ സ്വേച്ഛാപരവും പാടേ വിവേചനപരവുമാണെന്ന് കോടതി വിലയിരുത്തി. അതു നിയമത്തില്‍ ഉള്‍പ്പെടുത്തിയതു യുക്തിരഹിതവും പ്രകടമായും സ്വേച്ഛാപരവുമാണ്. ഭരണഘടനയുടെ 14-ാംവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കുമുന്നില്‍ നിലനില്‍പ്പില്ലാത്തതാണത്. അതുകൊണ്ടു 28(2എ) വകുപ്പ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു ഹൈക്കോടതിവിധി വ്യക്തമാക്കി.

ഓഹരിമൂലധന സംഭാവനാവ്യവസ്ഥകള്‍, സഹകരണസംഘങ്ങളിലെ പാര്‍ട്ണര്‍ഷിപ്പുകള്‍, സീറ്റുസംവരണം, സഹകരണപുനരുദ്ധാരണനിധി രൂപവല്‍്കരണം തുടങ്ങി സഹകരണസംഘം നിയമത്തിലെ നിരവധി ഭേദഗതികളും ഹര്‍ജികളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സഹകരണസംഘങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിക്കുന്നു എന്ന ആരോപണമാണ് ഇവയുടെ കാതല്‍. എന്നാല്‍, തുടര്‍ച്ചയായി മൂന്നുതവണയിലേറെ വായ്പാസഹകരണസംഘങ്ങളുടെ ഭരണസമിതിയിലേക്കു മല്‍സരിക്കുന്നതു തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ മാത്രമാണു കോടതി റദ്ദാക്കിയത്.