സഖി: ആദ്യബാച്ച് ഒരുങ്ങി
സഹകരണവകുപ്പിന്റെയും വനിതാസഹകരണസംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനമായ വനിതാഫെഡിന്റെയും ആയുഷ്‌മിഷന്‍ കേരളത്തിന്റെയും ആഭിമുഖ്യത്തിലുള്ള സഖി (സൂതികാമിത്രം) പദ്ധതിയുടെ ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി സര്‍ടിഫിക്കറ്റുകള്‍ നേടി. സ്‌ത്രീകള്‍ക്കു ശാസ്‌ത്രീയമായി ഗര്‍ഭകാലപരിചരണവും പ്രസവാനന്തരശുശ്രൂഷയും നല്‍കാനുള്ള പരിശീലനമാണിത്. തിരുവനന്തപുരത്തെ നെല്ലിമൂട് വനിതാസഹകരണസംഘത്തില്‍ നടന്ന പരിശീലനത്തില്‍ 30 വനിതകള്‍ സര്‍ടിഫിക്കറ്റ് നേടി. 20മുതല്‍ 45വരെ വയസ്സുള്ള ഇവരെ ഗര്‍ഭകാലത്തെയും പ്രസവാനന്തരകാലത്തെയും ബുദ്ധിമുട്ടുകള്‍ ആയുര്‍വേദരീതിയില്‍ കൈകാര്യം ചെയ്യാന്‍ സജ്ജരാക്കി. തിരുവനന്തപുരം ജവഹര്‍സഹകരണഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യബാച്ച്സര്‍ടിഫിക്കറ്റ് വിതരണം.


