സഹകരണവകുപ്പിന്റെ ഭവനസമുച്ഛയം നിര്‍മ്മിക്കുന്നത് ലൈഫ് പദ്ധതിയുമായി ചേര്‍ന്ന്

moonamvazhi

സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ 14 ജില്ലകളിലും ലൈഫ് മിഷന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം നടന്നുവരുന്നുണ്ട്.

പാലക്കാട് ജില്ലയില്‍ കണ്ണാടി വില്ലേജില്‍ 28 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം നടന്നുവരുന്നു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പന്നിയൂര്‍ വില്ലേജില്‍ 18 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.

2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് കെയര്‍ ഹോം പദ്ധതി രണ്ടാം ഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്. തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 കുടുംബങ്ങള്‍ക്ക് വസിക്കാന്‍ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയെന്നും മന്ത്രി സഭയെ അറിയിച്ചു.