മില്‍മയ്‌ക്കു നിയമനനടപടി തുടരാം; വെയിറ്റേജും ആവാം: ഹൈക്കോടതി

Moonamvazhi

 

  • ഗസറ്റ്‌ വിജ്ഞാപനം വേണമെന്നു വ്യവസ്ഥയില്ല
  • ധവളവിപ്‌ളവലക്ഷ്യങ്ങള്‍ പ്രധാനം
  • മൗലികാവകാശലംഘനമില്ല

തിരുവനന്തപുരം മേഖലാക്ഷീരോല്‍പാദകയൂണിയന്‌ (മില്‍മ തിരുവനന്തപുരം യൂണിയന്‍) നിയമനസമിതികള്‍ രൂപവല്‍കരിച്ചുള്ള നിയമനനടപടികളുമായി മുന്നോട്ടുപാകാമെന്നു ഹൈക്കോടതി. നിയമനസമിതി രൂപവല്‍കരിച്ചതിനും ക്ഷീരോല്‍പാദകസംഘങ്ങള്‍ക്കു നിയമനങ്ങളില്‍ വെയിറ്റേജ്‌ നല്‍കാനുള്ള മില്‍മ തിരുവനന്തപുരം മേഖലായൂണിയന്റെ തീരുമാനത്തിനുമെതിരെ മൂന്നു പ്രാഥമികക്ഷീരസംഘങ്ങളും ആറു വ്യക്തികളും നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ്‌ എന്‍. നഗരേഷ്‌ തള്ളി. രണ്ടുഹര്‍ജികളും ഒരുമിച്ചുപരിഗണിച്ചാണു വിധി. നിയമനസമിതി രൂപവല്‍കരിക്കാന്‍ യൂണിയന്‌ അവകാശമുണ്ടെന്നും സര്‍ക്കാരിന്റെ അമിതാധികാരപ്രയോഗമില്ലെന്നും മൗലികാവകാശലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

രണ്ടാംധവളവിപ്ലം നടപ്പാക്കാന്‍ കേരളസര്‍ക്കാര്‍ ഇന്ത്യന്‍ ഡയറി കോര്‍പറേഷനുമായി കരാറുണ്ടാക്കിയിട്ടുണ്ട്‌. അതില്‍ തസ്‌തികകള്‍ സൃഷ്ടിക്കാനും നിയമിക്കാനും ശമ്പളം നിശ്ചയിക്കാനും സര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങള്‍ക്ക്‌ അനുവാദം നല്‍കിയിട്ടുണ്ട്‌. സംസ്ഥാനസര്‍ക്കാരിന്റെ ഒരു നോമിനിയും ഐഡിസി/എന്‍ഡിഡിബിയുടെ ഒരു നോമിനിയും മില്‍മഫെഡറേഷന്റെ/യൂണിയന്റെ മാനേജിങ്‌ ഡയറക്ടറുമടങ്ങിയ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായായിരിക്കണം ഇതെന്നു മാത്രം. സഹകരണസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതുകൊണ്ടു മില്‍മ മേഖലായൂണിയനാണു നിയമനസമിതി രൂപവല്‍ക്കരിക്കേണ്ടതും വേതനം നിശ്ചയിക്കേണ്ടതും. 2021ല്‍ സര്‍ക്കാര്‍ മൂന്നുമേഖലായൂണിയനുകളുടെയും നിയമന-സ്ഥാനക്കയറ്റച്ചട്ടങ്ങള്‍ അംഗീകരിച്ചു -ഇതാണു കേസിന്റെ പശ്ചാത്തലം.

നിയമനത്തില്‍ ക്ഷീരോല്‍പാദകസഹകരണസംഘം ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും സംവരണവും വെയിറ്റേജും നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ ക്ഷീരസഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശത്തെ ബാധിക്കുമെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു.

സര്‍ക്കാര്‍ മൂന്നുമേഖലായൂണിയനുകളുടെയും നിയമന-സ്ഥാനക്കയറ്റച്ചട്ടങ്ങള്‍ അംഗീകരിച്ചതിനെ സ്റ്റാറ്റിയൂട്ടറിയായി കണക്കാക്കാനാവില്ലെന്നും അവര്‍ വാദിച്ചു. കാരണം, സഹകരണനിയമത്തിലെ 109-ാംവകുപ്പുപ്രകാരം ഗസറ്റില്‍ വിജ്ഞാപനം ചെയ്‌താലേ പ്രാബല്യം വരികയുള്ളൂ. സഹകരണസംഘം നിയമത്തിന്റെ 80-ംവകുപ്പുപ്രകാരം സര്‍ക്കാരാണു സംഘങ്ങളെ ക്ലാസിഫൈ ചെയ്യുകയും ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സംബന്ധിച്ചു ചട്ടങ്ങളുണ്ടാക്കുകയും ചെയ്യേണ്ടത്‌. ക്ലാസിഫിക്കേഷന്‍വ്യവസ്ഥകള്‍ 182-ാം ചട്ടത്തിലാണുള്ളത്‌. അനുബന്ധം IIIല്‍ ക്ലാസിഫിക്കേഷനുകള്‍ ഉണ്ട്‌. പക്ഷേ, അതില്‍ മൂന്നു മേഖലായൂണിയനുകളും/കേന്ദ്രസംഘങ്ങളും ഇല്ല. മേഖലായൂണിയനുകളെ അനുബന്ധം IIIല്‍ ഉള്‍പ്പെടുത്താത്തിടത്തോളം നിയമനരീതി നിര്‍ദേശിക്കാന്‍ സര്‍ക്കാരിനാവില്ല. സഹകരണസംഘംനിയമത്തിലെ 80(8)വകുപ്പുപ്രകാരം സര്‍ക്കാരിന്‌ അധികാരമുണ്ടെന്നു വാദിക്കപ്പെടുന്നുണ്ടെങ്കിലും, ക്ലാസിഫിക്കേഷന്‍ രീതി അതില്‍ പെടില്ല. ക്ലാസിഫിക്കേഷനു ബാധകം 80-ാംവകുപ്പും 182-ാംചട്ടവും മാത്രമാണ്‌. അതുകൊണ്ടു സര്‍ക്കാര്‍ അംഗീകരിച്ച നിയമന-സ്ഥാനക്കയറ്റച്ചട്ടങ്ങള്‍ സഹകരണനിയമത്തിന്റെ 109-ാംവകുപ്പുപ്രകാരം ചട്ടങ്ങളായി കണക്കാക്കാനാവില്ല; കാരണം അവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

88ബിബി വകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ സഹകരണനിയമം ഭേദഗതി ചെയ്‌തതു 2021 ഫെബ്രുവരി 12നു ഗസറ്റുവിജ്ഞാപനംവഴിയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഭേദഗതി പ്രകാരം മൂന്നുമേഖലായൂണിയനുകളിലെയും സ്ഥിരംജീവനക്കാരെ തിരഞ്ഞെടുക്കാനും നിയമിക്കാനും നിയമനസമിതികള്‍ രൂപവല്‍കരിക്കണം. 2024 മാര്‍ച്ച്‌ 11നു തിരുവനന്തപുരം മേഖലായൂണിയന്‍ സൂപ്പര്‍വൈസര്‍/മാനേജീരിയല്‍ കാഡറിലുള്ള തസ്‌തികകളിലേക്കു സെലക്ഷനിലൂടെ സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഒരു ഉദ്യോഗാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ഉത്തരവുവരെ സെലക്ഷന്‍ നടപടികള്‍ പാടില്ലെന്നു 2024 ജൂണ്‍ 11നു കോടതി ഇടക്കാലഉത്തരവു നല്‍കി. 2025സെപ്‌റ്റംബര്‍ 18നു അസിസ്‌റ്റന്റ്‌ മാനേജര്‍ (പ്രൊഡക്ഷന്‍) തസ്‌തികയുടേത്‌ ഒഴികെയുള്ള തസ്‌തികകളില്‍ സെലക്ഷന്‍ നടപടികള്‍ തുടരാനനുവദിച്ചുകൊണ്ടു കോടതി ഉത്തരവു ഭേദഗതി ചെയ്‌തു. സര്‍ക്കാര്‍ 2024ജൂണ്‍ അഞ്ചിന്‌ നിയമനസമിതികളുടെ പ്രവര്‍ത്തനനടപടിക്രമമാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. അഭിമുഖം നടത്താന്‍ ഉപസമിതികള്‍ രൂപവല്‍കരിക്കാമെന്ന്‌ അതിലുണ്ട്‌. നിയമനങ്ങളില്‍ അവസാനവാക്ക്‌ സംസ്ഥാനസര്‍ക്കാര്‍സംവിധാനത്തിന്റേതായിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണിതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു.

മില്‍മ തിരുവനന്തപുരം യൂണിയനില്‍ മാനേജിങ്‌ ഡയറക്ടറുടേതൊഴികെയുള്ള സ്ഥിരംജീവനക്കാരെ തിരഞ്ഞെടുക്കാന്‍ നിയമനസമിതി രൂപവല്‍കരിച്ചു സര്‍ക്കാര്‍ 2024മെയ്‌ 25നു വിജ്ഞാപനം ഇറക്കി. 2025 ജൂലൈ ഏഴിന്‌ എഴുത്തുപരീക്ഷ നടത്താനും ഗ്രൂപ്പ്‌ചര്‍ച്ച/അഭിമുഖം നടത്താനുമുള്ള രണ്ട്‌ ഏജന്‍സികളെ ഏകോപിപ്പിച്ച്‌ ഒറ്റ ഏജന്‍സിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2025 ഒക്ടോബര്‍ ഒമ്പതിനു നിയമനഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ ടെണ്ടര്‍ വിളിച്ചു. കേരള സ്റ്റേറ്റ്‌ പ്രൊഡക്ടിവിറ്റി കൗണ്‍സിലിനെ ഏജന്‍സിയായി നിശ്ചയിക്കുകയും ചെയ്‌തു. മില്‍മ തിരുവനന്തപുരം മേഖലായൂണിയന്റെ ഒരു ഡയറക്ടര്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെയും ഡയറക്ടറാണെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു പ്രൊഡക്ടിവിറ്റി കൗണ്‍സിലിനെ തിരഞ്ഞെടുത്തതു നിയമനത്തെ സ്വാധീനിക്കാനാണെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ 2025 നവംബര്‍ ഒന്നിനു നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും ആശ്രിതര്‍ക്കും വെയിറ്റേജ്‌ ഏര്‍പ്പെടുത്തി. സഹകരണനിയമത്തിലും ചട്ടങ്ങളിലും സംവരണത്തിനു മാനദണ്ഡങ്ങളുള്ള നിലക്ക്‌ സ്റ്റാറ്റിയൂട്ടറി പിന്‍ബലമില്ലാതെ എക്‌സിക്യൂട്ടീവ്‌ ഉത്തരവുവഴി ക്ഷീരകര്‍ഷകര്‍ക്കു സംവരണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിനാവില്ലെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. 2025 നവംബര്‍ മൂന്നിനു വിവിധ കാറ്റഗറികളിലെ നിയമനവിജ്ഞാപനം പ്രസിദ്ധീകരിച്ചു. അതിനുശേഷവും തിരുവനന്തപുരം യൂണിയന്‍ 2025 നവംബര്‍ ഏഴിന്‌ സംവരണമാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കുലര്‍ ഇറക്കി.

ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ നിയമന-സ്ഥാനക്കയറ്റങ്ങള്‍ രൂപവല്‍കരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. മേഖലായൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ല. ഫലത്തില്‍, യൂണിയനുകളുടെ നിയമനാധികാരം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കയാണ്‌. ഇത്‌ അനുവദനീയമല്ല. വിജ്ഞാപനംമുതല്‍ റാങ്കുലിസ്റ്റുവരെയുള്ള എല്ലാ നടപടിയും ഫലത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

80ബിബി വകുപ്പുപ്രകാരം പുറത്തുള്ള ഏജന്‍സിക്കു ചുമതല നല്‍കാന്‍ നിയമനഏജന്‍സിക്ക്‌ അധികാരമില്ല. നിയമനസമിതിക്കോ സര്‍ക്കാരിനോ സ്‌റ്റാറ്റിയൂട്ടറി ചുതമലകള്‍ പുറത്തുള്ള ഏജന്‍സിക്കു കൈമാറാനാവില്ല. ചില വിഭാഗങ്ങള്‍ക്കു വെയിറ്റേജ്‌ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതിനും സ്റ്റാറ്റിയൂട്ടിന്റെ പിന്‍ബലമില്ല. 2025 നവംബര്‍ ഏഴിലെ സര്‍ക്കുലര്‍ ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍ വെയിറ്റേജ്‌ ഏര്‍പ്പെടുത്തുന്നതാണ്‌. ഇതു തസ്‌തികക്ക്‌ ഒരുതരം പാമ്പര്യസ്വഭാവം നല്‍കുന്നു. പാരമ്പര്യാവകാശവും പൊതുനിയമനവും ചേരില്ല. പൊതുനിയമനത്തില്‍ കുടുംബബന്ധത്തിനു മുന്‍ഗണന നല്‍കുന്നതു ശരിയല്ല.

അതുകൊണ്ടു സഹകരണനിയമത്തിലെ 80ബിബി വകുപ്പ്‌ സ്വേച്ഛാപരവും ഭരണഘടനയുടെ 14-ാം വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. അതുകൊണ്ടു മേല്‍പറഞ്ഞഉത്തരവുകള്‍ റദ്ദാക്കണമെന്നാണു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത നിയമസഭക്ക്‌ അതിനുള്ള അധികാരമില്ലെങ്കിലോ മൗലികാവകാശലംഘനമുണ്ടെങ്കിലോ മാത്രമേ ചോദ്യം ചെയ്യാനാവൂ എന്നു മില്‍മ തിരുവനന്തപുരം മേഖലായൂണിയന്‍ വാദിച്ചു. നിയമസഭക്ക്‌ ഇതിനുള്ള അധികാരമില്ലെന്നോ 80ബിബി വകുപ്പു ഏതെങ്കിലും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നോ ഹര്‍ജിക്കാര്‍ക്കു പരാതിയില്ല. നിയമനത്തില്‍ സര്‍ക്കാരിന്‌ ഒരു നിയന്ത്രണവുമില്ല. അപ്പെക്‌സ്‌ ഫെഡറേഷന്റെ മാനേജിങ്‌ ഡയറക്ടറാണു നിയമനസമിതി കണ്‍വീനര്‍. നിയമനസമിതി സ്വതന്ത്രസ്വഭാവമുള്ളതാണ്‌. മൂന്നുമേഖലായൂണിയനുകളുടെ ഭാരവാഹികളും അപ്പെക്‌സ്‌ ഫെഡറേഷനും സര്‍ക്കാരും യോഗംചേര്‍ന്നാണു നിയമനസമിതി രൂപവല്‍കരിക്കാന്‍ തീരുമാനിച്ചത്‌. മൂന്നു മേഖലായൂണിയനുകളുടെയും വിശേഷാല്‍ പൊതുയോഗങ്ങള്‍ തീരുമാനം ഏകകണ്‌ഠമായി അംഗീകരിച്ചിട്ടുമുണ്ട്‌. ഹര്‍ജിക്കാരും പൊതുയോഗത്തില്‍ പങ്കെടുത്തതാണ്‌. നിയമനം നടത്തുന്ന ഓരോതവണയും നിയമനസമിതി രൂപവല്‍കരിക്കണമെന്ന തെറ്റായധാരണയാണു ഹര്‍ജിക്കാര്‍ക്കുള്ളത്‌. എന്നാല്‍ സമിതിക്കു ദീര്‍ഘകാലനിലനില്‍പുണ്ട്‌. അപ്പെക്‌സ്‌ സംഘം വിപുലമായ കൂടിയാലോചനകള്‍ നടത്തിയശേഷമാണു മാറ്റങ്ങള്‍ വരുത്തിയത്‌. സംസ്ഥാനത്തിനു പുറത്തുള്ള ഇത്തരം സഹകരണസംഘങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു. വകുപ്പ്‌ 80(3), 80(8) എന്നിവ സ്വയംനിലനില്‍പുള്ള വ്യവസ്ഥകളാണ്‌. 109-ാംവകുപ്പു ബാധകമാകാതെതന്നെ ചട്ടങ്ങള്‍ രൂപവല്‍കരിക്കാന്‍ ഈ വ്യവസ്ഥകള്‍ സര്‍ക്കാരിന്‌ അധികാരം നല്‍കുന്നുണ്ട്‌. ഈ വകുപ്പുകള്‍പ്രകാരം റെഗുലേഷനുകള്‍ ഏര്‍പ്പെടുത്താന്‍ ഗസറ്റ്‌ വിജ്ഞാപനത്തിന്റെ ആവശ്യമില്ല. അതുകൊണ്ടു ക്ഷീരകര്‍ഷകര്‍ക്കനുവദിച്ച വെയിറ്റേജ്‌ ഭരണഘടനാവിരുദ്ധമല്ല. അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്കു നിയമനത്തില്‍ മുന്‍ഗണന നല്‍കുന്നതില്‍നിന്ന്‌ സഹകരണസംഘങ്ങളെ വിലക്കുന്ന ഒരു വ്യവസ്ഥയുമില്ലെന്നു മില്‍മ തിരുവനന്തപുരം മേഖലായൂണിയനുവേണ്ടി വാദിക്കപ്പെട്ടു.

പൊതുചട്ടങ്ങള്‍ വേണമെന്നതിനാലാണു സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നു ക്ഷീരവികസനവകുപ്പുഡയറക്ടര്‍ ബോധിപ്പിച്ചു. സഹകരണസംഘങ്ങളില്‍ ഏകീകൃതസേവന,പെരുമാറ്റച്ചട്ടങ്ങള്‍ രൂപവല്‍കരിക്കാന്‍ 80(8) പ്രകാരം സര്‍ക്കാരിന്‌ അധികാരമുണ്ട്‌. പൊതുചട്ടങ്ങളുടെ ആവശ്യകത മൂന്നുമേഖലായൂണിയനുകള്‍ക്കും ബോധ്യപ്പെട്ടതുമാണ്‌. നിയമനത്തില്‍ നീതി ഉറപ്പാക്കാനാണു നിയമനസമിതി. സര്‍ക്കാര്‍വിജ്ഞാപനങ്ങള്‍ 80ബിബി യുമായി ചേര്‍ന്നുപോകുന്നതാണ്‌. സുതാര്യത ഉറപ്പാക്കാനാണു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്‌. ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും വെയിറ്റേജ്‌ കൊടുത്തതു നിയമവിരുദ്ധമല്ലെന്നും ക്ഷീരവികസനവകുപ്പുഡയറക്ടര്‍ ബോധിപ്പിച്ചു.

സഹകരണനിയമത്തിലെ 80ബിബി വകുപ്പുപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണു സര്‍ക്കാര്‍ നിയമനസമിതി രൂപവല്‍കരിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പു കൊണ്ടുവരാനുള്ള നിയമപരമായ അധികാരത്തെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ഇതിലെ വ്യവസ്ഥ സ്വേച്ഛാപരവും ക്ഷീരോല്‍പാദകസംഘങ്ങള്‍ക്കനുകൂലമായി വിവേചനം കാട്ടുന്നതുമാണെന്നു വാദിക്കുന്നുണ്ട്‌്‌. ധവളവിപ്ലവപദ്ധതിയുടെ നേട്ടങ്ങള്‍ കൊയ്യാനും ഐഡിസിയെ സഹായിക്കാനുമാണു സംസ്ഥാനസര്‍ക്കാര്‍ ഐഡിഎയുമായും ഐഡിസിയുമായും കരാറുണ്ടാക്കിയത്‌. നിയമഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന്‌ അതില്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്‌. സഹകരണസ്ഥാപനങ്ങള്‍ക്കു പൂര്‍ണസ്വാതന്ത്ര്യം നല്‍കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതാണ്‌. ധവളവിപ്ലവത്തിന്റെ ദേശീയലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഐഡിസിയും എന്‍ഡിഡിബിയും ഐഡിഎയും ക്ഷീരോല്‍പാദകസഹകരണസംഘങ്ങളുമായും കൈകോര്‍ത്തുകൊണ്ടാണു സര്‍ക്കാരും യൂണിയനുകളും ഈ നടപടികളൊക്കെ എടുത്തിട്ടുള്ളത്‌. ഭേദഗതികള്‍ പൊതുതാല്‍പര്യവും ദേശീയതാല്‍പര്യവും കണക്കിലെടുത്തുള്ളതാണ്‌. ഈ സാഹചര്യത്തില്‍ ഡയറി/ക്ഷീരസഹകരണസംഘങ്ങള്‍ വ്യത്യസ്‌തമായ ഒരു തലത്തിലാണു നിലകൊള്ളുന്നത്‌. അതുകൊണ്ടു 80ബിബി വകുപ്പു ഭരണഘടനയുടെ 14-ാംവകുപ്പിന്റെ ലംഘനമാണെന്ന വാദം തള്ളപ്പെടേണ്ടതാണ്‌.

`109(2)(xxxviii) ല്‍ `നിര്‍ദേശിക്കപ്പെടണമെന്നു വകുപ്പൂമൂലം ആവശ്യമായി വരുന്നതോ അനുവദിക്കുന്നതോ ആയ മറ്റ്‌ ഏതൊരു കാര്യവും’ എന്ന്‌ ഒരു അവശിഷ്ട വ്യവസ്ഥ ഉണ്ടെന്നല്ലാതെ, 109(2) വകുപ്പ്‌ സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടു ചട്ടങ്ങളുണ്ടാക്കാനുള്ള അധികാരത്തെ പ്രത്യേകമായി എടുത്തുകളയുന്നില്ല.

80-ാം വകുപ്പില്‍ സംഘങ്ങളുടെ ക്ലാസിഫിക്കേഷനുള്ള ചട്ടങ്ങളും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗ്യതകള്‍ നിശ്ചയിക്കുന്നതും സേവനവ്യവസ്ഥകള്‍ നിശ്ചയിക്കുന്നതും സംബന്ധിച്ചു വ്യക്തമാക്കുന്നുണ്ട്‌. 109-ാംവകുപ്പില്‍ പറയുന്ന കാര്യങ്ങളില്‍നിന്നു സ്വതന്ത്രമായി എല്ലാ സഹകരണസംഘങ്ങളിലെയും ജീവനക്കാര്‍ക്കായോ ഏതെങ്കിലും സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കായോ ഏകീകൃത സര്‍വീസ്‌ ചട്ടങ്ങളോ പെരുമാറ്റച്ചട്ടങ്ങളോ സര്‍ക്കാരിനു രൂപവല്‍കരിക്കാമെന്ന്‌ 80-ാംവകുപ്പിന്റെ എട്ടാംഉപവകുപ്പു വ്യക്തമാക്കുന്നുണ്ട്‌. `ഉത്തരവു മുഖേന’ഇതു ചെയ്യാം എന്നാണുള്ളത്‌. സര്‍ക്കാര്‍ ഉത്തരവുമുഖേന രൂപവല്‍കരിക്കുന്ന അത്തരം ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നു 80-ാംവകുപ്പു നിഷ്‌കര്‍ഷിക്കുന്നില്ല. ഈ വകുപ്പുപ്രകാരം ക്ഷീരോല്‍പാദകയൂണിയനുകള്‍ക്കായുള്ള നിയമനസമിതികള്‍ക്കു വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുമുണ്ട്‌. ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നു വകുപ്പില്‍ വ്യവസ്ഥയില്ലാത്ത സ്ഥിതിക്ക്‌ , ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട്‌ ഈ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നു പറയാന്‍ കഴിയില്ല. ബന്ധപ്പെട്ട സംഘം അനുബന്ധം IIIയിലാണു ക്ലാസിഫിക്കേഷന്‍പ്രകാരം വരേണ്ടതെന്നും അത്തരം സംഘങ്ങളിലേക്കു പി.എസ്‌.സി.ലിസ്റ്റില്‍നിന്നാണു നിയമനം നടത്തേണ്ടതെന്നുമുള്ള വാദവും തള്ളി. അനുബന്ധം IIIല്‍ ഉള്‍പ്പെടുത്തിയാല്‍ പിഎസ്‌ സിവഴിയേ നിയമനം നടത്താവൂ എങ്കിലും ഉള്‍പ്പെടുത്താത്തിടത്തോളം അവയെ വ്യത്യസ്‌തമായി പരിഗണിക്കാനാവില്ല. അതിനാല്‍ നിയമനസമിതി രൂപവല്‍കരിച്ചതു നിയമവിരുദ്ധമല്ല.

80-ാം വകുപ്പു പ്രകാരമുള്ള ക്ലാസിഫിക്കേഷന്‍ തരവും സാമ്പത്തികനിലയും അനുസരിച്ചാകണം. വിവിധവിഭാഗം സംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എണ്ണവും സ്ഥാനപ്പേരും നിശ്ചയിക്കാനും മാറ്റം വരുത്താനുമാണ്‌ അടിസ്ഥാനപരമായി ക്ലാസിഫിക്കേഷന്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ മേഖലാക്ഷീരോല്‍പാദകയൂണിയനുകളുടെ ജീവനക്കാരുടെ എണ്ണവും സ്ഥാനപ്പേരും നിശ്ചയിക്കലോ മാറ്റംവരുത്തലോ അല്ല നിയമനം നടത്താനുള്ള നിയമനസമിതി രൂപവല്‍കരണംകൊണ്ടു പ്രധാനമായി ഉദ്ദേശിക്കുന്നത്‌. തരവും സാമ്പത്തികനിലയും അനുസരിച്ചുള്ള ക്ലാസിഫിക്കേഷനല്ല നിയമനസമിതി. അതുകൊണ്ടു ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ല.

നിയമനസമിതി രൂപവല്‍കരണം അടക്കം വിഭാവന ചെയ്യുന്ന നിയമന-സ്ഥാനക്കയറ്റച്ചട്ടങ്ങളുടെ കരട്‌ വന്നത്‌ അപ്പെക്‌സ്‌ സംഘത്തില്‍നിന്നാണ്‌. ഭേദഗതികളിലൂടെ നിര്‍ദേശിക്കപ്പെട്ട നിയമനസമിതി രൂപവല്‍ക്കരിക്കുന്നതിനായി മേഖലായൂണിയനുകള്‍ തങ്ങളുടെ നിയമാവലി ഭേദഗതി ചെയ്‌തു. അതുകൊണ്ടു മേഖലായൂണിയനുകളുടെ നിയമനാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നവെന്ന വാദത്തിലും കഴമ്പില്ല. മേഖലായൂണിയനുകളുടെയും ഫെഡറേഷന്റെയും പൂര്‍ണപിന്തുണയോടെയാണു മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

 

Moonamvazhi

Authorize Writer

Moonamvazhi has 935 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!