സഹകരണസംഘങ്ങൾക്ക് പോൾട്രി, ഹാച്ചറി യൂണിറ്റുകൾ തുടങ്ങി ആവശ്യകതയും, ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സാധിക്കും.

adminmoonam

സഹകരണസംഘങ്ങൾക്ക് പോൾട്രി, ഹാച്ചറി യൂണിറ്റുകൾ തുടങ്ങി ആവശ്യകതയും, ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സാധിക്കും. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-12.

മലയാളികളായ നമ്മുടെ ഏറ്റവും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചിക്കൻ കറി. ചിക്കൻ ഉപയോഗിച്ചുകൊണ്ടുള്ള ഒട്ടനവധി വിഭവങ്ങളും നാം ഏറെ സന്തോഷത്തോടെ കഴിക്കാറുണ്ട് . എന്നാൽ സമീപകാലത്തായി കോഴി വളർത്തുന്ന സ്ഥലങ്ങളിൽ, അവ ലാഭകരമായി നടത്തുന്നതിൻറെ ഭാഗമായി എളുപ്പത്തിൽ വലിപ്പം വെക്കുന്നതിനും, തൂക്കം വയ്ക്കുന്നതിനും വേണ്ടി ഹോർമോണുകൾ അടക്കമുള്ള ഉള്ള രാസവസ്തുക്കൾ നൽകുന്നുവെന്നും , ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട് .ഇത് ഒരു പരിധി വരെ സത്യവുമാണ്. ഇതുകൂടാതെ രോഗം ബാധിച്ച കോഴികളെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രീതിയും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യകതയും, ലഭ്യതയും തമ്മിലുള്ള ഈ അന്തരം പരിഹരിക്കാൻ ഉള്ള മാർഗം എന്തുകൊണ്ട് അവലംബിച്ചു കൂടാ….

മുൻകാലത്തെ പോലെ നമുക്ക് ഗ്രാമ പ്രദേശങ്ങളിലെങ്കിലും വീട്ടിൽ തുറന്നു വിട്ടു വളർത്തുന്ന കോഴികളെ കുറിച്ച് ആലോചിച്ചു കൂടാ….. നമ്മുടെ ഗ്രാമപ്രദേശത്ത് ഇത്തരത്തിൽ വീടുകളിൽ കോഴികളെ വളർത്താൻ കഴിഞ്ഞാൽ ഇറച്ചിയുടെയും മുട്ടയുടെയും ആവശ്യം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. വളർത്താൻ ആവശ്യമായ കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയാണ് അടുത്ത പ്രശ്നം. ഒരു ദിവസം മാത്രം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽനിന്നും കൊണ്ടുവരുന്നത് നാം കാണാറുണ്ട്. ഇത്തരം യാത്രകളിൽ ഇതിൽ 50% എങ്കിലും മരണപ്പെട്ടു പോകാറുണ്ട് . എന്തുകൊണ്ട് വിഎച്ച്എസ്ഇ പഠിച്ചിട്ടുള്ള കുട്ടികളെ ഉപയോഗിച്ച് ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് നാലോ അഞ്ചോ ഹാച്ചറി ആരംഭിച്ചു അവർക്ക് ആവശ്യമായ പരിശീലനം കാർഷിക സർവ്വകലാശാല വഴി ലഭ്യമാക്കാവുന്നതാണ്. ഇവിടെ മുട്ട വിരിയിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾ ആവശ്യമായി വരും. തന്നെയുമല്ല മുട്ട വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും അനിവാര്യമാണ് . ഇതിന് ആവശ്യമായ പണം സഹകരണ ബാങ്കുകൾക്ക് കാർഷികവായ്പ എന്ന നിലയിൽ അനുവദിക്കാവുന്നതാണ് .ഒരു പ്രദേശത്ത് അത്തരമൊരു സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവരെ ഒന്നിച്ച് ഒരു ക്ലസ്റ്റർ ആയി ക്രമീകരിക്കാവുന്നതാണ്.

മുട്ടയിൽ നിന്നും വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ ഒന്നോ രണ്ടോ ദിവസം ഹാച്ചറിയിൽ തന്നെ വളർത്താവുന്നതാണ്. അതിനുശേഷം ഇവയെ മറ്റൊരു കൂട്ടം വീടുകളിലേക്ക് മാറ്റാവുന്നതാണ്. വളർച്ചയുടെ അടുത്ത ഘട്ടം അവിടെയാണ് ആണ് നടക്കുന്നത് . ഇത്തരത്തിൽ വളർച്ചയെത്തുമ്പോൾ ഇവയെ കോഴി വളർത്തുന്നതിന് സന്നദ്ധതയുള്ള കർഷകർക്കായി നൽകാവുന്നതാണ്. ഓരോ വീട്ടിലും പത്തുമുതൽ മുതൽ 25 വരെ കോഴികൾ മാത്രം ആണ് എങ്കിൽ ആവശ്യമായ തീറ്റ അവരുടെ അടുത്തുള്ള വീടുകളിലെ പറമ്പിൽ നിന്നും, അടുക്കളയിൽ നിന്നും ലഭ്യമാകുന്നതാണ്. ആവശ്യമുള്ള പക്ഷം മാത്രം കോഴിത്തീറ്റ വാങ്ങി നൽകാവുന്നതാണ്. ഇതിന് ആവശ്യമായ ഇനങ്ങൾ തെരഞ്ഞെടുത്ത് പരിശീലിക്കാവുന്നതാണ് .

പഞ്ചായത്തിലെ ഒരു വാർഡിൽ 50 വീടുകളിൽ വളർത്താൻ തയ്യാറായാൽ ഏകദേശം 12,500 കോഴികൾ മാത്രം ഉണ്ടാകും. ഇത്തരത്തിൽ 20 വാർഡുകൾ ഉണ്ടെങ്കിൽ നമുക്ക് രണ്ടു ലക്ഷത്തി അൻപതിനായിരം കോഴികളെ ഒരു പഞ്ചായത്തിൽ മാത്രം വളർത്താൻ ആകും. ഇതുവഴി ഓരോ പ്രദേശത്തെയും കുടുംബശ്രീ അയൽക്കൂട്ടത്തിൽ സ്ത്രീകൾക്ക് ഉറപ്പായ വരുമാനം ലഭ്യമാകും. മുട്ട വിൽപ്പനയിലൂടെയും ഇറച്ചി വില്പന യിലൂടെയും പണം കണ്ടെത്താൻ കഴിയും. ഇതോടൊപ്പം തന്നെ കോഴിമുട്ട വിരിയിക്കുന്ന ഓരോ കേന്ദ്രങ്ങൾ ഓരോ വാർഡിലും ആരംഭിച്ചാൽ 20 സംരംഭങ്ങൾക്ക് അവസരമൊരുങ്ങുന്നു. ഇത് ആരംഭിക്കുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ആയതിനാൽ അവരുടെ തൊഴിലും ഉറപ്പാക്കാൻ കഴിയും. ഇതോടൊപ്പം ഹാച്ചറിയിൽ നിന്നും വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്ന ക്ലസ്റ്റർ അംഗങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു. ഓരോ ഘട്ടത്തിലും ഇവയെ ഇൻഷുർ ചെയ്യാൻ സാധിക്കുന്നതാണ്. തന്നെയുമല്ല നമ്മുടെ കൺമുമ്പിൽ തന്നെ വളർന്നുവരുന്ന കോഴികൾ ആയതിനാൽ അത് ഉപയോഗിക്കുന്ന വേളയിൽ യാതൊരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല.

ഇത്തരത്തിൽ കൃത്യമായി ആസൂത്രണത്തോടെ ഈ രംഗത്ത് ഇടപെട്ടാൽ കോഴിമുട്ട, കോഴി ഇറച്ചി എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും, തൊഴിലവസരം വർധിപ്പിക്കാനും, കാർഷിക വായ്പ വിതരണം ചെയ്യുന്നതിനും കഴിയുന്നു. നമ്മുടെ സംസ്ഥാനത്ത് പൗൾട്ടറി ഡെവലപ്മെൻറ് കോർപ്പറേഷൻ ഇതിന് ആവശ്യമായ പരിശീലനവും ,വിപണിയും ഉറപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!