സഞ്ചരിക്കുന്ന കറവയന്ത്രങ്ങളുമായി മില്‍മയുടെ എറണാകുളം യൂണിയന്‍

Deepthi Vipin lal

സഞ്ചരിക്കുന്ന കറവയന്ത്രങ്ങളുമായി മില്‍മയുടെ എറണാകുളം മേഖല. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ ബൈക്കില്‍ ഘടിപ്പിച്ച, വൈദ്യുതിയിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന കറവയന്ത്രങ്ങള്‍ സജ്ജമാക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം മില്‍മ എറണാകുളം മേഖലാ ഓഫീസ് പരിസരത്ത് വെച്ച് ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ഫ്ളാഗ്ഓഫ് ചെയ്തു നിര്‍വഹിച്ചു.

എട്ടു മിനിറ്റിനുള്ളില്‍ രണ്ടു പശുക്കളെ ഒരേസമയം കറവ നടത്താന്‍ കഴിയുന്ന ഈ സംവിധാനം, പ്രത്യേക പരിശീലനം ലഭിച്ചയാളുകളെ ഉപയോഗിച്ച് മറ്റു സ്ഥലങ്ങളില്‍കൂടി വ്യാപിപ്പിക്കുന്നതോടെ ക്ഷീര കര്‍ഷകര്‍ക്ക് കറവ നടത്തുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടും അമിത ചിലവും വലിയൊരളവുവരെ ലഘൂകരിക്കുവാന്‍ കഴിയും. മില്‍മ എറണാകുളം മേഖലയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് ഈ പദ്ധതിയുടെ നടത്തിപ്പിനായി എറണാകുളം മേഖലയെ തെരെഞ്ഞെടുത്തത്.

കറവക്കാരുടെ ലഭ്യതക്കുറവും, അമിത കൂലിയും, കറവയന്ത്രങ്ങളുടെ ഉയര്‍ന്നവിലയും, പ്രവത്തനച്ചിലവും കര്‍ഷര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് തങ്ങളുടെ ഉപസ്ഥാപനമായ ഐ.ഡി.എം.സി യുടെ സഹായത്തോടെ നാലു വര്‍ഷം മുന്‍പ് സഞ്ചരിക്കുന്ന കറവയന്ത്രം വികസിപ്പിച്ചെടുത്ത് കേരളത്തിലെ വിവിധയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു വന്നിരുന്നത്.

ഭരണസമിതി അംഗങ്ങളായ സോണി ഈറ്റക്കന്‍, അഡ്വ. ജോണി ജോസഫ്, ഭാസ്‌കരന്‍ ആദംകാവില്‍, ജോമോന്‍ ജോസഫ്, ടി.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, എ.വി. ജോയ്, ലിസ്സി സേവ്യര്‍, താര ഉണ്ണികൃഷ്ണന്‍, ലൈസാമ്മ ജോര്‍ജ്ജ്, ദേശീയ ക്ഷീര വികസന ബോര്‍ഡ് കേരളാ പ്രതിനിധി റോമി ജേക്കബ്, മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട്, ഐ.ഡി.എം.സി യുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!