500 കോടി രൂപ ഇതുവരെ തിരിച്ചുനല്‍കി

moonamvazhi
  • പത്തു ദിവസത്തിനകം 500 കോടി കൂടി നല്‍കും
  • നിക്ഷേപകനുള്ള പരമാവധിതുക പതിനായിരത്തില്‍നിന്നു
  • അമ്പതിനായിരമാക്കിസെബിസഹാറ റീഫണ്ട് അക്കൗണ്ടിലുള്ളത്  25,000 കോടി രൂപ

സഹാറസഹകരണസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു വഞ്ചിതരായവര്‍ക്കു പണം തിരിച്ചുനല്‍കുന്നതു വേഗത്തിലായി. മൂന്നര ലക്ഷംപേര്‍ക്ക് 500 കോടി രൂപ ഇതിനകം നല്‍കി. 10 ദിവസത്തിനകം 500 കോടി കൂടി നല്‍കും. കഴിഞ്ഞാഴ്ച ഓരോ നിക്ഷേപകനും നല്‍കാവുന്ന പരമാവധി തുക 50,000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. നേരത്തെ ഇതു 10,000 രൂപയായിരുന്നു.

തട്ടിപ്പിലുള്‍പ്പെട്ട നാലു സ്ഥാപനവും ഒരേവളപ്പിലാണ്. ഒരു സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റില്‍ അതേവളപ്പിലെ മറ്റൊരു സ്ഥാപനത്തിന്റെ സീലും തിരിച്ചും ഒക്കെയുണ്ട്. ഇതു രേഖാപരിശോധന ബുദ്ധിമുട്ടാക്കുന്നു. യഥാര്‍ഥനിക്ഷേപകര്‍ക്കാണു പണം കിട്ടുന്നതെന്നുറപ്പാക്കാന്‍ സുപ്രീംകോടതി കര്‍ശനവ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.

സെബി-സഹാറ റീഫണ്ട് അക്കൗണ്ടില്‍ 24,979.67 കോടി രൂപയുണ്ട്. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ അപേക്ഷയില്‍ ഇതില്‍നിന്ന് 5000 കോടി കേന്ദ്രസഹകരണരജിസ്ട്രാര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ വിതരണം കഴിഞ്ഞാല്‍ കൂടുതല്‍ തുക വിട്ടുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയുത്തരവു പ്രകാരം സഹാറ-സി.ആര്‍.സി.എസ്. റീഫണ്ട് പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ഇതിലാണു ക്ലെയിം സമര്‍പ്പിക്കേണ്ടത്. സഹായഫോണ്‍നമ്പരും ഉപയോഗരീതിയും പതിവുസംശയങ്ങള്‍ക്കുള്ള മറുപടികളും ഇതിലുണ്ട്. പോര്‍ട്ടലില്‍ തുടക്കത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വീണ്ടും അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി. ഇപ്പോഴും നടപടികള്‍ സാവധാനത്തിലാണെന്നു പരാതിയുണ്ട്. അഞ്ചര ലക്ഷം പൊതുസേവനകേന്ദ്രങ്ങള്‍വഴിയും ക്ലെയിം സമര്‍പ്പിക്കാം.

അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിന്റെ സഹായത്തോടെ ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയാണു പണം തിരിച്ചുകൊടുക്കല്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. സഹാറ വായ്പാസഹകരണസംഘം, സഹാറായന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപര്‍പ്പസ് സംഘം, ഹമാരാ ഇന്ത്യ വായ്പാസഹകരണസംഘം, സ്റ്റാര്‍സ് മള്‍ട്ടിപര്‍പ്പസ് സഹകരണസംഘം എന്നിവയാണു സഹാറ ഗ്രൂപ്പിലുള്ളത്.