ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയാന്‍ ആര്‍.ബി.ഐ. നിര്‍ദ്ദേശം; സഹകരണ ബാങ്കുകള്‍ക്കും ബാധകം

moonamvazhi

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുതുക്കി റിസര്‍വ് ബാങ്ക്. ഏതൊക്കെ രീതിയിലാണ് തട്ടിപ്പ് നടക്കുന്നതെന്നും ആര്‍.ബി.ഐ. വിശദീകരിക്കുന്നുണ്ട്. വാണിജ്യബാങ്കുകള്‍ക്ക് മാത്രമല്ല, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പുതിയ നിര്‍ദ്ദേശം ബാധകമായിരിക്കും. നേരത്തെ പല അവസരങ്ങളിലായി ബാങ്കുകള്‍ക്ക് അയച്ച് 36 സര്‍ക്കുലറുകള്‍ പരിഷ്‌കരിച്ചാണ് പുതിയ നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുള്ളത്.

ഒമ്പത് രീതിയിലുള്ള തട്ടിപ്പുകളാണ് പ്രധാനമായും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകളും ഇതില്‍ ഉള്‍പ്പെടും. റിസര്‍വ് ബാങ്ക് വിശദീകരിക്കുന്ന തട്ടിപ്പുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

  • ഫണ്ടുകളുടെ ദുരുപയോഗവും ക്രിമനല്‍ വിശ്വാസ ലംഘനവും
  • വ്യാജ സ്വര്‍ണം പോലുള്ളവയിലൂടെയുള്ള പണം തട്ടല്‍
  •  അക്കൗണ്ടുകളിലെ തിരിമറി, വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാട്
  • ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്തുതകള്‍ മറച്ചുവെച്ച് ആള്‍മാറാട്ടം നടത്തിയുള്ള വഞ്ചന.
  • ഏതെങ്കിലും തെറ്റായ രേഖകള്‍, ഇലക്ട്രോണിക് രേഖകള്‍ ഉണ്ടാക്കി വഞ്ചന നടത്തുക.
  •  തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ ഇലക്ട്രോണിക് റെക്കോര്‍ഡ് മറ്റ് രേഖകള്‍ എന്നിവയില്‍ മനപ്പൂര്‍വം കൃത്രിമം നടത്തല്‍, നശിപ്പിക്കല്‍, മാറ്റം വരുത്തല്‍, വികലമാക്കല്‍ എന്നിവ
  •  തട്ടിപ്പിന് വേണ്ടിയുള്ള വായ്പാസൗകര്യങ്ങള്‍
  • വിദേശ നാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകള്‍.
  •  തട്ടിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് ബാങ്കിങ്, ഡിജിറ്റല്‍ പെയ്മെന്റ് സംബന്ധമായി ഇടപാടുകള്‍.