വായ്പാ-നിക്ഷേപ അനുപാതത്തിലെ അന്തരം കൂടുന്നതും ചര്‍ച്ചയില്‍ ഉന്നയിച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍

moonamvazhi

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത്ദാസ് പൊതുമേഖലാ ബാങ്കുകളുടെയും ഏതാനും സ്വകാര്യബാങ്കുകളുടെയും ചീഫ് എക്‌സിക്യൂട്ടീവുമാരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നിട്ടുനിന്നത് വായ്പാനിക്ഷേപവിടവും സുരക്ഷിതമല്ലാത്ത വായ്പകളും വര്‍ധിക്കുന്ന പ്രശ്‌നം. പണക്ഷമതാ റിസ്‌കുകള്‍, ആസ്തിബാധ്യതകള്‍ എന്നിവയുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

ബാങ്കുകളുടെ ഭരണനിലവാരം, റിസ്‌ക്പരിഹാരനടപടികള്‍, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന സംസ്‌കാരം എന്നിവ മെച്ചപ്പെടുത്തണമെന്നു ദാസ് പറഞ്ഞു. സൈബര്‍ സുരക്ഷ ശക്തമാക്കണം. മൂന്നാംകക്ഷികള്‍ മൂലമുള്ള റിസ്‌കുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. തട്ടിപ്പ്അക്കൗണ്ടുകള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കണം. ഉപഭോക്തൃബോധവത്കരണവിദ്യാഭ്യാസപരിപാടികളും കൂടുതല്‍ വേണം. ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയണമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ്‌മേഖല സുശക്തമാണെന്നും നല്ല പ്രതിരോധശേഷിയുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിലയിരുത്തി. വായ്പാനിക്ഷേപ വിടവുവര്‍ധനയുടെ പ്രശ്‌നം പരിഹരിക്കുംവിധം ബിസിനസ് പ്ലാനുകള്‍ പുന:ക്രമീകരിക്കണം. വായ്പാവളര്‍ച്ച 19.2 ശതമാനമാണ്. നിക്ഷേപവളര്‍ച്ച 12.6 ശതമാനവും. 660 അടിസ്ഥാനപോയിന്റിന്റെ വിടവുണ്ട്. എച്ച്.ഡി.എഫ്.സി.യും എച്ച്.ഡി.എഫ്.സി.ബാങ്കും ലയിച്ചതിന്റെ സ്വാധീനവും ഇതില്‍ പ്രകടമാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ ആര്‍.ബി.ഐ. സുരക്ഷിതമല്ലാത്തവായ്പയുടെ റിസ്‌ക്‌സൂചനാനിരക്ക് കൂട്ടിയിരുന്നു വായ്പാവര്‍ധന മിതമാക്കാനായിരുന്നു ഇത്. വായ്പാവ്യവസ്ഥകള്‍ മയപ്പെടുത്തിയതും സുരക്ഷിതമല്ലാത്ത വായ്പകളില്‍ മതിയായ പരിശോധനകളില്ലാത്തതുമാണു റിസര്‍വ് ബാങ്കിനെ ഇതിനു പ്രേരിപ്പിച്ചത്. തുടര്‍ന്നു വായ്പാവളര്‍ച്ച ഒരുപരിധിവരെ കുറഞ്ഞു.

രാജ്യാന്തരഇടപാടുകളില്‍ രൂപയുടെ ഉപയോഗം കൂടുന്നതും ചര്‍ച്ചയായി. സൂക്ഷ്മചെറുകിടഇടത്തരംസംരംഭങ്ങളിലേക്കുള്ള വായ്പയൊഴുക്കും നൂതനകാര്യങ്ങള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്നതുമാണു ചര്‍ച്ച ചെയ്ത മറ്റു കാര്യങ്ങള്‍. സൈബര്‍ സുരക്ഷയും മൂന്നാംകക്ഷികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഡിജിറ്റല്‍ തട്ടിപ്പുകളും ചര്‍ച്ചയില്‍ വന്നു. ആസ്തിഗുണനിലവാരം, വായ്പാവകയിരുത്തല്‍, മൂലധനപര്യാപ്തത, ലാഭക്ഷമത എന്നിവ മെച്ചപ്പെട്ടതായി ദാസ് അറിയിച്ചു.