സഹകരണ വകുപ്പില്‍ അടിയന്തിരമായി ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കണം: രമേശ് ചെന്നിത്തല

moonamvazhi

സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കാത്തത് അഴിമതി വെളിച്ചത്താകുമെന്ന ഭയം മൂലമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ട്രെബ്യൂണല്‍ വിധി പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. അതിന് പിന്നില്‍ വലിയ തോതിലുള്ള അഴിമതിയും ഗൂഢാലോചനയുമുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും അഴിമതിക്കഥകള്‍ തുടര്‍ച്ചയായി പുറത്തുവരികയാണ്. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാത്തത് അഴിമതി മറച്ചുവെക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പിലും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കാമെന്ന് മുന്‍പ് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് വെറും വാഗ്ദാനമായി തന്നെ നില്‍ക്കുകയാണ്. ഗുരുതരമായ അഴിമതികള്‍ പുറത്തുവരുമ്പോള്‍ ഇതിന് കൂട്ടു നില്‍ക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സഹകരണ രജിസ്റ്റാര്‍ക്കും വകുപ്പ് മന്ത്രിക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, നേതാക്കളായ കെ വി ജയേഷ്, പ്രിയേഷ് സി പി, വി കെ അജിത് കുമാര്‍, എം രാജേഷ് കുമാര്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, സജി കുമാര്‍ പി എസ്, മനോജ് കുമാര്‍ ജി, നംഷീദ് എം, എസ് ഷാജി, കൃഷ്ണകുമാര്‍ കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!