ജീവനക്കാരെ വിശ്വാസത്തിലെടുത്താകും കേരളബാങ്ക് രൂപീകരണമെന്ന് മന്ത്രിയുടെ ഉറപ്പ്

[email protected]

കേരളബാങ്ക് രൂപവത്കരണത്തിന് മുന്നോടിയായി ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് കേരളബാങ്ക് രൂപികരണമെന്നതെന്ന് ആമുഖമായി മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇപ്പോഴാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. അതിനാല്‍, എല്ലാ ജീവനക്കാരുടെ അതിന് പൂര്‍ണ പിന്തുണ നല്‍കണമെന്നും മന്ത്രി അറിയിച്ചു. ഇതിന് ശേഷമാണ് സംഘടനാപ്രതിനിധികള്‍ സംസാരിച്ചത്.

കേരളബാങ്ക് രൂപീകരണമെന്ന അടിസ്ഥാന ലക്ഷ്യത്തെ സംഘടനകള്‍ തള്ളിയില്ല. ഇതിനോട് സഹകരിക്കാമെന്ന ഉറപ്പാണ് എല്ലാ സംഘടനാപ്രതിനിധികളും നല്‍കിയത്. പക്ഷേ, ജീവനക്കാരുടെയും സഹകാരികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം സംഘടനകള്‍ മുന്നോട്ടുവെച്ചു. സംസ്ഥാന-ജില്ലാ ബാങ്ക് ജീവനക്കാരെ ഒറ്റ കേഡറിലേക്ക് മാറ്റുമ്പോഴുള്ള പ്രശ്‌നമാണ് പ്രധാനമായും ഉന്നയിച്ചത്. ജില്ലാബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരണം കഴിഞ്ഞ ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ക്ലാസിഫിക്കേഷന്‍ സംബന്ധിച്ചും പരാതികള്‍ ഏറെയുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകണമെന്നായിരുന്നു സംഘടനാപ്രതിനിധികളുടെ ഒരാവശ്യം.

ജില്ലാബാങ്കുകളില്‍ നിയമനം കാത്തുകിടക്കുന്ന ഒരുപാട് ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ക്ലാസിഫിക്കേഷന്‍ കൃത്യമായി നടന്നാല്‍ 760 ഒഴിവുകളിലേക്കെങ്കിലും നിലവിലെ റാങ്ക് പട്ടികയില്‍നിന്ന് നിയമിക്കാനാകും. പുതിയ ശാഖകളിലും മറ്റും തസ്തിക നിര്‍ണയം നടന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചത്. ഇതിനൊപ്പം, നിലവിലെ ജീവനക്കാര്‍ക്ക് യഥാസമയം സ്ഥാനക്കയറ്റം ലഭിക്കാത്ത പ്രശ്‌നമുണ്ട്. ഇതും പരിഹരിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശ്രീറാം കമ്മിറ്റിയിലെ പല നിര്‍ദ്ദേശങ്ങളും അംഗീകരിക്കാനാവാത്തതാണെന്നും ഇവര്‍ അറിയിച്ചു.

ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കടകംപള്ളി വിശദീകരിച്ചു. നിയമനം പരമാവധി നടക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ജില്ലാബാങ്കുകളിലെ ജീവനക്കാര്‍ ഇപ്പോള്‍തന്നെ അധികമാണെന്നാണ് ടാസ്‌ക്‌ഫോഴ്‌സ് നല്‍കിയ റിപ്പോര്‍ട്ട്. ഇതുകൂടി പരിഗണിക്കേണ്ടതുണ്ട്. ശമ്പള പരിഷ്‌കരണം വാണിജ്യബാങ്കുകളില്‍ പോലും നടന്നിട്ടില്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തികാവസ്ഥയാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. എന്നാലും, ജീവനക്കാരുടെ ആശങ്കകളെല്ലാം സര്‍ക്കാര്‍ പരിഗണിക്കും. തുറന്ന സമീപനമാണ് ഇക്കാര്യത്തിലുള്ളത്. അതിനാല്‍, ജീവനക്കാരുടെ എല്ലാ സംഘടനകളും ഒന്നിച്ച് പത്തുദിവസത്തിനകം സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സംഘടനാപ്രതിനിധികളും അംഗീകരിച്ചു. ഈ മാസം 20ന് ജില്ലാബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനാനേതാക്കളുടെയും യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപമുണ്ടാക്കും.

Leave a Reply

Your email address will not be published.

Latest News