ശനിയാഴ്ചകളിലെ അവധി: ജീവനക്കാരുടെ സംഘടനകൾ വേണ്ടവിധം ഇടപെട്ടില്ലെന്ന് ആക്ഷേപം.

adminmoonam

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പ് ഓഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകൾ അവധി പ്രഖ്യാപിച്ചത് തുടരേണ്ട സാഹചര്യം ബോധ്യപ്പെടുത്തുന്നതിൽ ജീവനക്കാരുടെ സംഘടനകൾ പരാജയപ്പെട്ടുവെന്ന് പരക്കെ ആക്ഷേപം. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇതര ബാങ്കിംഗ് സ്ഥാപനങ്ങളെല്ലാം ശനിയാഴ്ചകൾ അവധിയാണ്. ഇതര ബാങ്കുകളിൽ ഇടപാടുകാരുടെ സന്ദർശനസമയം അക്കൗണ്ട് നമ്പറുകൾ അനുസരിച്ച് ക്രമീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മുൻ മാസങ്ങളിലെതിനേക്കാൾ കോവിഡ് സമ്പർക്ക ഉറവിടം അറിയാതെ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം വർദ്ധിക്കുമെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായി രണ്ടു ദിവസം അവധി ലഭിക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിന് ഒരു പരിധിവരെ സഹായകരമാകുമെന്ന് ജീവനക്കാർ പറയുന്നു. ഒപ്പം ജനങ്ങൾക്കും അത് സഹായകരമാകും.

സർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച ഓണ അവധിയിൽ പോലും കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് മുടക്കം വരാതെ തുറന്നു പ്രവർത്തിച്ച സഹകരണസംഘങ്ങൾ വരെയുണ്ട്. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ ഈ ആവശ്യം ഗൗരവപൂർവ്വം ഉന്നയിക്കാൻ പോലും ജീവനക്കാരുടെ പ്രമുഖ സംഘടനകൾ തയ്യാറാക്കാഞ്ഞത് ജീവനക്കാരോടുള്ള തികഞ്ഞ അനീതിയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. അപൂർവ്വം ചില സംഘടനകൾ മാത്രമാണ് വകുപ്പ്മന്ത്രിക്ക് ഈ വിഷയത്തിൽ നിവേദനം നൽകിയത്.പല സോഷ്യൽ മീഡിയകളിലും ഇത് സംബന്ധിച്ച ചർച്ചകളും ഉയരുന്നുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച സർക്കുലർ ഇറങ്ങും എന്ന പ്രതീക്ഷയിലായിരുന്നു സഹകരണ മേഖലയിലെ ജീവനക്കാർ. എന്നാൽ ജൂലൈ 22 ലെ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകളിൽ മാത്രമേ അവധി പ്രഖ്യാപിച്ചിട്ടുള്ള എന്നാണ് സഹകരണ വകുപ്പ് പറഞ്ഞത്. സഹകരണ വകുപ്പ് ജീവനക്കാർക് ഉൾപ്പെടെ സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ചകളിൽ അവധിയാണ്. സഹകരണ മേഖലയെയും ജീവനക്കാരെയും കറവപ്പശുആയി കാണുന്ന നിലപാട് ശരിയാണോ എന്നും ജീവനക്കാർ ചോദിക്കുന്നു. ശനിയാഴ്ച കളിലെ അവധി വിഷയം വീണ്ടും ഉന്നയിച്ച് ജീവനക്കാരുടെയും ജനങ്ങളുടെയും ആരോഗ്യകാര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാരുടെ പ്രമുഖ സംഘടനകൾ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ പക്ഷം.

ശനിയാഴ്ചകളിൽ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ വകുപ്പ് മന്ത്രിക്ക് 2ദിവസം മുൻപ് നിവേദനം നൽകിയിട്ടുണ്ടെന്നും സഹകരണ സംഘം രജിസ്ട്രാർ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി രമേശ് പറഞ്ഞു. ഷെഡ്യൂൾഡ് ദേശസാൽകൃത ബാങ്കുകളുടെതുപോലെ രണ്ടും നാലും ശനിയാഴ്ചകൾ അവധി അനുവദിക്കണമെന്നാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സഹകരണമന്ത്രിക്ക് നിവേദനം നൽകുമെന്ന് പ്രസിഡണ്ട് ജോഷ്വാ മാത്യു പറഞ്ഞു. മുഴുവൻ ബാങ്കുകളും അവധി ആകുന്ന അവസരത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പാക്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി.ദാമോദരൻ പറഞ്ഞു. മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് പകുതി ജീവനക്കാരുമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!