രണ്ടാം സഹകരണ എക്‌സ്‌പോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

moonamvazhi

കേരള സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഒമ്പതു ദിവസത്തെ സഹകരണ എക്‌സ്‌പോ – 2023 ഏപ്രില്‍ 22 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായമന്ത്രി പി. രാജീവ് എക്‌സ്‌പോ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും. ജലസേചനമന്ത്രി റോഷി അഗസ്റ്റില്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

എറണാകുളം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.പി.മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. മാക്‌സി, കെ. ബാബു, പി.വി. ശ്രീനിജന്‍, ഉമ തോമസ്, അനൂപ് ജേക്കബ്, ഡോ. മാത്യു കുഴല്‍നാടന്‍, വി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, മുന്‍ സഹകരണമന്ത്രി എസ്. ശര്‍മ, സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ ഷെറിന്‍ എം.എസ്, കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ ആശംസ നേരും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് നന്ദിയും പറയും.

ഇതു രണ്ടാം തവണയാണു സഹകരണ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. സഹകരണമേഖലയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദനരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകളും പൊതുസമൂഹത്തിനു മുന്നില്‍കൊണ്ടുവരിക എന്നതാണു ഏപ്രില്‍ 22 മുതല്‍ 30 വരെ നടക്കുന്ന എക്‌സ്‌പോയുടെ ലക്ഷ്യം. എല്ലാ സഹകരണസംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും മേളയില്‍ അവസരമുണ്ടാകും. കൂടാതെ, സഹകരണപ്രസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നടപ്പാക്കിവരുന്ന ജനപ്രിയപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനും മേള അവസരമൊരുക്കും. സഹകരണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും ബിസിനസ് മീറ്റും സാംസ്‌കാരിക സായാഹ്നങ്ങളും കലാ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി നടക്കും.

70,000 ചതുരശ്ര അടിയിലാണു എക്‌സ്‌പോയിലെ ശീതീകരിച്ച പവലിയനുകള്‍ ഒരുക്കുന്നത്. 300 സ്റ്റാളുകളുണ്ടാവും. 400 സഹകരണഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്ന ചടങ്ങും പുസ്തകപ്രകാശനവും എക്‌സ്‌പോയിലുണ്ടാവും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!